'അമ്മാ.... എന്നെക്കൊണ്ട് പറ്റൂല്ലാമ്മാ... ഇട്ടേച്ച് പോകല്ലാമ്മാ...'ഹൃദയംപൊട്ടുന്ന വേദനയില്‍ മകന്‍ നവനീത്; ബിന്ദുവിന് നാടിന്റെ യാത്രാമൊഴി

'അമ്മാ.... എന്നെക്കൊണ്ട് പറ്റൂല്ലാമ്മാ... ഇട്ടേച്ച് പോകല്ലാമ്മാ...'ഹൃദയംപൊട്ടുന്ന വേദനയില്‍ മകന്‍ നവനീത്; ബിന്ദുവിന് നാടിന്റെ യാത്രാമൊഴി

കോട്ടയം: മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്റെ മൃതദേഹം തലയോലപ്പറമ്പിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ബിന്ദുവിന്റെ മൃതദേഹം എത്തിച്ചപ്പോള്‍ അതിവൈകാരിക നിമിഷങ്ങള്‍ക്കായിരുന്നു നാടും വിടും സാക്ഷ്യം വഹിച്ചത്. ബിന്ദുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചതിന് പിന്നാലെ മകന്‍ നവനീതും മകള്‍ നവമിയും നെഞ്ചുപൊട്ടി അമ്മയുടെ ശരീരത്തോട് ചേര്‍ന്നുകിടന്നാണ് കണ്ണീര്‍ വാര്‍ത്തത്.

'അമ്മാ.... എന്നെക്കൊണ്ട് പറ്റൂല്ലാമ്മാ... ഇട്ടേച്ച് പോകല്ലാമ്മാ...' എന്ന് അലമുറയിട്ട് കരഞ്ഞ നവനീതിനെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും വിഷമിച്ചു. മക്കളെ ഇനി എന്തുപറഞ്ഞ് സമാധാനിപ്പിക്കുമെന്നറിയാതെ മൃതദേഹത്തിന് മുമ്പില്‍ നെഞ്ചുപൊട്ടി നിസഹായതയോടെ ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതനും നിന്നു. രണ്ടാഴ്ച കഴിഞ്ഞ് നവമിക്ക് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. ഇതിനുവേണ്ടിയുള്ള ചികിത്സയ്ക്കായിരുന്നു ബിന്ദു കോട്ടയം മെഡിക്കല്‍ കോളജിലെത്തിയത്.

സിവില്‍ എഞ്ചിനീയറിങ് കഴിഞ്ഞ മകന്‍ നവനീത് എറണാകുളത്ത് ഡെലിവറി ബോയ് ആയി ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ ദിവസമാണ് നവനീതിന് ശമ്പളം കിട്ടിയത്. ശമ്പളമായി കിട്ടിയ പതിനായിരം രൂപയുമായി അച്ഛന്റെ അടുത്തെത്തിച്ചപ്പോള്‍, പണം അമ്മയെ ഏല്‍പ്പിക്കാനാണ് വിശ്രുതന്‍ പറഞ്ഞത്. എന്നാല്‍ ആ പണം ഏറ്റുവാങ്ങാന്‍ നില്‍ക്കാതെ അമ്മ ബിന്ദു പോയി. അമ്മ ഇനി തങ്ങള്‍ക്കൊപ്പമില്ലെന്ന തിരിച്ചറിവില്‍ നവനീത് അലമുറയിട്ടു കരഞ്ഞപ്പോള്‍ കണ്ടുനിന്നവര്‍ക്കും കണ്ണീരടക്കാനായില്ല.

രാവിലെ ബിന്ദുവിന്റെ മൃതദേഹം വീട്ടിലേക്ക് എത്തിച്ചപ്പോള്‍ മുതല്‍, അന്തിമോപചാരം അര്‍പ്പിക്കാനായി നാട് ഒന്നാകെ ആ വീട്ടിലേക്ക് ഒഴുകിയെത്തിയിരുന്നു. മന്ത്രിമാരോ, സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളോ ബിന്ദുവിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനായി എത്തിയിരുന്നില്ല. മന്ത്രിമാര്‍ വിളിക്കുക പോലും ചെയ്തില്ലെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍ പറഞ്ഞിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ബിന്ദുവിന്റെ വീട്ടിലെത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.