കോട്ടയം: കോട്ടയം ജില്ലയിലെ ആറ് മുനിസിപ്പാലിറ്റികളില്‍ പാലാ ഒഴികെ അഞ്ചും സ്വന്തമാക്കി യുഡിഎഫ്. ചങ്ങനാശേരി, ഏറ്റുമാനൂര്‍, വൈക്കം, ഈരാറ്റുപേട്ട, കോട്ടയം നഗരസഭകളാണ് യുഡിഎഫ് സ്വന്തമാക്കിയത്.
കോട്ടയത്ത് നറുക്കെടുപ്പിലൂടെയാണ് യുഡിഎഫ് ഭരണത്തിലെത്തിയത്. കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫ് 22, യുഡിഎഫ് 21, എന്‍ഡിഎ എട്ട് എന്നിങ്ങനെയാണ് കക്ഷി നില. ഇവിടെ സ്വതന്ത്രയായ ബിന്‍സി സെബാസ്റ്റ്യന്‍ യുഡിഎഫിനെ പിന്തുണച്ചതോടെ നറുക്കെടുപ്പിലേക്ക് നീങ്ങുകയായിരുന്നു.
ഏറ്റുമാനൂര്‍ നഗരസഭയില്‍ കോണ്‍ഗ്രസിന്റെ ലൗലി ജോര്‍ജ് നഗരസഭ ചെയര്‍പേഴ്സണായി. മൂന്ന് സ്വതന്ത്രരും യുഡിഎഫിനെ പിന്തുണച്ചതോടെയാണ് ഭരണം ലഭിച്ചത്. 35 അംഗ കൗണ്‍സിലില്‍ യുഡിഎഫ് 13, എല്‍ഡിഎഫ് 12, ബിജെപി ഏഴ്, സ്വതന്ത്രര്‍ മൂന്ന് എന്നതാണ് കക്ഷി നില. രണ്ട് സ്വതന്ത്രര്‍ പിന്തുണച്ചാല്‍ യുഡിഎഫിന് ഭരണം ലഭിക്കും, മൂന്ന് സ്വതന്ത്രര്‍ പിന്തുണച്ചാല്‍ എല്‍ഡിഎഫിന് ഭരണം എന്ന സാധ്യതയാണുണ്ടായിരുന്നത്. കഴിഞ്ഞ തവണയും നാല് സ്വതന്ത്രരെ കൂടെ കൂട്ടിയാണ് യുഡിഎഫ് ഭരണം നേടിയത്. കഴിഞ്ഞ തവണ അഞ്ച് സീറ്റ് നേടിയ ബിജെപി ഇത്തവണ ഏഴ് സീറ്റുകള്‍ സ്വന്തമാക്കി.
വൈക്കം നഗരസഭയില്‍ കോണ്‍ഗ്രസിലെ രേണുക രതീഷ് ചെയര്‍പേഴ്സണായി. രണ്ട് സ്വതന്ത്രര്‍ ആരെയും പിന്തുണച്ചില്ല. സ്വതന്ത്രരായ അയ്യപ്പന്‍, എസി മണിയമ്മ എന്നിവരാണ് ഒരു മുന്നണിയെയും പിന്തുണക്കാതെ ഒറ്റക്ക് നില്‍ക്കുമെന്ന് പ്രഖ്യാപിച്ചത്. 11 സീറ്റ് നേടിയ കോണ്‍ഗ്രസാണ് നഗരസഭയിലെ വലിയ ഒറ്റകക്ഷി. എല്‍ഡിഎഫിന് ഒമ്പത് സീറ്റുകളാണുള്ളത്. എന്‍ഡിഎക്ക് രണ്ട് സീറ്റുകളുമാണുള്ളത്. സ്വതന്ത്രര്‍ ആരെയും പിന്തുണക്കില്ലെന്ന് അറിയിച്ചതോടെ എല്‍ഡിഎഫ് പ്രതീക്ഷകള്‍ മങ്ങുകയായിരുന്നു. ഇതോടെ ഭരണം യുഡിഎഫിന് എന്ന നിലയിലേക്ക് മാറുകയായിരുന്നു.
ചങ്ങനാശേരിയില്‍ സ്വതന്ത്ര സന്ധ്യ മനോജിന് ചെയര്‍ പേഴ്സണ്‍ സ്ഥാനം നല്‍കിയാണ് യുഡിഎഫ് അധികാരം പിടിച്ചെടുത്തത്. ഈരാറ്റുപേട്ടയിലും യുഡിഎഫിന് പ്രശ്നങ്ങളുണ്ടായില്ല. മുസ്ലിം ലീഗിലെ സുഹ്റ അബ്ദുള്‍ ഖാദര്‍ ചെയര്‍പേഴ്സണായി.28 ല്‍ 14 അംഗങ്ങളുള്ള യുഡിഎഫ് ഭരിക്കും . മുസ്ലീം ലീഗിനു പത്ത് അംഗങ്ങളും കോണ്‍ഗ്രസിനു നാല് അംഗങ്ങളുമുണ്ട്. അതിനാല്‍ ആദ്യ ടേം മുസ്ലിം ലീഗിന് നല്‍കുന്നത് . ഒന്‍പത് അംഗങ്ങളാണ് എല്‍.ഡി.എഫിനുള്ളത്.എസ് ഡി പി ഐയിക്ക് അഞ്ച് അംഗങ്ങള്‍ ഉണ്ട്.
എല്‍ഡിഎഫിന് ലഭിച്ച പാലാ നഗരസഭയില്‍ കേരള കോണ്‍ഗ്രസ് (എം) പ്രതിനിധി ആന്റോ പടിഞ്ഞാറേക്കര ചെയര്‍മാനായി. 17 സീറ്റുള്ള എല്‍ഡിഎഫിനു വ്യക്തമായ ഭൂരിപക്ഷമുണ്ട്. യുഡിഎഫിനു എട്ടും ബിജെപിയ്ക്ക് ഒരു സീറ്റുമാണ് നഗരസഭയില്‍ ഉള്ളത്.പാലാ നഗര സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് എല്‍ഡിഎഫ് അധികാരത്തില്‍ എത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.