കര്‍ഷക ദിനത്തില്‍ കരിദിനം ആചരിച്ച് കര്‍ഷകര്‍; അന്നം വിളയിക്കുന്നവര്‍ ഇന്ന് തെരുവില്‍ പ്രതിഷേധിക്കും

കര്‍ഷക ദിനത്തില്‍ കരിദിനം ആചരിച്ച് കര്‍ഷകര്‍; അന്നം വിളയിക്കുന്നവര്‍ ഇന്ന് തെരുവില്‍ പ്രതിഷേധിക്കും

ആലപ്പുഴ: നെല്ലുവിലയില്‍ സര്‍ക്കാരിന്റെ ഒളിച്ചുകളിയില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ ഇന്ന് സമരത്തിനിറങ്ങും. നെല്ലുകൊടുത്തിട്ട് മാസങ്ങളായിട്ടും വില കിട്ടാത്തത്തില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കര്‍ഷകദിനാചരണം ബഹിഷ്‌കരിച്ചാണ് കര്‍ഷകരും വിവിധ സംഘടനകളും സമരത്തിനിറങ്ങുന്നത്.
ഉപവാസം, കരിദിനാചരണം, എ.സി റോഡ് ഉപരോധം തുടങ്ങി വ്യത്യസ്തങ്ങളായ സമരങ്ങളാണ് കര്‍ഷക സംഘടനകള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

നെല്‍ക്കര്‍ഷക സംരക്ഷണസമിതി, ചമ്പക്കുളം പാടശേഖര നെല്ലുത്പാദക സമിതി, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കര്‍ഷക സംഘടനകളും സമരത്തില്‍ പങ്കെടുക്കും.

നെല്‍ക്കര്‍ഷക സംരക്ഷണസമിതി ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ പഞ്ചായത്ത് തലത്തില്‍ സമിതികള്‍ രൂപവത്കരിച്ചിട്ടുണ്ട്. കൃഷിഭവനുകളും പ്രധാനപ്പെട്ട കവലകളും കേന്ദ്രീകരിച്ചാണ് സമരം നടത്തുന്നത്. സമരത്തിന് മുന്നോടിയായി പ്രചാരണ വാഹനജാഥയും നടത്തി. നെല്ലുവില മാത്രമല്ല കര്‍ഷകരെ ദുരിതത്തിലാക്കുന്ന 12 ഇനം കാര്യങ്ങളിലും തീര്‍പ്പുവേണമെന്നാണ് ഇവരുടെ നിലപാട്.

ഇന്ന് രാമങ്കരിയില്‍ എ.സി റോഡ് ഉപരോധം നടത്തുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ചമ്പക്കുളം കേന്ദ്രീകരിച്ചാണ് ഇവരുടെ കരിദിനാചരണം. നെല്ലുവില കിട്ടാത്തതില്‍ പ്രതിഷേധിച്ച് വെണ്മണി, പുലിയൂര്‍, പാണ്ടനാട് പഞ്ചായത്തുകളില്‍ കര്‍ഷകദിനം ബഹിഷ്‌കരിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചു. കര്‍ഷകദിനം കരിദിനമായി ആചരിക്കും. കൃഷിഭവനുകളിലേക്ക് സമാധാനപരമായി ജാഥ നടത്തും.

അതേസമയം സ്വതന്ത്ര കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ നേതൃത്വത്തില്‍ ചിങ്ങം ഒന്നിന് വ്യാഴാഴ്ച കരിദിനാചരണവും പട്ടിണിസമരവും നടക്കും. സര്‍ക്കാരിന്റെ കാര്‍ഷിക മേഖലയോടുള്ള അവഗണനയിലും കര്‍ഷകദ്രോഹ സമീപനത്തിലും പ്രതിഷേധിച്ചാണിത്. സംസ്ഥാനതല ഉദ്ഘാടനം കളക്ടറേറ്റ് പടിക്കല്‍ സൗത്ത് ഇന്ത്യന്‍ കണ്‍വീനര്‍ വി.സി സെബാസ്റ്റ്യന്‍ നിര്‍വഹിക്കും.

സമാപനസമ്മേളനം കേരള കര്‍ഷക അതിജീവന സംയുക്തസമിതി ചെയര്‍മാന്‍ ഫാ. സ്‌കോട്ട് സ്ലീബാ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ ചെയര്‍മാന്‍ എന്‍. ഉണ്ണിക്കൃഷ്ണന്‍, ചാക്കപ്പന്‍ ആന്റണി, ആയാപറമ്പ് രാമചന്ദ്രന്‍, സി.വി വിദ്യാധരന്‍ എന്നിവര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.