റഷ്യയുടെ ലൂണ-25ന് സാങ്കേതിക തകരാര്‍; പേടകത്തിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്

റഷ്യയുടെ ലൂണ-25ന് സാങ്കേതിക തകരാര്‍; പേടകത്തിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്

മോസ്‌കോ: റഷ്യയുടെ ചാന്ദ്രദൗത്യമായ ലൂണ-25 പേടകത്തിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങുന്നതിന് മുന്നോടിയായി വലം വെക്കേണ്ട ഭ്രമണപഥത്തിലേക്ക് ലൂണ-25 പേടകത്തെ മാറ്റാന്‍ സാധിച്ചില്ലെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസ് അറിയിച്ചു.

മോസ്‌കോ സമയം ഉച്ചക്ക് 2.10 നാണ് ലൂണ-25 പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് മാറ്റാന്‍ ശ്രമിച്ചത്. എന്നാല്‍, മുന്‍ നിശ്ചയിച്ച ഭ്രമണപഥത്തിലേക്ക് എത്താന്‍ പേടകത്തിന് സാധിച്ചില്ല. പേടകത്തിന്റെ സാങ്കേതിക തകരാറിനെക്കുറിച്ച് വിശകലനം ചെയ്യുകയാണെന്നും തകരാര്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും റഷ്യന്‍ ബഹിരാകാശ ഏജന്‍സി വാര്‍ത്താ കുറിപ്പിലൂടെ വ്യക്തമാക്കി.

ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ മൂന്നിന് വെല്ലുവിളി ഉയര്‍ത്തിയാണ് ചാന്ദ്രപര്യവേഷണത്തിനുള്ള റഷ്യയുടെ ലൂണ-25 പേടകം ഓഗസ്റ്റ് 11ന് വിക്ഷേപിച്ചത്. 47 വര്‍ഷത്തിന് ശേഷമാണ് റഷ്യ ചാന്ദ്ര ദൗത്യവുമായി വീണ്ടും സജീവമാകുന്നത്.
കരുത്തുറ്റ സൂയസ് 2.1 ബി റോക്കറ്റ് അഞ്ചര ദിവസം കൊണ്ട് ലൂണ-25നെ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിച്ചു. തുടര്‍ന്ന് ചന്ദ്രനെ വലം വെക്കുന്ന പേടകത്തിലെ റോവര്‍ ഉള്‍പ്പെടുന്ന ലാന്‍ഡര്‍ ആഗസ്റ്റ് 21നോ 22നോ സോഫ്റ്റ് ലാന്‍ഡിങ് നടത്താനായിരുന്നു പദ്ധതി. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന ആദ്യ രാജ്യമാകാനാണ് റഷ്യയുടെ ശ്രമം.

ഇന്ത്യയുടെ ചന്ദ്രയാന്‍-3 സോഫ്റ്റ് ലാന്‍ഡിങ് നടത്താന്‍ തയാറെടുക്കുന്ന ഓഗസ്റ്റ് 23ന് മുമ്പായി ചന്ദ്രനില്‍ ഇറങ്ങി ചരിത്രം കുറിക്കാനാണ് റഷ്യ ലക്ഷ്യമിട്ടത്. ചന്ദ്രയാന്‍ ഇറങ്ങാന്‍ തീരുമാനിച്ച സ്ഥലത്തിന് ഏതാനും കിലോമീറ്റര്‍ മാത്രം അകലെയായിരിക്കും ലൂണ ഇറങ്ങുക. 800 കിലോഗ്രാം ഭാരമുള്ള ലാന്‍ഡറിനെ ചന്ദ്രനിലിറക്കി ചന്ദ്രന്റെ ആന്തരിക ഘടന, ജലസാന്നിധ്യം എന്നിവയില്‍ പഠനം നടത്തുകയാണ് റഷ്യന്‍ പദ്ധതിയുടെ ലക്ഷ്യം. ശാസ്ത്രീയ പഠനങ്ങള്‍ക്കുള്ള 31 കിലോഗ്രാം ഭാരമുള്ള ഉപകരണങ്ങളും ലാന്‍ഡറിലുണ്ട്.

അതേസമയം ഓഗസ്റ്റ് 17ന് ചന്ദ്രയാന്‍ മൂന്ന് പേടകത്തിലെ പ്രൊപ്പല്‍ഷന്‍ മെഡ്യൂളില്‍ നിന്ന് വേര്‍പ്പെട്ട ലാന്‍ഡര്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്താനുള്ള തയാറെടുപ്പിലാണ്. ഇതിനായി ചന്ദ്രന്റെ 30 കിലോമീറ്റര്‍ അടുത്തേക്ക് ഭ്രമണപഥം താഴ്‌ത്തേണ്ടതുണ്ട്. ഓഗസ്റ്റ് 23നാണ് അതിസങ്കീര്‍ണമായ സോഫ്റ്റ് ലാന്‍ഡിങ്.

സോവിയറ്റ് യൂണിയന്‍, അമേരിക്ക, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് ചന്ദ്രനില്‍ വിജയകരമായി സോഫ്റ്റ് ലാന്‍ഡിങ് നടത്തിയിട്ടുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.