ആരാധനയ്ക്കിടെ പള്ളിയിലേക്ക് ഇരച്ചുകയറി ബജറംഗ് ദള്‍ പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം; പള്ളി അടിച്ചു തകര്‍ത്തു, ബൈബിള്‍ വലിച്ചു കീറി

 ആരാധനയ്ക്കിടെ പള്ളിയിലേക്ക് ഇരച്ചുകയറി ബജറംഗ് ദള്‍ പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം; പള്ളി അടിച്ചു തകര്‍ത്തു, ബൈബിള്‍ വലിച്ചു കീറി

ന്യൂഡല്‍ഹി: മണിപ്പൂര്‍ സംഘര്‍ഷം രാജ്യത്തെ ഭരണകൂടത്തിന് നേരെ വിരല്‍ ചൂണ്ടുമ്പോള്‍ വീണ്ടും ക്രൈസ്തവര്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ട് തീവ്രഹിന്ദുത്വവാദികളായ ബജറംഗ് ദള്‍ പ്രവര്‍ത്തകര്‍. ഡല്‍ഹിയില്‍ പ്രാര്‍ത്ഥനയ്ക്കിടെ ക്രിസ്ത്യന്‍ പള്ളിയിലേയ്ക്ക് അതിക്രമിച്ചു കയറിയാണ് ബജറംഗ് ദള്‍ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടെയുള്ള വിശ്വാസികള്‍ക്ക് പരിക്കേറ്റു.

ഞായറാഴ്ച പുലര്‍ച്ചെ ഡല്‍ഹിയിലെ താഹിര്‍പൂരിലാണ് സംഭവം. അക്രമികളായ ജനക്കൂട്ടം പള്ളി അടിച്ചുതകര്‍ക്കുകയും വിശുദ്ധ ബൈബിള്‍ വിശ്വാസികള്‍ക്ക് മുന്നില്‍വച്ച് വലിച്ച് കീറുകയും ചെയ്തുവെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മതപരിവര്‍ത്തനം ആരോപിച്ചാണ് അക്രമം അഴിച്ചുവിട്ടത്.

പള്ളിയില്‍ ആക്രമണം ഉണ്ടാക്കിയവര്‍ക്കെതിരെ ജിടിബി എന്‍ക്ലേവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ പരാതിക്കാര്‍ ശ്രമിച്ചപ്പോള്‍ പൊലീസ് സ്റ്റേഷനിലെത്തിയും പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. ആര്‍എസ്എസ്, വിഎച്ച്പി, ബജ്‌റംഗ്ദള്‍ എന്നിവയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന 300-ഓളം ആളുകള്‍ ജിടിബി എന്‍ക്ലേവ് പൊലീസ് സ്റ്റേഷന് പുറത്ത് ഒത്തുകൂടി 'ജയ് ശ്രീ റാം' എന്ന് ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുകയായിരുന്നു. തങ്ങളെ ആക്രമിച്ചതായി പരാതിപ്പെടാന്‍ പോയ ക്രിസ്ത്യന്‍ സമുദായാംഗങ്ങള്‍ക്ക് നേരെയായിരുന്നു ഇവരുടെ രോഷം. തങ്ങളെ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ആക്രമണത്തിനും ശാരീരിക പീഡനത്തിനും വിധേയരാക്കിയതായി ആക്രമണത്തിന് ഇരയായ ക്രൈസ്തവര്‍ പറഞ്ഞു.

ഓഗസ്റ്റ് 20 ന്, വടികളും വാളുകളും ഉപയോഗിച്ച് നാല്‍പതോളം ആളുകള്‍ വിശ്വാസികള്‍ക്ക് നേരെ ക്രൂരമായ ആക്രമണം അഴിച്ചുവിടുകയായിരുന്നു. രാവിലെ 10:45 ന് താഹിര്‍പൂര്‍ പ്രദേശത്തെ സിയോൻ പ്രതാൻ ഭവന്റെ പ്രാര്‍ത്ഥനാ ഹാളില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനയില്‍ ഏര്‍പ്പെട്ടിരിക്കെ, 'ഹിന്ദു രാഷ്ട്ര ബനായേംഗേ, ജയ് ശ്രീ റാം' എന്ന് മുദ്രാവാക്യം മുഴക്കി വലിയ സ്പീക്കറുകളുമായി അക്രമികള്‍ പ്രാര്‍ത്ഥനാ നടന്ന ഹാളിലേക്ക് പ്രവേശിക്കുകയായിരുന്നു.

തങ്ങള്‍ എല്ലാ ഞായറാഴ്ചയും ആരാധന നടത്താറുണ്ട്. തങ്ങളുടെ സമുദായത്തില്‍ നിന്നുള്ള ആളുകള്‍ ഒരുമിച്ച് പ്രാര്‍ത്ഥിക്കുന്നു. പതിവുപോലെ ഈ ഞായറാഴ്ചയും തങ്ങള്‍ അത് തന്നെ ചെയ്തുവെന്ന് സംഭവ സമയത്ത് അവിടെയുണ്ടായിരുന്ന പാസ്റ്റര്‍ സത്പാല്‍ ഭാട്ടി ഔട്ട്ലുക്കിനോട് പറഞ്ഞു.


പ്രാര്‍ത്ഥന കഴിഞ്ഞയുടനെ ഗേറ്റിന് പുറത്ത് നിന്ന് ഉച്ചത്തിലുള്ള സംഗീതം കേട്ടതായും സംഘര്‍ഷം ഒഴിവാക്കാന്‍ വാതില്‍ അടയ്ക്കാന്‍ തീരുമാനിച്ചതായും ഭാട്ടി വ്യക്തമാക്കി. തങ്ങളില്‍ ഒരാള്‍ ഗേറ്റ് അടയ്ക്കാന്‍ സമീപിച്ചപ്പോള്‍ വളരെ ചെറിയ കുട്ടികളുള്‍പ്പെടെയുള്ള ഒരു വലിയ ജനക്കൂട്ടം ജയ് ശ്രീ റാം എന്ന് വിളിച്ച് അകത്തേയ്ക്ക് പ്രവേശിച്ചുവെന്നും അദ്ദേഹം പറയുന്നു. ആള്‍ക്കൂട്ടത്തിന്റെ കൈകളിലെ വാളുകളും വടികളും കണ്ട് താനും മറ്റുള്ളവരും സ്തംഭിച്ചുപോയി. ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍, ആള്‍ക്കൂട്ടം മുഴുവന്‍ സ്ഥലവും അടിച്ച് തകര്‍ത്തു. എന്താണ് സംഭവിക്കുന്നതെന്ന് തങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞില്ല.

വടികളും വാളുകളും ഉപയോഗിച്ച് അക്രമികള്‍ കാസിയോയും ഡ്രമ്മുകളും മറ്റ് സംഗീത ഉപകരണങ്ങളും തകര്‍ത്തു. മാത്രമല്ല, തങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ബൈബിള്‍ പോലും വലിച്ചുകീറിയെന്ന് അദ്ദേഹം വെളിപ്പെടുത്തി. ബൈബിള്‍ പിടിച്ചുമേടിക്കാന്‍ പോയ സ്ത്രീകളില്‍ ഒരാളെ വടികൊണ്ട് അടിച്ചു. ആ സ്ത്രീയ്ക്ക് സാരമായ പരിക്കേറ്റിട്ടുണ്ടെന്നും ഭാട്ടി പറഞ്ഞു.
ഔട്ട്ലുക്ക് പകര്‍ത്തിയ വീഡിയോകളും ചിത്രങ്ങളും ഭവാനിലെ വസ്തുവകകള്‍ വ്യാപകമായി നാശിപ്പിക്കപ്പെട്ടുവെന്ന് വ്യക്തമാക്കുന്നു.

ആള്‍ക്കൂട്ടം തങ്ങളെ എങ്ങനെ ആക്രമിച്ചെന്ന് ആക്രമിക്കപ്പെട്ട സ്ത്രീകള്‍ പൊലീസില്‍ മൊഴി നല്‍കി. അവര്‍ തങ്ങളെ മര്‍ദിക്കുക മാത്രമല്ല, തങ്ങളുടെ വസ്ത്രങ്ങള്‍ അഴിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് പരിക്കേറ്റവരില്‍ ഒരാള്‍ തന്റെ വലതു കൈ മുറുകെ പിടിച്ച് കരഞ്ഞുകൊണ്ട് പറഞ്ഞു. ആരാധനാലയം മുഴുവന്‍ നശിപ്പിച്ചതിന് തൊട്ടുപിന്നാലെ, ഇതൊരു ഹിന്ദു രാഷ്ട്രമാണെന്നും ഇത്തരത്തിലുള്ള ഒന്നും രാജ്യത്ത് ഇനി വെച്ചുപൊറുപ്പിക്കില്ലെന്നും അക്രമികള്‍ വിളിച്ചു പറഞ്ഞതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അവര്‍ എന്താണ് സംസാരിച്ചതെന്ന് എനിക്കിപ്പോഴും അറിയില്ല. നിശബ്ദമായി സമാധാനത്തോടെ പ്രാര്‍ത്ഥിക്കുന്നത് തെറ്റാണോയെന്ന് ഭാട്ടിയ ചോദിക്കുന്നു.

''യേ ഹിന്ദു രാഷ്ട്ര ഹേ, യഹ് പെ യേ സബ് നഹി ചലേഗാ. അബ് കോര്‍ട്ട്‌സ് നെ ഭി കഹാ ഹേ സബ് നഹി ചലേഗാ'', അതായത് ഇതൊരു ഹിന്ദു രാഷ്ട്രമാണ്, ഇനി ഇത്തരം കാര്യങ്ങള്‍ അനുവദനീയമല്ല. കോടതികള്‍ പോലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിഷേധിച്ചുവെന്നും അവര്‍ ആക്രോശിക്കുന്നുണ്ടായിരുന്നുവെന്ന് ഭാട്ടി വ്യക്തമാക്കി. പ്രാര്‍ത്ഥനാ ഹാളില്‍ സന്നിഹിതരായിരുന്നവര്‍ ഭാട്ടി പറഞ്ഞതിനെ ശരിവെക്കുകയും തങ്ങള്‍ ആക്രമിക്കപ്പെട്ടതെങ്ങനെയെന്ന് വ്യക്തമാക്കുകയും ചെയ്തു. തങ്ങളെ മാത്രമല്ല, തങ്ങളുടെ വിശ്വാസവും ആക്രമിക്കപ്പെട്ടുവെന്ന് അവര്‍ പറഞ്ഞു.


സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് പൊലീസില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഒരു വലിയ വിഭാഗം ആളുകള്‍ സ്റ്റേഷന് പുറത്ത് തടിച്ചുകൂടിയിരുന്നു. എന്നിരുന്നാലും ജിടിബി എന്‍ക്ലേവ് പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്തു.
അതേസമയം അവര്‍ ഇത് മറ്റൊരു മണിപ്പൂര്‍ ആക്കാന്‍ പോവുകയാണോയെന്ന് സംഭവത്തെ അപലപിച്ചുകൊണ്ട് ഗോത്ര വര്‍ഗ പ്രവര്‍ത്തകയായ മിനാക്ഷി സിങ് ചോദിച്ചു. മിനാക്ഷി ഇരകളുമായി ബന്ധപ്പെടുകയും സംഭവത്തിന്റെ മുഴുവന്‍ കണക്കും എടുക്കുകയും ചെയ്തിട്ടുണ്ട്. ഒരു സ്ത്രീയോ കുട്ടിയോ ന്യൂനപക്ഷമോ സുരക്ഷിതരല്ലാത്ത ഒരു രാഷ്ട്രമെന്ന നിലയില്‍ നാം എവിടേക്കാണ് പോകുന്നത് എന്നത് വളരെ സങ്കടകരമാണെന്ന് അവര്‍ വ്യക്തമാക്കി.

യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, 2023-ല്‍ മാത്രം 23 സംസ്ഥാനങ്ങളില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ അക്രമം നടന്നിട്ടുണ്ട്. 23 സംസ്ഥാനങ്ങളില്‍ 155 സംഭവങ്ങളുമായി യുപി ഒന്നാം സ്ഥാനത്തും 84 കേസുകളുമായി ഛത്തീസ്ഗഢ് തൊട്ടുപിന്നിലും ഉണ്ട്. അവരുടെ കണ്ടെത്തലുകള്‍ അനുസരിച്ച്, 2014-ല്‍ 147 പള്ളികളില്‍ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. തുടര്‍ന്നുള്ള ഓരോ വര്‍ഷവും ഈ എണ്ണം തുടര്‍ച്ചയായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് 599 ആക്രമണങ്ങള്‍ ഉണ്ടായി. 2023-ന്റെ ആദ്യ 190 ദിവസങ്ങള്‍ക്കുള്ളില്‍ 400 ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ദി സിയാസത്ത് ഡെയ്ലി റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം കേസുമായി ബന്ധപ്പെട്ട് ഒരാളെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തതായും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. പള്ളിക്ക് സമീപം സ്ഥാപിച്ചിട്ടുള്ള സിസിടിവികളുടെ സഹായത്തോടെ മറ്റ് പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. മുന്‍കരുതല്‍ നടപടിയായി പ്രദേശത്ത് സുരക്ഷാ സേനയെ വിന്യസിച്ചു.

ഒരു മതനിരപേക്ഷ ജനാധിപത്യ രാജ്യത്ത് ഇത്തരത്തിലുള്ള അക്രമസംഭവങ്ങള്‍ നിരന്തരം സംഭവിക്കുന്നു എന്നത് അപലപനീയവും ലോകത്തിന് മുന്നില്‍ വലിയ നാണക്കേടുമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.