ബംഗളുരു: ആ ഇരുപത് മിനിറ്റ് അതി നിര്‍ണായകം. കൊടും പരീക്ഷണങ്ങളില്‍ ലാന്‍ഡര്‍ ഒറ്റയ്ക്കാണ്. എല്ലാം സ്വയം തീരുമാനിക്കണം. കൃത്യ സമയത്ത് കൃത്യമായ ഉയരങ്ങളില്‍ എന്‍ജിനുകള്‍ ജ്വലിപ്പിക്കണം.
ഇന്ധനം കൃത്യ അളവില്‍ ഉപയോഗിക്കണം. തിരശ്ചീനമായും ലംബമായും സഞ്ചരിക്കണം. ഇറങ്ങാന്‍ തടസമാകുന്ന കുന്നും കുഴിയും കണ്ടെത്താന്‍ ചന്ദ്രോപരിതലം സ്‌കാന്‍ ചെയ്യണം. പക്ഷേ, ഐഎസ്ആര്‍ഒയിലെ മുഴുവന്‍ ശാസ്ത്രജ്ഞരും തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
ഇന്ത്യന്‍ സമയം ഇന്ന് വൈകുന്നേരം 5.45 ന് വിക്രം ലാന്‍ഡര്‍ ദൗത്യം തുടങ്ങും. പ്രതിസന്ധികള്‍ അതിജീവിച്ച് 6.04ന് ലാന്‍ഡര്‍ ചന്ദ്രന്റെ മണ്ണില്‍ തൊടുന്ന നിമിഷം ഇന്ത്യ പുതുചരിത്രം എഴുതും. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യമാകും. അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കും കഴിയാത്ത നേട്ടം.
ലാന്‍ഡറില്‍ നിന്ന് റോവര്‍ പുറത്തു വന്ന് ചന്ദ്രന്റെ മണ്ണിലൂടെ ഉരുണ്ടു നീങ്ങും. ഇനി ഭൂമിയിലെ പതിനാല് ദിന രാത്രങ്ങള്‍ ചന്ദ്രനില്‍ പകല്‍ മാത്രമായിരിക്കും. അത് റോവറിന്റെ പരീക്ഷണ കാലം. അഥവാ ജീവിത കാലം.
നമുക്ക് മുമ്പ് അവിടെയിറങ്ങാന്‍ റഷ്യ അയച്ച ലൂണ 25 കഴിഞ്ഞ ദിവസം ലക്ഷ്യത്തിന് തൊട്ടകലെ തകര്‍ന്നു. നാലുവര്‍ഷം മുമ്പ് ഇന്ത്യയുടെ ചന്ദ്രയാന്‍ 2 നും സമാന അനുഭവമായിരുന്നു. ആ പിഴവുകള്‍ മാറ്റിയ ആത്മവിശ്വാസത്തിലാണ് ഇക്കുറി ശാസ്ത്ര ലോകം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.