ആദിത്യ ഉടന്‍; ഗഗന്‍യാന്‍, മംഗള്‍യാന്‍ അടുത്ത വര്‍ഷം, തൊട്ടു പിന്നാലെ ശുക്രയാന്‍: ബഹിരാകാശത്തെ കൈക്കുമ്പിളിലാക്കാന്‍ ഇന്ത്യ

ആദിത്യ ഉടന്‍;  ഗഗന്‍യാന്‍, മംഗള്‍യാന്‍ അടുത്ത വര്‍ഷം, തൊട്ടു പിന്നാലെ  ശുക്രയാന്‍: ബഹിരാകാശത്തെ കൈക്കുമ്പിളിലാക്കാന്‍ ഇന്ത്യ

ബംഗളുരു: ചന്ദ്രയാന്‍ മൂന്നിന്റെ ചരിത്ര വിജയത്തിന് പിന്നാലെ മറ്റ് അഞ്ച് സുപ്രധാന ദൗത്യങ്ങളുമായി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആര്‍.ഒ.) ഗഗന്‍യാന്‍, മംഗള്‍യാന്‍ രണ്ട്, മൂന്ന്, ആദിത്യ എല്‍ 1, ശുക്രയാന്‍ എന്നീ സുപ്രധാന ബഹിരാകാശ ഗവേഷണ പദ്ധതികള്‍ക്കാണ് ഐ.എസ്.ആര്‍.ഒ  ഒരുങ്ങുന്നത്.

ചന്ദ്രയാന്‍ 2 ദൗത്യം പരാജയപ്പെട്ടെങ്കിലും ചന്ദ്രനില്‍ ജലത്തിന്റെ സാന്നിധ്യം ആദ്യമായി കണ്ടെത്തിയത് ചന്ദ്രയാന്‍ 1 ആണ്. ഇതുകൊണ്ടുതന്നെ ഇന്ത്യയുടെ മറ്റ് ഗ്രഹാന്തര ദൗത്യങ്ങളെയും ശാസ്ത്രലോകം പ്രതീക്ഷയോടെയാണ് കാണുന്നത്. മംഗള്‍യാന്റെ രണ്ടാം പര്യവേഷണത്തോടൊപ്പം സൂര്യനെക്കുറിച്ചും ശുക്രനെക്കുറിച്ചുമുള്ള പര്യവേഷണങ്ങള്‍ക്കും തുടക്കം കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍.

സൂര്യനെയും ബാഹ്യവലയങ്ങളെയും കുറിച്ച് പഠിക്കാന്‍ 'ആദിത്യ എല്‍ 1' പേടകം വിക്ഷേപണത്തിന് തയ്യാറായിക്കഴിഞ്ഞു. ഈ മാസം അവസാനമോ സെപ്റ്റംബറിലോ വിക്ഷേപണമുണ്ടാകും. പി.എസ്.എല്‍.വി റോക്കറ്റ് പേടകത്തെ ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കും. 378 കോടിരൂപയാണ് പേടകത്തിന്റെ ചെലവ്.

കൊറോണല്‍ താപനം, കൊറോണല്‍ മാസ് ഇജക്ഷന്‍, ബഹിരാകാശ കാലാവസ്ഥ തുടങ്ങിയവ മനസിലാക്കാന്‍ ദൗത്യം സഹായിക്കും. പ്രധാന പേലോഡായ വിസിബിള്‍ ലൈന്‍ എമിഷന്‍ കൊറോണഗ്രാഫ് (വി.ഇ.എല്‍.സി.) നിര്‍മിച്ചത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സ് (ഐ.ഐ.എ.) ആണ്. സൂര്യന്റെ കൊറോണയെപ്പറ്റിയാണ്(ബാഹ്യവലയം) വി.ഇ.എല്‍.സി പഠിക്കുന്നത്.

ബഹിരാകാശത്ത് മനുഷ്യനെയെത്തിക്കുന്ന ഗഗന്‍യാന്‍ ദൗത്യം 2025 ല്‍ നടന്നേക്കും. ഇതിനായി നാലു ബഹിരാകാശയാത്രികരെ തിരഞ്ഞെടുത്തിട്ടുണ്ട്. വ്യോമസേന പൈലറ്റുമാരായ ഇവര്‍ക്കുള്ള പരിശീലനം നടന്നു വരുകയാണ്. ബഹിരാകാശ സഞ്ചാരികളെ സുരക്ഷിതമായി തിരിച്ചിറക്കുന്നതില്‍ നിര്‍ണായകമായ പേടകത്തിലെ ഡ്രൗഗ് പാരച്യൂട്ടിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി.

അഞ്ച് മുതല്‍ ഏഴ് ദിവസം വരെ തങ്ങിയ ശേഷം യാത്രികരെ തിരികെയെത്തിക്കും. ഭൂമിയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലാണ് പേടകത്തെയെത്തിക്കുന്നത്. ആളില്ലാത്ത പേടകത്തെ ബഹിരാകാശത്തെത്തിച്ച് രണ്ടുതവണ പരീക്ഷണം നടത്തിയ ശേഷമായിരിക്കും ഗഗന്‍യാന്‍ ദൗത്യം.

ഗഗന്‍യാന്‍ ദൗത്യത്തില്‍ ആദ്യം ബഹിരാകാശത്തെത്തുന്നത് വനിതാ റോബോട്ടായ വ്യോമ മിത്രയായിരിക്കും. മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്നതിനു മുമ്പ് വിക്ഷേപിക്കുന്ന ബഹിരാകാശ പേടകത്തിലായിരിക്കും റോബോട്ടുണ്ടാവുക. ബഹിരാകാശ യാത്രികരോടൊപ്പവും ഈ റോബോട്ടുണ്ടാകും. മനുഷ്യനു സമാനമായ പെരുമാറുന്ന തരത്തിലാണ് റോബോട്ടിന്റെ നിര്‍മാണം.

പേടകത്തിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കാനും യാത്രികര്‍ക്കുള്ള ജീവന്‍രക്ഷാ കാര്യങ്ങള്‍ ചെയ്യാനും റോബോട്ടിന് കഴിയും. പേടകത്തിന്റെ സഞ്ചാര പഥത്തിലെ ചലനങ്ങളും പ്രതിസന്ധികളും റോബോട്ടിലൂടെ ശാസ്ത്രജ്ഞര്‍ക്ക് മനസിലാക്കാനാകും. പേടകത്തിലെ കാര്‍ബണ്‍ ഡൈ ഒക്‌സൈഡിന്റെ അളവ്, ഓക്‌സിജന്റെ അളവ് എന്നിവ നേരത്തേ കണ്ടെത്താന്‍ വ്യോമ മിത്രയ്ക്ക് കഴിയും.

ഇന്ത്യയുടെ ആദ്യത്തെ ഗ്രഹാന്തര ദൗത്യമായ മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ (മംഗള്‍യാന്‍ 2) വിക്ഷേപണവും 2025 ല്‍ നടന്നേക്കും. 2030 ല്‍ മംഗള്‍യാന്‍ മൂന്നും ഐ.എസ്.ആര്‍.ഒ. ലക്ഷ്യം വെക്കുന്നുണ്ട്. ഇതിലൂടെ ചൊവ്വയില്‍ റോവര്‍ ഇറക്കി പരീക്ഷണമാണ് ലക്ഷ്യം വെക്കുന്നത്. ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്നതിനു സമാനമായാണ് ചൊവ്വയിലും റോവര്‍ ഇറക്കുന്നത്.

2013 നവംബര്‍ അഞ്ചിന് ആദ്യ ചൊവ്വാ ദൗത്യം വിക്ഷേപിച്ചതോടെ ചൊവ്വാ ദൗത്യത്തിലേര്‍പ്പെടുന്ന അഞ്ചാമത്തെ രാജ്യമായിമാറിയിരുന്നു ഇന്ത്യ. 2014 സെപ്റ്റംബര്‍ 24 നാണ് പേടകം ചൊവ്വയുടെ ഭ്രമണ പഥത്തിലെത്തിയത്. 300 ഭൗമദിനങ്ങള്‍ നിണ്ടുനിന്ന യാത്ര വിജയകരമായിരുന്നു. ഭൂമിയും ചൊവ്വയും സൂര്യന്റെ എതിര്‍ദിശയിലായിരിക്കുമ്പോള്‍ മംഗള്‍യാന്‍ പുറപ്പെടുവിപ്പിച്ച എസ് ബാന്‍ഡ് തരംഗങ്ങളിലൂടെ സൗര കൊറോണയെക്കുറിച്ച് പഠിക്കാനായതാണ് പ്രധാന നേട്ടം.

ചന്ദ്രന്‍, സൂര്യന്‍, ചൊവ്വ ദൗത്യങ്ങള്‍ക്ക് ശേഷം ശുക്രനെക്കുറിച്ചുള്ള പഠനവും നടക്കും. ജി.എസ്.എല്‍.വി. മാര്‍ക്ക് രണ്ട് റോക്കറ്റ് ഉപയോഗിച്ചായിരിക്കും ശുക്രയാന്‍ വിക്ഷേപിക്കുന്നത്. മംഗള്‍യാന്‍ രണ്ടിനു ശേഷം വിക്ഷേപണം നടന്നേക്കും. ഫ്രാന്‍സ്, റഷ്യ, ജര്‍മനി എന്നീ രാജ്യങ്ങളുടെ സഹായം തേടാനും പദ്ധതിയുണ്ട്. ശുക്രനിലേക്കുള്ള ദൗത്യത്തിന് 19 മാസത്തില്‍ ഒരിക്കല്‍ മാത്രമാണ് അനുകൂല സാഹചര്യം ലഭിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.