തിരുവനന്തപുരം: കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരും. കര്‍ഷകപ്രക്ഷോഭം ഒത്തുതീര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും വിവാദ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് പ്രമേയം പാസാക്കുന്നതിനായാണ് സമ്മേളനം. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും സമ്മേളനം നടക്കുക. കേന്ദ്രം കൊണ്ടുവന്ന വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കേരള നിയമസഭയുടെ പ്രമേയത്തില്‍ ആവശ്യപ്പെടും. മുഖ്യപ്രതിപക്ഷമായ യുഡിഎഫ് പ്രമേയത്തെ പിന്തുണയ്‌ക്കും. രാവിലെ ഒന്‍പതിന് സമ്മേളനം ആരംഭിക്കും.
നിയമസഭാ ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിക്കും. മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും പുറമേ ഘടകകക്ഷി നേതാക്കള്‍ക്കു മാത്രമാണ് സംസാരിക്കാന്‍ അവസരം. ഒരു മണിക്കൂറാണ് സമയപരിധി നിശ്ചയിച്ചിട്ടുള്ളതെങ്കിലും നേതാക്കള്‍ സംസാരിച്ചുതീരുന്നതുവരെ സമ്മേളനം തുടരും. നേരത്തേ 23-ന് സഭ ചേരാന്‍ മന്ത്രിസഭ ശുപാര്‍ശ ചെയ്തെങ്കിലും ഗവര്‍ണര്‍ വിജ്ഞാപനത്തില്‍ ഒപ്പിട്ടില്ല. ഇത് ഭരണഘടനാ ലംഘനമാണെന്ന് മുഖ്യമന്ത്രി നിലപാടെടുത്തു. പ്രതിപക്ഷവും ഗവര്‍ണറുടെ നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു. പിന്നീട് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ഇന്ന് സമ്മേളനം വിളിക്കാന്‍ വീണ്ടും ശുപാര്‍ശ ചെയ്‌തു. ഇത് ഗവര്‍ണര്‍ അംഗീകരിക്കുകയായിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ വിവാദ കര്‍ഷക നിയമങ്ങള്‍ കേരളത്തില്‍ നടപ്പാക്കില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. നിയമസഭയില്‍ പ്രമേയം കൊണ്ടുവരുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. സര്‍ക്കാര്‍ കൊണ്ടുവരുന്ന പ്രമേയത്തെ യുഡിഎഫ് പിന്തുണയ്‌ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ അറിയിച്ചത്. കേന്ദ്രം കൊണ്ടുവന്നിരിക്കുന്ന നിയമം കര്‍ഷക വിരുദ്ധ കരിനിയമമാണെന്നാ നിലപാടിലാണ് സംസ്ഥാന സര്‍ക്കാർ. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ കേരളത്തില്‍ നടപ്പാക്കില്ലെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ നേരത്തെ പറഞ്ഞിരുന്നു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും കൃഷിമന്ത്രി വ്യക്തമാക്കി.
"കേന്ദ്രം പാസാക്കിയ മൂന്ന് നിയമങ്ങള്‍ കേരളത്തില്‍ ഒരു കാരണവശാലും നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. കേന്ദ്രം കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുപ്രീം കോടതിയെ സമീപിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്," കൃഷിമന്ത്രി പറഞ്ഞു. നിയമം നടപ്പിലാക്കാത്തതിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിനെതിരെ എന്ത് നടപടി സ്വീകരിച്ചാലും അത് നേരിടാന്‍ തയ്യാറാണെന്നും കേന്ദ്രം ഏകപക്ഷീയമായി തീരുമാനിച്ച് നിയമങ്ങള്‍ നടപ്പിലാക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാര്‍ ഇത്തരം നിയമങ്ങളിലൂടെ സംസ്ഥാനത്തിന്റെ അധികാര പരിധിയിലേക്ക് കടന്നുകയറുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.