ഹിമാചലില്‍ കനത്ത മഴ തുടരുന്നു: കുളുവില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു; റെഡ് അലര്‍ട്ട്

ഹിമാചലില്‍ കനത്ത മഴ തുടരുന്നു: കുളുവില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു; റെഡ് അലര്‍ട്ട്

ഷിംല: ഹിമാചല്‍ പ്രദേശിലെ കുളു ജില്ലയില്‍ ഇന്നുണ്ടായ കനത്ത മഴയില്‍ എട്ട് കെട്ടിടങ്ങള്‍ തകര്‍ന്നു. മേഘവിസ്ഫോടനത്തെ തുടര്‍ന്ന് അതിശക്തമായ മണ്ണിടിച്ചിലുമുണ്ടായി.

ഹിമാചല്‍ പ്രദേശില്‍ കുളുവിലും മാണ്ഡിയിലും തകര്‍ന്ന ബഹുനില കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും അടിയില്‍ പെട്ടവര്‍ക്കായി തിരച്ചില്‍ തുടരുന്നു. 24 മണിക്കൂറിനിടെ 12 മരണം റിപ്പോര്‍ട്ട് ചെയ്തു. ഹിമാചലിലെ 12 ജില്ലകളിലും ഉത്തരാഖണ്ഡിലെ ഏഴ് ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

മാണ്ഡിയിലെ കടൗളയില്‍ മേഘ വിസ്‌ഫോടനത്തില്‍ ഒരു പ്രദേശം തന്നെ ഇല്ലാതായി. കടകള്‍, ബാങ്കുകള്‍, മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയുള്ള കെട്ടിടങ്ങള്‍ക്ക് നാലഞ്ച് ദിവസം മുമ്പ് വിള്ളലുകള്‍ സംഭവിച്ചതായി സ്ഥലത്തുണ്ടായിരുന്ന സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് നരേഷ് വര്‍മ പറഞ്ഞു.

കെട്ടിടങ്ങള്‍ സുരക്ഷിതമല്ലെന്ന് കണ്ട് അടുത്തിടെ ഒഴിപ്പിച്ചിരുന്നു. നാശനഷ്ടങ്ങള്‍ വിലയിരുത്തി വരികയാണെന്നും മുന്‍കരുതല്‍ നടപടിയായി അന്നിയിലെ എന്‍.എച്ച് 305 ന് സമീപമുള്ള സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളും ഒഴിപ്പിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

12 ജില്ലകളില്‍ ശക്തമായ മഴ തുടരുകയാണ്. കുളു-മാണ്ഡി റോഡ് തകര്‍ന്നതിനാല്‍ കുളു ജില്ലയില്‍ നൂറുകണക്കിന് വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. ഇന്നലെ സെറാജ്, സരാച്ചി തുടങ്ങിയ ഇടങ്ങളിലായി 12 മരണം റിപ്പോര്‍ട്ട് ചെയ്തു.സരാച്ചിയില്‍ മണ്ണിനടിയില്‍ കുടുങ്ങിയവരെ ഇനിയും കണ്ടെത്താനുണ്ട്. നിരവധി വീടുകള്‍ ഒലിച്ചുപോയി.

ഉത്തരാഖണ്ഡിലും സ്ഥിതി വ്യത്യസ്തമല്ല. ഹരിദ്വാറിലെ ചണ്ഡീദേവി ക്ഷേത്രത്തിന് സമീപം ശക്തമായ മണ്ണിടിച്ചിലുണ്ടായി. പൗരിയിലുണ്ടായ മണ്ണിടിച്ചിലില്‍ ഇന്നലെ ഒരാള്‍ മരിച്ചിരുന്നു. ചമോലി ജില്ലയിലെ പിണ്ടാര്‍ നദിയും പ്രണ്‍മതി നദിയും കരകവിഞ്ഞൊഴുകുകയാണ്.

ബുധനാഴ്ച വൈകുന്നേരം മുതല്‍ പാലമ്പൂരില്‍ 137 മില്ലിമീറ്റര്‍ മഴ പെയ്തപ്പോള്‍ നഹനില്‍ 93 മില്ലീമീറ്ററും ഷിംലയില്‍ 79 മില്ലീമീറ്ററും ധര്‍മ്മശാലയില്‍ 70 മില്ലീമീറ്ററും മാണ്ഡിയില്‍ 57 മില്ലീമീറ്ററും മഴ ലഭിച്ചു. സംസ്ഥാനത്ത് 709 റോഡുകളാണ് മഴയെ തുടര്‍ന്ന് അടച്ചത്. തകര്‍ന്ന റോഡുകളും മറ്റും പുനഃസ്ഥാപിക്കുന്നതിനായി 165.22 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖു പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.