നരസിംഹറാവു വര്‍ഗീയ വാദി; മുന്‍ പ്രധാനമന്ത്രിയെ പരിഹസിച്ച് മണിശങ്കര്‍ അയ്യര്‍

നരസിംഹറാവു വര്‍ഗീയ വാദി; മുന്‍ പ്രധാനമന്ത്രിയെ പരിഹസിച്ച് മണിശങ്കര്‍ അയ്യര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ പി.വി നരസിംഹറാവുവിനെ വര്‍ഗീയ വാദിയെന്ന് വിളിച്ച് മുന്‍ കേന്ദ്ര മന്ത്രി മണിശങ്കര്‍ അയ്യര്‍. രാജ്യത്തെ ആദ്യ ബിജെപി പ്രധാനമന്ത്രി എ.ബി വാജ്പേയി അല്ല നരസിംഹറാവു ആണെന്നും കോണ്‍ഗ്രസ് നേതാവ് പരിഹസിച്ചു. ആത്മകഥയായ 'മെമയേഴ്‌സ് ഓഫ് എ മാവറിക് - ദ ഫസ്റ്റ് ഫിഫ്റ്റി ഇയേഴ്സ് (19411991) ' എന്ന പുസ്തകത്തിന്റെ പ്രകാശന വേളയിലായിരുന്നു മണിശങ്കര്‍ അയ്യരുടെ പരാമര്‍ശം.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ വീര്‍ സാങ്‌വിയുമായി നടത്തിയ സംവാദത്തിലാണ് കോണ്‍ഗ്രസ് നേതാവ് നരസിംഹറാവുവിനെതിരെ തുറന്നടിച്ചത്. രാമേശ്വരത്തു നിന്നും അയോധ്യയിലേക്ക് താന്‍ നടത്തിയ രാം റഹിം യാത്രാ വേളയിലുണ്ടായ സംഭവങ്ങളും മണിശങ്കര്‍ പരാമര്‍ശിച്ചു. പ്രധാനമന്ത്രി നരസിംഹറാവു തന്നെ ഡല്‍ഹിക്ക് വിളിപ്പിച്ചു. യാത്രയോടും മതേതരത്വം സംബന്ധിച്ച നിങ്ങളുടെ നിര്‍വചനത്തോടും വിയോജിപ്പ് ഉണ്ടെന്ന് നരസിംഹ റാവു പറഞ്ഞു.

മതേതരത്വം സംബന്ധിച്ച നിര്‍വചനത്തില്‍ എന്താണ് സര്‍ തെറ്റ് എന്നു ചോദിച്ചപ്പോള്‍, 'ഇന്ത്യ ഒരു ഹിന്ദു രാജ്യമാണെന്ന് അറിയില്ലേ' എന്നായിരുന്നു പ്രധാനമന്ത്രി റാവു ചോദിച്ചത്. ഇതു തന്നെയാണ് ബിജെപിയും പറയുന്നതെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. ഇന്ത്യ ഒരു മതേതര രാജ്യമാണ്, അതില്‍ ഭൂരിപക്ഷം ഹിന്ദുക്കളാണെങ്കിലും, 200 ദശലക്ഷം മുസ്ലിങ്ങളും, ക്രിസത്യാനികള്‍, ജൂതന്‍മാര്‍, സിഖുകാര്‍, പാഴ്സികള്‍ തുടങ്ങിയ മതക്കാരും രാജ്യത്തുണ്ട്. പിന്നെങ്ങിനെ ഇന്ത്യയെ ഹിന്ദു രാജ്യമെന്ന് വിളിക്കുമെന്ന് മണിശങ്കര്‍ അയ്യര്‍ ചോദിച്ചു. നരസിംഹറാവുവിന്റെ മാനസികാവസ്ഥയാണ് ഇതു പ്രതിഫലിപ്പിക്കുന്നത്.

രാജ്യത്തെ മതേതര പാതയില്‍ നിന്നും വര്‍ഗീയ പാതയിലേക്ക് നയിക്കുകയാണ് പ്രധാനമന്ത്രി റാവു ചെയ്തതെന്നും മണിശങ്കര്‍ കുറ്റപ്പെടുത്തി. സോണിയാ ഗാന്ധിയെ പ്രകീര്‍ത്തിച്ച മണിശങ്കര്‍ താന്‍ ഒരിക്കലും രാജീവ് ഗാന്ധിയുടെ വിശ്വസ്തനായ അനുയായി ആയിരുന്നില്ലെന്നും പറഞ്ഞു. രാജീവ് ഗാന്ധിയുടെ മരണ ശേഷം രാഷ്ട്രീയത്തില്‍ തുടരാന്‍ പിന്തുണച്ചത് സോണിയ ഗാന്ധിയാണ്. തന്നെ സഹമന്ത്രിയാക്കാന്‍ പ്രധാനമന്ത്രി തീരുമാനിച്ചപ്പോള്‍ സോണിയ ഇടപെട്ടാണ് കാബിനറ്റ് മന്ത്രിയാക്കിയത്.

നരേന്ദ്ര മോഡിയെയും മണി ശങ്കര്‍ വിമര്‍ശിച്ചു. മോഡിയുടെ മുന്‍ഗാമികളെല്ലാം പാകിസ്ഥാനുമായി ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചയ്ക്ക് തയ്യാറായിരുന്നു. പാകിസ്ഥാനെതിരെ മിന്നലാക്രമണം നടത്താന്‍ ധൈര്യം കാണിച്ച മോഡി, അവരുമായി ചര്‍ച്ചയ്ക്ക് തയ്യാറാകുന്നില്ലെന്ന് മണി ശങ്കര്‍ അയ്യര്‍ കുറ്റപ്പെടുത്തി


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.