തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമം കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണന്നും കര്‍ഷക വിരുദ്ധമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
പുതിയ നിയമം കര്‍ഷകരില്‍ ആശങ്കയുണ്ടാക്കുന്നു. കര്‍ഷകര്‍ക്ക് ന്യായവില നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയാണ്. കര്‍ഷകരുടെ വിലപേശല്‍ ശക്തി കോര്‍പ്പറേറ്റുകള്‍ക്ക് മുന്നില്‍ നഷ്ടമാകും. വിവാദമായ മൂന്ന് നിയമ ഭേദഗതികളും റദ്ദാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
കര്‍ഷകരുടേത് ഐതിഹാസികമായ സമരമാണ്. കര്‍ഷകരുടെ ഇച്ഛാശക്തി ശ്രദ്ധേയമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കര്‍ഷക സമരം തുടരുന്നത് കേരളത്തെ പ്രതികൂലമായി ബാധിക്കും. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ പട്ടിണിയിലേക്ക് തള്ളിയിടും. ഭക്ഷ്യ വസ്തുക്കളുടെ ചരക്കു നീക്കം നിലയ്ക്കുന്നത് ഭക്ഷ്യ സുരക്ഷയെ അപകടത്തിലാക്കും.
കരിഞ്ചന്തയും പൂഴ്ത്തിവെപ്പും കൂടും. കൂടുതല്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കേണ്ടിയിരുന്നു. ന്യായ യിവലയില്‍ നിന്നും ഒഴിഞ്ഞു പോകാനാണ് കേന്ദ്രം ശ്രമിക്കുന്നത്. കാര്‍ഷിക രംഗത്തെ നിയമങ്ങള്‍ ശ്രദ്ധാപൂര്‍വം വിഭാവനം ചെയ്ത് നടപ്പാക്കേണ്ടതാണെന്നും പിണറായി പറഞ്ഞു.
കേന്ദ്രസര്‍ക്കാരിനെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിക്കാനാണ് നിയമസഭയുടെ അടിയന്തര സമ്മേളനം ചേര്‍ന്നത്. സമ്മേളനത്തിന് അടിയന്തര പ്രാധാന്യമുണ്ടന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫ് മുഖ്യമന്ത്രിയുടെ പ്രമേയത്തിന്മേല്‍ മൂന്ന് ഭേദഗതികള്‍ നിര്‍ദേശിച്ചു. സഭ വിളിച്ചു ചേര്‍ക്കാന്‍ അനുമതി നല്‍കാതിരുന്ന ഗവര്‍ണറുടെ നടപടിയെയും കെ സി ജോസഫ് വിമര്‍ശിച്ചു. മന്ത്രിമാര്‍ കേക്കുമായി ഗവര്‍ണറെ കാണാന്‍ പോയത് ശരിയായില്ലെന്ന് കെ സി ജോസഫ് പറഞ്ഞു.
സര്‍ക്കാര്‍ ആരെയാണ് ഭയക്കുന്നത്. സഭ വിളിച്ചുചേര്‍ക്കാന്‍ ആവശ്യപ്പെട്ടത് അവകാശമാണ്. അല്ലാതെ ഔദാര്യമല്ല. ആദ്യം സഭ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചപ്പോള്‍ മുഖ്യമന്ത്രി ശക്തമായി പ്രതികരിക്കേണ്ടിയിരുന്നു എന്നും പ്രതിപക്ഷം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.