ഡ്രോണ്‍ ആക്രമണത്തില്‍ ഉക്രെയ്‌ന് ഉടന്‍ തിരിച്ചടി നല്‍കുമെന്ന് റഷ്യ

ഡ്രോണ്‍ ആക്രമണത്തില്‍ ഉക്രെയ്‌ന് ഉടന്‍ തിരിച്ചടി നല്‍കുമെന്ന് റഷ്യ

മോസ്‌കോ: റഷ്യയ്ക്ക് കനത്ത പ്രഹരമേല്‍പ്പിച്ച് സ്‌കോവ് വിമാനത്താവളത്തിന് നേരേയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഉക്രെയ്‌ന് കടുത്ത മുന്നറിയിപ്പുമായി റഷ്യന്‍ വിദേശകാര്യ മന്ത്രാലയം. തങ്ങളുടെ മണ്ണിലുണ്ടായ ആക്രമണങ്ങള്‍ക്കു പിന്നിലുള്ളവര്‍ ശിക്ഷിക്കപ്പെടാതെ പോകില്ലെന്ന് റഷ്യ മുന്നറിയിപ്പു നല്‍കി.

ആക്രമണം നടത്തിയത് ഉക്രെയ്‌നാണെന്ന് റഷ്യ ആരോപിച്ചു. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഉക്രെയ്ന്‍ ഏറ്റെടുത്തിട്ടില്ല. സൈനികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന നാല് ഇല്യൂഷിന്‍ 76 വിമാനങ്ങളാണ് ആക്രമണത്തില്‍ നശിച്ചത്. ആക്രമണത്തില്‍ ആളപായമൊന്നുമില്ലെന്ന് റഷ്യ വ്യക്തമാക്കി. ഉക്രെയ്‌നില്‍നിന്ന് 600 കിലോമീറ്ററിലധികം അകലെയാണ് സ്‌കോവ്.

പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള രഹസ്യ വിവരങ്ങളില്ലാതെ, ഉക്രെയ്നില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയുള്ള വ്യോമതാവളത്തിലേക്ക് ഡ്രോണുകള്‍ക്ക് എത്താന്‍ കഴിയില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ ബ്രീഫിംഗില്‍ റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് മരിയ സഖരോവ പറഞ്ഞു. റഷ്യയ്ക്കുള്ളില്‍ ആക്രമണങ്ങള്‍ നടത്താനുള്ള ബുദ്ധി പാശ്ചാത്യ രാജ്യങ്ങളുടേതാണെന്നും മരിയ അവകാശപ്പെട്ടു

അതേസമയം, ഇത്തരം ആക്രമണങ്ങള്‍ തടയാന്‍, ഉക്രെയ്ന്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ എവിടെ നിന്നാണ് ആരംഭിക്കുന്നതെന്ന് തിരിച്ചറിയാന്‍ റഷ്യ അശ്രാന്തമായി പരിശ്രമിക്കുന്നുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

2022 ഫെബ്രുവരില്‍ ഉക്രെയ്‌നില്‍ യുദ്ധമാരംഭിച്ച ശേഷം റഷ്യ നേരിടുന്ന ഏറ്റവും ശക്തമായ ഡ്രോണ്‍ ആക്രണമാണ് ഇന്ന് പുലര്‍ച്ചെയുണ്ടായത്. സ്‌കോവിന് പുറമെ മറ്റ് അഞ്ച് മേഖലകളെയും ഡ്രോണുകള്‍ ലക്ഷ്യം വച്ചെങ്കിലും ആക്രമണശ്രമം തകര്‍ത്തതായി റഷ്യ അറിയിച്ചു.

മോസ്‌കോ, ഓറിയോള്‍, ബ്രൈയാന്‍സ്‌ക്, റിയസാന്‍, കലുഗ മേഖലകളിലും ആക്രമണശ്രമമുണ്ടായി. ഈ സ്ഥലങ്ങളില്‍ ഡ്രോണുകളെ വെടിവച്ചിട്ടതായി റഷ്യ അറിയിച്ചു. തെക്കന്‍ മേഖലയായ ബ്രയാന്‍സ്‌കില്‍ മൂന്ന് ഉക്രെയ്ന്‍ ഡ്രോണുകളും മധ്യമേഖലയായ ഓറിയോളില്‍ ഒരു ഡ്രോണും വീഴ്ത്തിയതായാണ് റഷ്യന്‍ സൈന്യം അവകാശപ്പെടുന്നത്.

അതിനിടെ കീവില്‍ കഴിഞ്ഞ രാത്രി നടത്തിയ മിസൈല്‍ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഒരാള്‍ക്കു പരിക്കേറ്റു. നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

സ്‌കോവ് വിമാനത്താവളത്തിന് നേരേയുണ്ടായ ആക്രമണത്തിനു പിന്നാലെ മോസ്‌കോയിലെ നുകോവ വിമാനത്താവളത്തിന് മുകളിലെ വ്യോമപാത അടച്ചിട്ടതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു. സ്‌കോവ് വിമാനത്താവളത്തില്‍നിന്ന് വിമാനങ്ങള്‍ പറന്നുയരുന്നതും ഇറങ്ങുന്നതും നിര്‍ത്തിവയ്ക്കാന്‍ മേഖലാ ഗവര്‍ണര്‍ മിഖായഷ വെദര്‍നികോവ് ഉത്തരവിട്ടു. തീ നിയന്ത്രണവിധേയമാക്കിയതായി ഗവര്‍ണര്‍ അറിയിച്ചു.

റഷ്യയില്‍ മുന്‍പും ഡ്രോണ്‍ ആക്രമണം നടന്നിട്ടുണ്ട്. കഴിഞ്ഞയാഴ്ച ബെല്‍ഗരത്ത് പ്രദേശത്തുണ്ടായ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.