ഇല്ലാത്ത വിദ്യാര്‍ത്ഥികളുടെ പേരില്‍ 144 കോടിയുടെ കേന്ദ്ര ന്യൂപക്ഷ സ്‌കോളര്‍ഷിപ്പ് തട്ടിപ്പ്: സംഭവത്തില്‍ സിബിഐ അന്വേഷണം

ഇല്ലാത്ത വിദ്യാര്‍ത്ഥികളുടെ പേരില്‍ 144 കോടിയുടെ കേന്ദ്ര ന്യൂപക്ഷ സ്‌കോളര്‍ഷിപ്പ് തട്ടിപ്പ്: സംഭവത്തില്‍ സിബിഐ അന്വേഷണം

ന്യൂഡല്‍ഹി: കേന്ദ്ര ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിതരണത്തില്‍ കേരളത്തില്‍ ഉള്‍പ്പെടെ രാജ്യവ്യാപകമായി വന്‍ തട്ടിപ്പ് നടന്നതായി വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. ഇല്ലാത്ത വിദ്യാര്‍ത്ഥികളുടെ പേരില്‍ വ്യാജരേഖകള്‍ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്.

കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലായി വ്യാജ രജിസ്ട്രേഷനുകള്‍ വഴി 144.83 കോടി രൂപ തട്ടിച്ചെന്നാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം കണ്ടെത്തിയത്. ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൈമറി തലം മുതല്‍ ഉന്നത വിദ്യാഭ്യാസത്തിനു വരെ നല്കിവന്ന സ്‌കോളര്‍ഷിപ്പിലാണ് ഈ തട്ടിപ്പ് നടന്നത്.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ഏകദേശം 830 സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഇത്തരം തട്ടിപ്പ് നടന്നതായാണ് കണ്ടെത്തല്‍. ഈ സ്ഥാപനങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ 18,0000 സ്ഥാപനങ്ങള്‍ വഴിയാണ് 2007-2008 അധ്യയന വര്‍ഷം മുതല്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പാക്കി വന്നിരുന്നത്.

ഈ പദ്ധതിയില്‍ വിദ്യാര്‍ത്ഥികളുടെ വ്യാജ ആധാര്‍ കാര്‍ഡുകളും കെവൈസി രേഖകളും ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകള്‍ തുടങ്ങിയാണ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയത്. ഈ തട്ടിപ്പിന് പിന്നില്‍ രാജ്യവ്യാപകമായ വന്‍ സംഘമാണെന്നാണ് സിബിഐയുടെ പ്രാഥമിക നിഗമനം. കേരളത്തില്‍ സ്‌കോളര്‍ഷിപ്പ് ആനൂകൂല്യത്തിനായി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ അവ്യക്തത ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.

രജിസ്റ്റര്‍ ചെയ്ത എണ്ണത്തേക്കാള്‍ കൂടുതല്‍ സ്‌കോളര്‍ഷിപ്പുകള്‍ സംസ്ഥാനത്ത് വിതരണം ചെയ്തെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. മലപ്പുറത്ത് ഒരു ബാങ്കിന്റെ ശാഖയില്‍ നിന്നു മാത്രം 66,000 സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും പരിശോധനയില്‍ വ്യക്തമായി.

ചത്തീസ്ഗഢില്‍ 62 സ്ഥാപന്ങളും രാജസ്ഥാനില്‍ 99 എണ്ണവും അസമില്‍ ആകെയുള്ള സ്ഥാപനങ്ങളിലെ 68 ശതമാനവും ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയവയെന്നു കണ്ടെത്തി. കര്‍ണാടകയിലെ പരിശോധന നടത്തിയതില്‍ 64 ശതമാനവും ഉത്തര്‍പ്രദേശില്‍ 44 ശതമാനവും പശ്ചിമ ബംഗാളില്‍ സംസ്ഥാനത്തെ 39 ശതമാനം സ്ഥാപനങ്ങളിലും അഴിമതി നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ജമ്മുകശ്മീരില്‍ ആകെ 5000 വിദ്യാര്‍ത്ഥികള്‍ സ്‌കോളര്‍ഷിപ്പിന്നായി അപേക്ഷിച്ചപ്പോള്‍ 7000 സ്‌കോളര്‍ഷിപ്പുകളാണ് വിതരണം ചെയ്തതെന്നും പരിശോധനയില്‍ കണ്ടെത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.