'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്':എട്ടംഗ സമിതി രൂപീകരിച്ച് വിജ്ഞാപനമിറക്കി; അമിത് ഷായും അധീര്‍ രഞ്ജന്‍ ചൗധരിയും അംഗങ്ങള്‍

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്':എട്ടംഗ സമിതി രൂപീകരിച്ച് വിജ്ഞാപനമിറക്കി; അമിത് ഷായും അധീര്‍ രഞ്ജന്‍ ചൗധരിയും അംഗങ്ങള്‍

ന്യൂഡല്‍ഹി: 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' വിഷയം പഠിക്കുന്നതിനുള്ള സമിതി രൂപികരിച്ച് കേന്ദ്രം വിജ്ഞാപനമിറക്കി. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ എട്ടംഗ സമിതിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ അംഗങ്ങളാണ്.

മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ അധ്യക്ഷന്‍ ആയിരുന്ന എന്‍.കെ സിങ്, ലോക്സഭാ മുന്‍ സെക്രട്ടറി ജനറല്‍ സുബാഷ് കശ്യപ്, സീനിയര്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ, മുന്‍ വിജിലന്‍സ് കമ്മീഷണര്‍ സഞ്ജയ് കോത്താരി എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.

കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ സമിതിയുടെ യോഗങ്ങളില്‍ പങ്കെടുക്കും. കേന്ദ്ര നിയമ സെക്രട്ടറി നിതേന്‍ ചന്ദ്ര ആണ് സമിതിയുടെ സെക്രട്ടറി.

ലോക്സഭാ തിരഞ്ഞെടുപ്പും സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്താനാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതിലൂടെ വന്‍ സാമ്പത്തിക ബാധ്യത ഒഴിവാക്കാനാവുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് പുതിയ നീക്കമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.


സമിതിയുടെ പരിഗണന വിഷയങ്ങള്‍ ഇവയാണ്:

1. ലോക്സഭയിലേക്കും നിയമസഭയിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും (മുന്‍സിപ്പാലിറ്റികള്‍, പഞ്ചായത്തുകള്‍) ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിന് ഭരണഘടനയിലും ജനപ്രാതിനിധ്യ നിയമത്തിലും വരുത്തേണ്ട ഭേദഗതികള്‍ സംബന്ധിച്ച പരിശോധിക്കും.

2. ഭരണഘടനാ ഭേദഗതിക്ക് സംസ്ഥാനങ്ങളുടെ അനുമതി ആവശ്യമാണോ എന്നതിലുളള പരിശോധന.

3. തൂക്ക് സഭ, കാലാവധി പൂര്‍ത്തിയാകാതെ അവിശ്വാസ പ്രമേയത്തത്തിലൂടെ സഭ പിരിച്ചുവിടല്‍ എന്നീ സാഹചര്യങ്ങളില്‍ എന്തുചെയ്യണം എന്നതിനേക്കുറിച്ചുള്ള പരിശോധന.

4. ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള രൂപരേഖയും സമയക്രമവും തയ്യാറാക്കല്‍. എത്ര ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തണം എന്നതിനേക്കുറിച്ചുള്ള ശുപാര്‍ശ തയ്യാറാക്കല്‍.

5. മുടക്കമുണ്ടാകാതെ തുടര്‍ച്ചയായി ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ശുപാര്‍ശ തയ്യാറാക്കല്‍.

6. ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നിന് ആവശ്യമായ ഇ.വി.എം, വി.വി പാറ്റ് തുടങ്ങി സാങ്കേതിക-മാനുഷിക വിഭവങ്ങള്‍ അടക്കമുള്ള സൗകര്യങ്ങളെക്കുറിച്ചുള്ള പരിശോധന.

7. ഒരുമിച്ച് നടക്കുന്ന തിരഞ്ഞെടുപ്പിന് ഒറ്റ വോട്ടര്‍ പട്ടികയും തിരിച്ചറിയല്‍ കാര്‍ഡും ഉപയോഗിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ചുള്ള പരിശോധന.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.