ചരിത്രനേട്ടങ്ങളുമായി യു.എ.ഇ ബഹിരാകാശയാത്രികന്‍ അല്‍ നെയാദി ഭൂമിയില്‍ തിരിച്ചെത്തി; അഭിനന്ദന പ്രവാഹവുമായി ജന്മനാട്‌

ചരിത്രനേട്ടങ്ങളുമായി യു.എ.ഇ ബഹിരാകാശയാത്രികന്‍ അല്‍ നെയാദി ഭൂമിയില്‍ തിരിച്ചെത്തി; അഭിനന്ദന പ്രവാഹവുമായി ജന്മനാട്‌

ദുബായ്: ആറു മാസത്തിലേറെ നീണ്ട ബഹിരാകാശവാസത്തിനു ശേഷം യു.എ.ഇ ബഹിരാകാശയാത്രികന്‍ സുല്‍ത്താന്‍ അല്‍ നെയാദി അടക്കമുള്ള നാലംഗ സംഘം സുരക്ഷിതരായി ഭൂമിയിലെത്തി. ഇന്ന് രാവിലെ 8.17 നാണ് ബഹിരാകാശ വാഹനമായ സ്പേസ് എക്സ് ഡ്രാഗണ്‍ ക്യാപ്സ്യൂള്‍ ഫ്ളോറിഡ തീരത്ത് സമുദ്രത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്.

ഭൂമിയില്‍നിന്ന് 400 കിലോമീറ്റര്‍ അകലെയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്). ഞായറാഴ്ചയാണ് ബഹിരാകാശ നിലയത്തില്‍ നിന്ന് പേടകം വിജയകരമായി അണ്‍ഡോക്ക് ചെയ്തത്. അവിടെ നിന്ന് 17 മണിക്കൂര്‍ യാത്ര നടത്തിയത് സംഘം ഭൂമിയിലെത്തിയത്. ശനിയാഴ്ച്ച മടങ്ങാന്‍ തീരുമാനിച്ചിരുന്നെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്‍ യാത്ര വൈകിപ്പിക്കുകയായിരുന്നു.

അല്‍ നെയാദി, അദ്ദേഹത്തിന്റെ ഒപ്പമുള്ള ക്രൂ-6 അംഗങ്ങളായ സ്റ്റീഫന്‍ ബോവന്‍, വുഡി ഹോബര്‍ഗ് (അമേരിക്ക), ആന്ദ്രേ ഫെഡ്യേവ് (റഷ്യ) എന്നിവരെ വഹിച്ച പേടകം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച ശേഷം പാരച്യൂട്ടുകള്‍ വിന്യസിക്കുകയായിരുന്നു. നാല് പാരച്യൂട്ടുകളുടെ സഹായത്താല്‍ പേടകം സെക്കന്‍ഡില്‍ 25 അടി വേഗത്തിലാണ് താഴെയിറങ്ങിയത്.

ആറു മാസത്തോളം ബഹിരാകാശത്ത് താമസിച്ച നെയാദി അടക്കമുള്ളവര്‍ക്ക് ഭൂമിയിലെ സാഹചര്യങ്ങളുമായി ഇണങ്ങാന്‍ ഏറെ സമയമെടുക്കും. ഒരു മാസത്തോളം നീളുന്ന മെഡിക്കല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമാണ് ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനാവുക.

ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ ആദ്യ അറബ് വംശജന്‍, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഏറ്റവും കൂടുതല്‍ കാലം താമസിച്ച യുഎഇ ബഹിരാകാശ സഞ്ചാരി എന്നീ ചരിത്രനേട്ടങ്ങളുമായാണ് അല്‍ നെയാദി തിരിച്ചെത്തുന്നത്.

ബഹിരാകാശത്ത് താമസിച്ചിരുന്ന സമയത്ത്, അല്‍ നെയാദി ബഹിരാകാശത്ത് നിന്നുള്ള ഭൂമിയുടെ അതിശയകരമായ കാഴ്ചകള്‍ പോസ്റ്റ് ചെയ്തിരുന്നു. തന്റെ നേട്ടങ്ങളും വെല്ലുവിളികളും പങ്കുവെക്കുന്ന വീഡിയോകളും പോസ്റ്റ് ചെയ്യുകയുണ്ടായി.

ആറ് മാസത്തെ ബഹിരാകാശ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ അല്‍ നെയാദിയെ സ്വീകരിക്കാന്‍ യുഎഇയില്‍ വന്‍ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. ഇതിനിടെ റോഡിലെ ഇലക്ട്രോണിക് ബോര്‍ഡുകളിലൊക്കെ നെയാദിക്ക് സ്വാഗതമോതിക്കഴിഞ്ഞു.

2023 മാര്‍ച്ച് രണ്ടിനാണ് ഫ്ളോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് സ്പേസ് എക്സ് ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ സംഘം യാത്രതിരിച്ചത്. തൊട്ടടുത്ത ദിവസം ബഹിരാകാശ നിലയത്തില്‍ ഇറങ്ങുകയും ചെയ്തു. 186 ദിവസങ്ങള്‍ അവിടെ കഴിച്ചുകൂട്ടിയ അല്‍ നെയാദി ഏഴ് മണിക്കൂറും ഒരു മിനിറ്റും കൊണ്ട് ബഹിരാകാശ നടത്തവും പൂര്‍ത്തിയാക്കി.

നാടിനു വേണ്ടി ചരിത്ര നേട്ടം സ്വന്തമാക്കിയ നെയാദിയെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അടക്കമുള്ളവര്‍ പ്രശംസിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.