ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്: കേന്ദ്രത്തിന് അനിയന്ത്രിതമായ അധികാരം നല്‍കാനുള്ള അജണ്ടക്കെതിരെ ജനാധിപത്യ ശക്തികള്‍ മുന്നോട്ട് വരണം: മുഖ്യമന്ത്രി

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്: കേന്ദ്രത്തിന് അനിയന്ത്രിതമായ അധികാരം നല്‍കാനുള്ള അജണ്ടക്കെതിരെ ജനാധിപത്യ ശക്തികള്‍ മുന്നോട്ട് വരണം: മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്രത്തിന് തടസമില്ലാത്ത അധികാരം നല്‍കാനുള്ള ഹീനമായ അജണ്ടയുടെ ഭാഗമായി 'ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്' സംവിധാനം കൊണ്ടുവരാനുള്ള നീക്കങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്കണ്ഠ രേഖപ്പെടുത്തി.

ഈ ശ്രമത്തെ രാജ്യത്തെ ജനാധിപത്യ ശക്തികളെ ശക്തമായി ചെറുക്കണമെന്ന് ആഹ്വാനം ചെയ്തു. ഇന്ത്യ എന്ന ആശയത്തിനും പാര്‍ലമെന്ററി ജനാധിപത്യത്തിനും മേലുള്ള കടുത്ത ഭീഷണിയാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്. സംഘപരിവാര്‍ ഉയര്‍ത്തുന്ന 'ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്' മുദ്രാവാക്യം ഈ ഭീഷണി ശക്തമാക്കുന്നു.

രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ അട്ടിമറിച്ച് കേന്ദ്രത്തിന് അനിയന്ത്രിതമായ അധികാരം നല്‍കാനുള്ള സംഘപരിവാറിന്റെ അജണ്ടയാണ് ഇത് വെളിപ്പെടുത്തുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

സംസ്ഥാനങ്ങളില്‍ അധികാരം പിടിക്കാനുള്ള കുറുക്കുവഴികള്‍ കണ്ടെത്തുകയും കേന്ദ്രത്തിന്റെ ആജ്ഞകള്‍ക്ക് മുന്നില്‍ തലകുനിക്കാതിരിക്കുകയും ചെയ്യുന്ന സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തുകയാണ് അജണ്ട. ഇന്ത്യന്‍ പാര്‍ലമെന്ററി സമ്പ്രദായത്തിന്റെ നെടുംതൂണായി പ്രവര്‍ത്തിക്കുന്ന രാജ്യസഭയുടെ പ്രാധാന്യത്തെ ചോദ്യം ചെയ്യുന്നതാണ് സംഘപരിവാറിന്റെ ഇത്തരമൊരു ശ്രമം.

ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്താനുള്ള ഏതൊരു നീക്കവും രാജ്യസഭയുടെ രാഷ്ട്രീയ വൈവിധ്യത്തെ ഇല്ലാതാക്കും. ഈ വര്‍ഷം നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ പരാജയഭീതിയിലാണ് സംഘപരിവാര്‍ ഇത്തരമൊരു നീക്കത്തിലേക്ക് കടക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ തിരിച്ചടി വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലത്തെ ബാധിക്കുമെന്നും കേന്ദ്രത്തില്‍ എന്‍ഡിഎയ്ക്ക് പിടിച്ചുനില്‍ക്കാനാവില്ലെന്നുമുള്ള രാഷ്ട്രീയ യാഥാര്‍ത്ഥ്യം അവരെ ആശങ്കയിലാഴ്ത്തുന്നതായാണ് മുഖ്യമന്ത്രി ആരോപിച്ചത്.

ഒരു ജനാധിപത്യ രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യയുടെ അസ്തിത്വം തന്നെ അട്ടിമറിക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും ചെറുക്കപ്പെടേണ്ടതാണ്. ഭരണഘടനാ മൂല്യങ്ങള്‍ തകര്‍ത്ത് പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തിന്റെ വൈവിധ്യം തകര്‍ക്കാന്‍ ലക്ഷ്യമിടുന്ന നടപടികള്‍ക്കെതിരെ രാജ്യത്തെ ജനാധിപത്യ ശക്തികള്‍ മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.