പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: ഗോവിന്ദന്‍ ക്യാപ്സൂള്‍ നേരത്തെ ഇറക്കിയെന്ന് കെ.സുധാകരന്‍

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: ഗോവിന്ദന്‍ ക്യാപ്സൂള്‍ നേരത്തെ ഇറക്കിയെന്ന് കെ.സുധാകരന്‍

തിരുവനന്തപുരം: പുതുപ്പള്ളിയില്‍ യുഡിഎഫിന് ബിജെപി വോട്ടുമറിച്ചെന്ന ക്യാപ്സൂള്‍ നേരത്തെ ഇറക്കി സിപിഎം സെക്രട്ടറി എം.വി ഗോവിന്ദന്‍ അപഹാസ്യനായെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. എട്ടാം തിയതിയിലേക്കു വച്ചിരുന്ന ക്യാപ്സൂള്‍ അറിയാതെ അദേഹത്തിന്റെ നാവില്‍ നിന്നു പുറത്തു വന്നു. പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് ഉറപ്പുള്ളതിനാലാണ് സിപിഎം ഈ ക്യാപ്സൂള്‍ തയാറാക്കി വച്ചിരിക്കുന്നതെന്നാണ് സുധാകരന്‍ പറയുന്നത്.

ഫലം പുറത്തുവരുന്നതിനു മുമ്പേ സിപിഎമ്മില്‍ ആഭ്യന്തര കലാപത്തിന്റെ കൊടി ഉയര്‍ന്നു കഴിഞ്ഞു. തിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തല്‍ ആകുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രിക്കിട്ട് ഒന്നാന്തരം പണികൊടുത്ത ഗോവിന്ദനെ സഹായിക്കാന്‍ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് കൂടിയായ തോമസ് ഐസക്ക് ഭരണ യന്ത്രം തുരുമ്പിച്ചെന്ന് വരെ ലേഖനം എഴുതിയെന്നും അദേഹം പ്രതികരിച്ചു.

പിണറായി വിജയന്റെ അന്ത്യം കുറിക്കുന്ന തിരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവരാന്‍ പോകുന്നതെന്നും പിണറായിയുടെ മാടമ്പി സ്വഭാവം സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് പോലും സഹിക്കാവുന്നതിനപ്പുറമാണെന്നും സുധാകരന്‍ ആരോപിച്ചു. ഇടതുമുന്നണിയിലും സര്‍ക്കാരിലും ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടു. കര്‍ഷകരുടെ അന്നവും സ്‌കൂള്‍ കുട്ടികളുടെ ഉച്ചക്കഞ്ഞിയും മുടക്കിയ സര്‍ക്കാരാണിത്.

ഇടതുമുന്നണിയുടെ തകര്‍ച്ചയുടെ ആഘാതം കൂട്ടുന്നതായിരിക്കും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം. സര്‍ക്കാരിനെതിരെ ആളിക്കത്തുന്ന ജനരോഷമാണ് പുതുപ്പള്ളിയില്‍ കാണാനായതെന്നും ഇക്കാര്യം തിരിച്ചറിഞ്ഞ മന്ത്രിമാര്‍ ഒരു നേര്‍ച്ചപോലെ അവിടെയെത്തി മടങ്ങിപ്പോകുകയാണു ചെയ്തതെന്നും അദേഹം പറഞ്ഞു.

ചില ബൂത്തുകളില്‍ പോളിങ് വൈകിയതിനാല്‍ ഒട്ടേറെ പേര്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയാത്ത സാഹചര്യവും ഉണ്ടായി. സാങ്കേതിക തകരാര്‍ എന്നാണ് വിശദീകരണമെങ്കിലും ഇത് പരിശോധിക്കേണ്ട വിഷയമാണ്. പുതുപ്പള്ളിയില്‍ വോട്ടിങ് ശതമാനം കുറഞ്ഞതില്‍ ഏതെങ്കിലും തരത്തിലുള്ള ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതാണെന്നും സുധാകരന്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.