ലിംഗമാറ്റ ശസ്ത്രക്രിയ നടത്താന്‍ ജീവനക്കാര്‍ക്ക് പാരിതോഷികം; അമേരിക്കന്‍ തൊഴില്‍ വെബ്‌സൈറ്റ് ഇന്‍ഡീഡിന്റെ നടപടി വിവാദത്തില്‍

ലിംഗമാറ്റ ശസ്ത്രക്രിയ നടത്താന്‍ ജീവനക്കാര്‍ക്ക് പാരിതോഷികം; അമേരിക്കന്‍ തൊഴില്‍ വെബ്‌സൈറ്റ് ഇന്‍ഡീഡിന്റെ നടപടി വിവാദത്തില്‍

ടെക്‌സാസ്: കുട്ടികളില്‍ ഉള്‍പ്പെടെ ലിംഗമാറ്റ ശസ്ത്രക്രിയകള്‍ പ്രോല്‍സാഹിപ്പിക്കുംവിധം അമേരിക്കയിലെ ഒരു ബഹുരാഷ്ട്ര കമ്പനി നടപ്പാക്കിയ നയങ്ങള്‍ വിവാദത്തിലേക്ക്. ലിംഗമാറ്റ ശസ്ത്രക്രിയ നടത്താന്‍ താല്‍പര്യമുള്ള ജീവനക്കാര്‍ക്കും അവരുടെ മക്കള്‍ക്കും സാമ്പത്തിക സഹായം നല്‍കാന്‍, പ്രമുഖ തൊഴില്‍ വെബ്‌സൈറ്റ് 'ഇന്‍ഡീഡ്' എടുത്ത തീരുമാനമാണ് വിവാദങ്ങള്‍ക്കു വഴിതെളിച്ചിരിക്കുന്നത്.

ജീവനക്കാരന്‍ താമസിക്കുന്ന സംസ്ഥാനത്ത് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ മറ്റൊരു സംസ്ഥാനത്തേക്കു പോകാനുള്ള സഹായമാണു കമ്പനി നല്‍കുക. ഇതിനു വേണ്ടിയുള്ള ചെലവുകള്‍ക്കായി ജീവനക്കാര്‍ക്കും അവരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്കും 10,000 ഡോളറാണ് കമ്പനി അനുവദിക്കുന്നത്. ആക്‌സിയോസ് എന്ന അമേരിക്കന്‍ വാര്‍ത്താ പോര്‍ട്ടലാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. കമ്പനിയുടെ ഈ പുതിയ തീരുമാനത്തിനെതിരേ വിവിധ കോണുകളില്‍നിന്ന് വലിയ എതിര്‍പ്പാണ് ഉയരുന്നത്.

എന്നാല്‍ ട്രാന്‍സ്ജെന്‍ഡര്‍, സ്വവര്‍ഗാനുരാഗികള്‍ തുടങ്ങിയ വിഭാഗത്തിലുള്ള സഹപ്രവര്‍ത്തകര്‍ തങ്ങളുടെ ബിസിനസിനും സംസ്‌കാരത്തിനും അവിഭാജ്യ ഘടകമാണെന്ന നിലപാടാണ് ഇക്കാര്യത്തില്‍ കമ്പനി വൈസ് പ്രസിഡന്റ് മിസ്റ്റി ഗെയ്തര്‍ വ്യക്തമാക്കുന്നത്. സമൂഹത്തില്‍ ഇത്തരം ആശയങ്ങള്‍ പ്രോല്‍സാഹിപ്പിക്കാനുള്ള കമ്പനിയുടെ തീരുമാനത്തിനെതിരേ ക്രൈസ്തവ സംഘടനകള്‍ ഉള്‍പ്പെടെ വിമര്‍ശനം ഉന്നയിച്ചുകഴിഞ്ഞു.

കഴിഞ്ഞ ജൂലൈയിലാണ് കമ്പനി ഈ നയം പ്രാബല്യത്തില്‍ കൊണ്ടുവന്നത്. എന്നാല്‍ ഓഗസ്റ്റ് 30-നാണ് ഇക്കാര്യം പുറത്തുവിട്ടത്. അമേരിക്കയിലെ 20ലധികം സംസ്ഥാനങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ട്രാന്‍സ്‌ജെന്‍ഡര്‍ ശസ്ത്രക്രിയ നല്‍കുന്നതില്‍ നിന്ന് ഡോക്ടര്‍മാരെ വിലക്കുന്ന നിയമങ്ങള്‍ നിലവിലുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയകള്‍ നിരോധിക്കുന്ന നിയമങ്ങള്‍ ഓരോ സംസ്ഥാനങ്ങളിലും വ്യത്യാസപ്പെട്ടിരിക്കുന്നു. ആത്യന്തികമായി ഇത്തരം മെഡിക്കല്‍ പ്രക്രിയകള്‍ പ്രായപൂര്‍ത്തിയാകാത്തവരെ വന്ധ്യംകരിക്കുകയും പലര്‍ക്കും വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.

തൊഴിലാളികള്‍ക്ക് വിചിത്രമായ ഇത്തരം ആനുകൂല്യങ്ങള്‍ നല്‍കാനുള്ള ഇന്‍ഡീഡിന്റെ തീരുമാനത്തെ റിച്ചാര്‍ഡ് ആന്‍ഡ് ഹെലന്‍ ദേവോസ് സെന്റര്‍ ഫോര്‍ ലൈഫ് റിലീജിയന്‍ ആന്‍ഡ് ഫാമിലിയുടെ ഡയറക്ടര്‍ ജെയ് റിച്ചാര്‍ഡ്‌സ് വിമര്‍ശിച്ചു.

ഇത്തരം പബ്ലിസിറ്റി സ്റ്റണ്ടുകളിലൂടെ ലഭിക്കുന്ന പ്രയോജനങ്ങള്‍ തങ്ങള്‍ക്കുണ്ടാകുന്ന ചെലവിനെ മറികടക്കുമെന്നാണ് പല അമേരിക്കന്‍ കമ്പനികളും കരുതുന്നത്. ഈ നയം അതിന് ഒരു ഉദാഹരണമാണ് - റിച്ചാര്‍ഡ്‌സ് കാത്തലിക് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. ഇത്രയും വലിയ പ്രചാരണം കൊടുക്കാന്‍ മാത്രം എത്ര ജീവനക്കാര്‍ തങ്ങളുടെ കുട്ടികള്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താന്‍ ആഗ്രഹിക്കുന്നു എന്നത് ചോദ്യചിഹ്നമാണ്.

അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ 2016 നും 2020 നുമിടയില്‍ നടന്ന ട്രാന്‍സ്ജെന്‍ഡര്‍ ശസ്ത്രക്രിയകള്‍ക്കു വിധേയരായവരില്‍ എട്ടു ശതമാനം പേര്‍ 12 നും 18 നും ഇടയില്‍ പ്രായമുള്ളവരാണ്. ഈ പ്രായപരിധിയിലുള്ള 3,678 പേര്‍ക്കാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. പെണ്‍കുട്ടികളില്‍ ആരോഗ്യമുള്ള സ്തനങ്ങള്‍ നീക്കം ചെയ്യുകയും ആണ്‍കുട്ടികളില്‍ കൃത്രിമ സ്തനങ്ങള്‍ വച്ചുപിടിപ്പിക്കുകയും ചെയ്യുന്നതതാണ് ഇത്തരം ശസ്ത്രക്രിയകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.