പുതുപ്പള്ളിയില്‍ പോസ്റ്റല്‍ ബാലറ്റ് എണ്ണിത്തുടങ്ങി: 320 വോട്ടിന് ചാണ്ടി ഉമ്മന്‍ ലീഡ് ചെയ്യുന്നു

പുതുപ്പള്ളിയില്‍ പോസ്റ്റല്‍ ബാലറ്റ് എണ്ണിത്തുടങ്ങി: 320 വോട്ടിന് ചാണ്ടി ഉമ്മന്‍ ലീഡ് ചെയ്യുന്നു

കോട്ടയം:പുതുപ്പള്ളിയില്‍ പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നത് തുടരുമ്പോള്‍ ചാണ്ടി ഉമ്മന്‍ വ്യക്തമായ ലീഡ് തുടരുന്നു. 320 വോട്ടിന് ചാണ്ടി ഉമ്മന്‍ ലീഡ് ചെയ്യുന്നു.

വോട്ടെണ്ണല്‍ തുടങ്ങും മുമ്പേ യുഡിഎഫ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിയിരുന്നു. വോട്ടിങ് കേന്ദ്രത്തിന് മുമ്പില്‍ ചാണ്ടി ഉമ്മന്റെ പോസ്റ്ററുകളുയര്‍ത്തിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷം നടത്തുന്നത്.

പ്രതീക്ഷിച്ചതിലും അല്‍പം വൈകിയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. രാവിലെ എട്ടിന് ശേഷമാണ് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന ബസേലിയസ് കോളേജിലെ സ്‌ട്രോങ് റൂം തുറന്നത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ തറവാടായ കരോട്ട് വള്ളക്കാലിലെ വീട്ടില്‍ ഇരുന്നാണ് തിരഞ്ഞെടുപ്പ് ഫലം കാണുന്നത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ ഇരുന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ് ഫലം അറിയുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലും പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിലുണ്ട്.

എക്‌സിറ്റ് പോളുകളടക്കം പുറത്ത് വന്നതോടെ വന്‍ വിജയ പ്രതീക്ഷയിലാണ് യുഡിഎഫ്. മുമ്പെങ്ങുമില്ലാത്ത ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ് നേതാക്കള്‍. 25,000-32,000 വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ വിലയിരുത്തല്‍.

വോട്ടെണ്ണല്‍ തുടങ്ങി രണ്ട് മണിക്കൂറിനകം ഫലമറിയാനാകുന്ന വിധത്തിലാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ക്രമീകരണങ്ങള്‍. ആകെ 20 മേശകളിലായാണ് കൗണ്ടിങ് നടക്കുന്നത്.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനോട് അനുബന്ധിച്ച് ഇന്ന് ബസേലിയസ് കോളേജിനു സമീപം കെ.കെ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ എട്ട് മുതല്‍ വോട്ടെണ്ണല്‍ അവസാനിക്കുന്നതുവരെയാണ് നിയന്ത്രണം.

കഞ്ഞിക്കുഴി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ കളക്ടറേറ്റ് ജംഗ്ഷനില്‍ എത്തി ലോഗോസ് ജംഗ്ഷന്‍- ശാസ്ത്രി റോഡ് വഴി പോകണം. ജനറല്‍ ആശുപത്രി ഭാഗത്തുനിന്നു കളക്ടറേറ്റ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ബസേലിയസ് കോളേജ് ജംഗ്ഷനിലെത്തി ഈരയില്‍ കടവ് ജംഗ്ഷന്‍ വഴി യാത്ര തുടരാം.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.