ട്രിപ്പോളി: കനത്ത കൊടുങ്കാറ്റും മഴയും മൂലമുണ്ടായ മിന്നൽ പ്രളയത്തിൽ കിഴക്കൻ ലിബിയയിൽ മരണപ്പെട്ടവരുടെ എണ്ണം 5,000 കടന്നു. 10,000ത്തിലധികം പേരെ കാണാതായി. ദുരിതം ബാധിച്ചവരുടെ ഔദ്യോഗിക കണക്കുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
കിഴക്കൻ ലിബിയയിൽ ഞായറാഴ്ച വീശിയടിച്ച ഡാനിയേൽ കൊടുങ്കാറ്റാണ് വടക്കേ ആഫ്രിക്കൻ രാജ്യമായ ലിബിയയെ പ്രളയത്തിൽ മുക്കുന്നത്. കനത്ത മഴയിലും കാറ്റിലും ദെർനയിലെ രണ്ട് അണക്കെട്ടുകൾകൂടി തകർന്നതോടെ ലിബിയ അക്ഷരാർഥത്തിൽ ദുരന്ത മുഖമായി മാറി. ഇത് ലിബിയയിലെ രണ്ടാമത്തെ വലിയ നഗരമായ ബെംഗാസിയെയും വെള്ളപ്പൊക്കത്തിൽ മുക്കി. പലയിടത്തും നഗരങ്ങൾ പൂർണമായും തകർന്ന നിലയിലാണ്.
ഏകദേശം 1,25,000 പേർ അധിവസിക്കുന്ന ദെർനയാണ് പ്രളയം നേരിട്ടു ബാധിച്ച നഗരങ്ങളിൽ ഒന്ന്. നഗരത്തിന്റെ 25 ശതമാനമെങ്കിലും പ്രളയമെടുത്തു എന്നാണ് ആഭ്യന്തര മന്ത്രി പറഞ്ഞത്. ആശുപത്രി ഇടനാഴികളിൽ വരെ മൃതദേഹങ്ങൾ കുമിഞ്ഞു കൂടുന്ന സ്ഥിതിയാണെന്ന് അന്താരാഷ്ട്ര വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
അതേ സമയം ലിബിയയിലെ രണ്ടാമത്തെ വലിയ നഗരമായ ബെംഗാസി ഉൾപ്പെടെയുള്ള കിഴക്കൻ നഗരങ്ങളിലും മരണസംഖ്യ കുത്തനെ ഉയരുകയാണെന്ന് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ് ആൻഡ് റെഡ് ക്രസന്റ് സൊസൈറ്റിയുടെ പ്രതിനിധി സംഘം അറിയിച്ചു. പ്രധാന നഗരമായ ബെൻഗാസിയിൽ ആയിരക്കണക്കിന് കുടുംബങ്ങൾ പ്രദേശത്തെ സ്കൂളുകളിലും സർക്കാർ കെട്ടിടങ്ങളിലും അഭയം തേടിയിരിക്കുകയാണ്. കഴിഞ്ഞദിവസം ഒരൊറ്റ ഖബർസ്ഥാനിൽ മാത്രം 200പേരെ ഖബറടക്കിയെന്ന് ഡെർനയിലെ തൊഴിലാളികൾ പറഞ്ഞു.
ഗ്രീസ്, ബൾഗേറിയ തുടങ്ങിയ രാജ്യങ്ങളിൽ നാശം വിതച്ച ശേഷം ഡെർനയിൽ ആഞ്ഞടിച്ച ഡാനിയേൽ ചുഴലിക്കാറ്റാണ് പേമാരിയ്ക്കും മിന്നൽപ്രളയത്തിനും കാരണമായത്. ഞായറാഴ്ചയാണ് ഡാനിയേൽ മെഡിറ്ററേനിയൻ ഭാഗത്തെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.