ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം തുടങ്ങുന്നതിന്റെ തലേന്ന് സര്‍വകക്ഷി യോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെയാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം. 17 ന് വൈകുന്നേരം 4:30 ന് സര്‍വകക്ഷി യോഗം നടക്കുമെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുടെ എല്ലാ നേതാക്കള്‍ക്കും ഇ മെയില്‍ വഴി ക്ഷണക്കത്ത് അയച്ചിട്ടുണ്ടെന്നും അദേഹം എക്‌സില്‍ എഴുതി.
സര്‍വകക്ഷി സമ്മേളനത്തിന്റെ ഒരു അജണ്ടയും പ്രഖ്യാപിക്കാത്തതിനെ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വിമര്‍ശിക്കുകയും സഭയുടെ മുന്‍ പ്രത്യേക സമ്മേളനങ്ങളുടെ പട്ടിക ട്വീറ്റ് ചെയ്യുകയും ചെയ്തു. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്റെ അജണ്ടയെക്കുറിച്ച് ഇപ്പോഴും ഒരു വാക്കും ഇല്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രിയന്‍ പറഞ്ഞു.
പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ സമ്മേളനം ആരംഭിക്കുമെന്നും അടുത്ത ദിവസം പുതിയ മന്ദിരത്തിലേക്ക് മാറുമെന്നും ഉദ്യോഗസ്ഥര്‍ നേരത്തെ അറിയിച്ചിരുന്നു. സെപ്തംബര്‍ 19 ന് ഗണേശ ചതുര്‍ഥിയോട് അനുബന്ധിച്ച് പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാറുമെന്നാണ് വവരം.
ഇന്ത്യയെ ഭാരത് എന്ന് പുനര്‍നാമകരണം ചെയ്യുന്നതിനുള്ള പ്രമേയം സര്‍ക്കാര്‍ പ്രത്യേക സമ്മേളനത്തില്‍ കൊണ്ടു വന്നേക്കും. ഇന്ത്യന്‍ ഭരണഘടന നിലവില്‍ രാജ്യത്തെ വിശേഷിപ്പിക്കുന്നത് 'ഇന്ത്യ എന്ന ഭാരതം' എന്നാണ്, എന്നാല്‍ ഇത് 'ഭാരതം' എന്ന് ഭേദഗതി ചെയ്യാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.