തിരുവനന്തപുരം: കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം ആയതായി നിയമസഭയില്‍ പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളപ്പിറവി ദിനത്തില്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലായിരുന്നു ചട്ടം 300 പ്രകാരം മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
കേരളം അതിദാരിദ്ര്യമുക്തം ആണെന്നുള്ള പ്രഖ്യാപനം ശുദ്ധ തട്ടിപ്പാണെന്നും ചട്ടങ്ങള്‍ ലംഘിച്ചാണ് നിയമസഭാ സമ്മേളം ചേര്‍ന്നിരിക്കുന്നതെന്നും ആരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോകുകയായിരുന്നു. കേരളപ്പിറവി ദിനത്തില്‍ കേരളം കൈവരിച്ച ചരിത്ര നേട്ടം സഹിക്കവയ്യാതെ ഇറങ്ങിപ്പോയ പ്രതിപക്ഷത്തെ ചരിത്രം വിലയിരുത്തുമെന്നായിരുന്നു ഇതിനോട് മന്ത്രി എം.ബി രാജേഷിന്റെ പ്രതികരണം. പിന്നീട് കേരളം കൈവരിച്ച നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കുകയും ചെയ്തു.
കേരളത്തിലെ ജനങ്ങളോട് ഈ പ്രഖ്യാപനം നടത്തുന്ന വേളയില്‍ ഈ സഭയില്‍ ഇരിക്കാന്‍ കഴിയുന്നു എന്നത് മുഴുവന്‍ നിയമസഭാ അംഗങ്ങള്‍ക്കും അഭിമാനകരമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് വൈകുന്നേരം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് പൊതു പ്രഖ്യാപനം നടക്കുക. ചരിത്ര പ്രധാനമായ ഒരു കാര്യമായതുകൊണ്ടാണ് നിയമസഭാ നടപടിക്രമത്തിലൂടെ ഇത് പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്ന് പറയുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
2021 ലാണ് അതിദാരിദ്ര്യമുക്ത യജ്ഞം സര്‍ക്കാര്‍ തുടങ്ങിയത്. സര്‍വേയിലൂടെ അതിദരിദ്രരായി കണ്ടെത്തിയ 64,006 കുടുംബങ്ങളില്‍ 4445 പേര്‍ അഞ്ച് കൊല്ലത്തിനിടെ മരിച്ചു. അലഞ്ഞുതിരിഞ്ഞ് നടന്ന 231 കുടുംബങ്ങളെ കണ്ടെത്താനോ സഹായിക്കാനോ ആയില്ല. ഒന്നിലേറെ തദ്ദേശ സ്ഥാപനങ്ങളിലെ പട്ടികയില്‍പ്പെട്ട 47 നാടോടികളെ ഒരിടത്ത് മാത്രം നിലനിര്‍ത്തി. ഇവരുള്‍പ്പെട്ട 4723 കുടുംബങ്ങളെ പട്ടികയില്‍ നിന്ന് താല്‍കാലികമായി ഒഴിവാക്കിയുമാണ് അതിദാരിദ്ര്യമുക്ത സംസ്ഥാനത്തിന്റെ പ്രഖ്യാപനം നടത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.