'ശിക്ഷിക്കപ്പെട്ട സാമാജികരെ ആജീവനാന്തം വിലക്കണം'; അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ഇന്ന് സുപ്രീം കോടതിയില്‍

'ശിക്ഷിക്കപ്പെട്ട സാമാജികരെ ആജീവനാന്തം വിലക്കണം'; അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ഇന്ന് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ആജീവനാന്തം വിലക്കണമെന്ന് അമിക്കസ് ക്യൂറി സുപ്രീം കോടതിയില്‍. ദേശീയ രാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നിര്‍ദേശം അടങ്ങിയ റിപ്പോര്‍ട്ട് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ ബെഞ്ച് ഇന്ന് പരിഗണിക്കും.

മോഡി പരാമര്‍ശത്തില്‍ രണ്ട് വര്‍ഷം തടവിനെതിരെ രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ സൂറത്ത് അഡിഷണല്‍ സെഷന്‍സ് കോടതി വാദം കേള്‍ക്കാനിരിക്കെയാണിത്. ലോക്സഭയിലേക്കും അഞ്ച് നിയമസഭകളിലേക്കും തിരഞ്ഞെടുപ്പും അടുത്തുവരികയാണ്.

ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ ആജീവനാന്തം വിലക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായ 2016 ല്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയെ അനുകൂലിച്ചാണ് സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി അഡ്വ. വിജയ് ഹന്‍സാരിയ റിപ്പോര്‍ട്ട് നല്‍കിയത്. ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടും ശിക്ഷിക്കപ്പെടുന്നവരുടെ വിലക്ക് ആറ് വര്‍ഷമായി നിജപ്പെടുത്തുന്ന ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുമാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

പാര്‍ലമെന്റ്, നിയമസഭാ അംഗത്വം ജനങ്ങളുടെ പരമാധികാരത്തിന്റെ പ്രതീകമാണ്. അങ്ങനെയുള്ളവര്‍ കുറ്റകൃത്യങ്ങളിലൂടെ ധാര്‍മ്മികമായി അധപതിച്ചാല്‍ ആ പദവി വഹിക്കുന്നതില്‍ നിന്ന് ആജീവനാന്തം വിലക്കണം. ആറ് വര്‍ഷം വിലക്കുന്ന ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ ഏകപക്ഷീയവും ഭരണഘടനയിലെ 14-ാം അനുച്ഛേദ പ്രകാരമുള്ള തുല്യതയുടെ ലംഘനവുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോക്പാല്‍, ലോകായുക്ത, സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന്‍ നിയമങ്ങളില്‍ ആ പദവികളില്‍ നിയമിക്കപ്പെടുന്നവര്‍ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടാല്‍ പുറത്താക്കാനും ആജീവനാന്തം വിലക്കാനും വ്യവസ്ഥയുണ്ട്. ഇവരേക്കാള്‍ പവിത്രമായ പദവിയാണ് സാമാജികരുടേത്. ജനപ്രാതിനിധ്യ നിയമത്തില്‍ ശിക്ഷിക്കപ്പെട്ട സാമാജികര്‍ക്ക് ആറ് വര്‍ഷത്തെ വിലക്കേ ഉള്ളൂ. ഒരു വ്യക്തിയെ ആജീവനാന്തം വിലക്കാന്‍ നിയമങ്ങളുണ്ടാക്കിയ സമാജികര്‍ക്ക് സമാന സാഹചര്യങ്ങളില്‍ ആറ് വര്‍ഷം മാത്രം വിലക്ക്. അവര്‍ തന്നെയാണ് ആ നിയമവും ഉണ്ടാക്കിയത്. ഇത് ഏകപക്ഷീയവും ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യതയുടെ നഗ്‌നമായ ലംഘനവുമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ജനപ്രാതിനിധ്യ നിയമത്തിലെ 8-ാം വകുപ്പ് പ്രകാരം കുറ്റകൃത്യങ്ങളുടെ ഗൗരവം കണക്കിലെടുത്ത് പല വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. എല്ലാ കുറ്റത്തിനും ആറ് വര്‍ഷത്തെ വിലക്കേ ഉള്ളൂ. ബലാത്സംഗം, അഴിമതി, ലഹരിക്കടത്ത്, ഭീകരത തുടങ്ങിയ ഹീനമായ കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് പോലും മോചിതരായി ആറ് വര്‍ഷത്തിന് ശേഷം തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും നിയമനിര്‍മ്മാണ സഭകളില്‍ വീണ്ടും അംഗമാകാനും അവസരമുണ്ടാകും.

ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പിലാണ് അയോഗ്യതാവ്യവസ്ഥ ഉള്ളത്. ക്രിമിനല്‍ കേസുകളില്‍ രണ്ട് വര്‍ഷമോ കൂടുതലോ ശിക്ഷിക്കപ്പെട്ടാല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്ന ദിവസം മുതല്‍ അയോഗ്യത നിലവില്‍ വരും. ജയില്‍ മോചിതനാകുന്ന അന്ന് മുതല്‍ ആറ് വര്‍ഷമാണ് അയോഗ്യത.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.