എറ്റുമുട്ടലില്‍ ലഷ്‌കര്‍ കമാന്‍ഡറെ വധിച്ചു; അനന്ത്‌നാഗില്‍ സൈനിക നടപടി പൂര്‍ണം

എറ്റുമുട്ടലില്‍  ലഷ്‌കര്‍ കമാന്‍ഡറെ വധിച്ചു; അനന്ത്‌നാഗില്‍ സൈനിക നടപടി പൂര്‍ണം

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ അനന്ത്‌നാഗില്‍ ഏഴ് ദിവസം നീണ്ട ഭീകര വിരുദ്ധ ഓപ്പറേഷന്‍ അവസാനിച്ചു. ലഷ്‌കറെ തയ്ബ കമാന്‍ഡര്‍ ഉസൈര്‍ അഹമ്മദ് ഖാന്‍ (28) ഉള്‍പ്പെടെ രണ്ട് ഭീകരരെ വധിച്ചു.

തിങ്കളാഴ്ച കണ്ടെത്തിയ മൃതദേഹം ഉസൈര്‍ അഹമ്മദ് ഖാന്റേതാണെന്ന് സ്ഥിരീകരിച്ചു. ഇന്നലെ മറ്റൊരു ഭീകരന്റെ മൃതദേഹം കണ്ടെത്തി. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. കൊടും വനത്തിലെ ഗുഹകളില്‍ ഒളിച്ചിരുന്നാണ് ഭീകരര്‍ സൈന്യത്തെ ആക്രമിച്ചുകൊണ്ടിരുന്നത്.

മൂന്ന് ഭീകരര്‍ ഉണ്ടായിരുന്നതായാണ് സംശയമെന്ന് കാശ്മീര്‍ എഡിജിപി വിജയ് കുമാര്‍ അറിയിച്ചു. ഓപ്പറേഷന്‍ അവസാനിച്ചെങ്കിലും പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. സമീപകാലത്ത് ഭീകരര്‍ക്കെതിരെയുള്ള ദൈര്‍ഘ്യമേറിയ സൈനിക നടപടിയാണിത്.

അതേസമയം ഏറ്റുമുട്ടല്‍ തുടങ്ങിയ ബുധനാഴ്ച കാണാതായ ഒരു ജവാന്റെ മൃതദേഹം കണ്ടെത്തി. 19 രാഷ്ട്രീയ റൈഫിള്‍സിലെ പ്രദീപ് ആണ് വീരമൃത്യു വരിച്ചതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. രാഷ്ട്രീയ റൈഫിള്‍സിലെ ലെഫ്റ്റനന്റ് കേണല്‍ മന്‍പ്രീത് സിംങ്, മേജര്‍ ആശിഷ് ധൊന്‍ചക്, കാശ്മീര്‍ പൊലീസിലെ ഡി.എസ്.പി. ഹുമയൂണ്‍ ഭട്ട് എന്നിവരം വീരമൃത്യു വരിച്ചിരുന്നു. മേജര്‍ ആശിഷിനൊപ്പമുണ്ടായിരുന്ന സൈനികനാണ് പ്രദീപ്.

കോക്കര്‍നാഗ് ഗാദുലിലെ ഉള്‍വനത്തിലാണ് ഭീകരര്‍ തമ്പടിച്ചിരുന്നത്. ദുര്‍ഘട മേഖലകളില്‍ പോരാട്ടത്തിന് പരിശീലനം ലഭിച്ചവരായിരുന്നു ഇവര്‍. രഹസ്യവിവരം ലഭിച്ച സൈന്യം കഴിഞ്ഞ ബുധനാഴ്ചയാണ് ഭീകരരെ തുരത്താന്‍ ഓപ്പറേഷന്‍ തുടങ്ങിയത്. ഗുഹകളും ഇടതൂര്‍ന്ന കാടുമുള്ളതിനാല്‍ സാവധാനത്തിലായിരുന്നു സൈന്യത്തിന്റെ മുന്നേറ്റം.

ഹെലികോപ്ടറുകളും അത്യാധുനിക ഡ്രോണുകളും റോക്കറ്റ് ലോഞ്ചറുകളും ഉപയോഗിച്ചു. ഷെല്ലാക്രമണത്തില്‍ ഭീകരരുടെ താവളം തകര്‍ത്തതായും എഡിജിപി വിജയ് കുമാര്‍ അറിയിച്ചു. നിരവധി ആയുധങ്ങളും കണ്ടെത്തി. പ്രദേശത്ത് മൈനുകള്‍ സ്ഥാപിച്ച് സൈനികരെ അപായപ്പെടുത്താമെന്ന സംശയത്തില്‍ അതീവ ശ്രദ്ധയോടെയാണ് തുടര്‍നീക്കങ്ങള്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.