മോണ്‍ ആന്റണി നരികുളം ബസിലിക്ക വികാരിയായി തുടരുമെന്ന പത്രവാര്‍ത്ത തെറ്റിദ്ധാരണ ജനകമെന്ന് സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍

മോണ്‍ ആന്റണി നരികുളം  ബസിലിക്ക വികാരിയായി തുടരുമെന്ന പത്രവാര്‍ത്ത തെറ്റിദ്ധാരണ ജനകമെന്ന് സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍

കൊച്ചി: ''മോണ്‍ ആന്റണി നരികുളം ബസിലിക്ക വികാരിയായി തുടരും''എന്ന തലക്കെട്ടില്‍ നല്‍കിയ വാര്‍ത്ത തെറ്റിദ്ധാരണ ജനകമെന്ന് സീറോ മലബാര്‍ സഭാ മീഡിയ കമ്മീഷന്‍. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയുടെ വികാരി സ്ഥാനത്തുനിന്ന് ഫാദര്‍ ആന്റണി നരികുളത്തെ സ്ഥലം മാറ്റിയിരുന്നു.

ഇതിനെതിരെ അദ്ദേഹം വത്തിക്കാനില്‍ പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തില്‍ നല്‍കിയ അപ്പീല്‍ നിരസിച്ചിരുന്നു. ഇത് സംബന്ധിച്ച് ഒരു പ്രമുഖ ദിനപത്രത്തില്‍ കൊടുത്ത വാര്‍ത്തയാണ് തെറ്റിദ്ധാരണ ജനകമെന്ന് മീഡിയ കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്.

''മോണ്‍ ആന്റണി നരികുളം ബസിലിക്ക വികാരിയായി തുടരും''എന്ന തലക്കെട്ടില്‍ നല്‍കിയ വാര്‍ത്ത തെറ്റിദ്ധാരണ ജനകമാണെന്ന് സീറോ മലബാര്‍ സഭയുടെ പിആര്‍ഒയും മീഡിയ കമ്മീഷന്‍ സെക്രട്ടറിയുമായ ഫാ. ആന്റണി വടക്കേക്കര പത്രക്കുറിപ്പിലൂടെയാണ് വ്യക്തമാക്കിയത്.

സെപ്റ്റംബര്‍ ആറിന് വത്തിക്കാനില്‍ നിന്നും ലത്തീന്‍ ഭാഷയില്‍ ഇറങ്ങിയ ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ചാണ് ഇപ്രകാരം ഒരു വാര്‍ത്ത നല്‍കിയിരിക്കുന്നത്. തെറ്റായ വാര്‍ത്ത നല്‍കിയ 'മലയാള മനോരമ' ദിനപത്രത്തെ പേരെടുത്ത് പറയാതെ പ്രമുഖ ദിനപത്രം എന്ന് പറഞ്ഞാണ് വിമര്‍ശിച്ചിരിക്കുന്നത്. ഫാ. ആന്റണി നരികുളത്തിന് ബസിലിക്കയുടെ ഭരണ നിര്‍വ്വഹണത്തില്‍ യാതൊരു അധികാരവുമില്ലെന്നും മറിച്ചുള്ള പ്രസ്താവനകളും പ്രചാരണങ്ങളും വാസ്തവ വിരുദ്ധമാണെന്ന് മനസിലാക്കുകയും ചെയ്യണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് പത്രക്കുറിപ്പ് അവസാനിക്കുന്നത്.

പത്രക്കുറിപ്പിന്റെ പൂര്‍ണരൂപം ചുവടെ:

എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയുടെ വികാരി സ്ഥാനത്തു നിന്ന് തന്നെ സ്ഥലം മാറ്റിയതിനെതിരേ ഫാ. ആന്റണി നരികുളം വത്തിക്കാനിലെ പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയത്തില്‍ നല്‍കിയ അപ്പീല്‍ നിരസിച്ചുകൊണ്ടുള്ള കല്പന (Prot. N. 168/2023) സെപ്റ്റംബര്‍ ആറിന് വന്നിരുന്നു. എന്നാല്‍ ഒരു പ്രമുഖ ദിനപത്രത്തില്‍ 'മോണ്‍. ആന്റണി നരികുളം ബസിലിക്ക വികാരിയായി തുടരും' എന്ന ശീര്‍ഷകത്തില്‍ തെറ്റിദ്ധാരണാജനകമായ ഒരു വാര്‍ത്ത കാണാനിടയായി.

ഫാ.നരികുളം ബസിലിക്ക വികാരിയായി തുടരുമെന്നാണ് പൗരസ്ത്യ തിരുസംഘത്തിന്റെ ഉത്തരവ് പറയുന്നത് എന്നാണ് നല്‍കിയിരിക്കുന്ന വാര്‍ത്ത. എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഫാ. ആന്റണി നരികുളത്തെ ബസിലിക്ക വികാരി സ്ഥാനത്തു നിന്ന് മാറ്റുകയും ആ ഉത്തരവിനെതിരേ അപ്പീല്‍ പോയ സാഹചര്യത്തില്‍ ഫാ. ആന്റണി പൂതവേലിയെ ബസിലിക്കയുടെ അഡ്മിനിസ്‌ട്രേറ്റര്‍ ആയി നിയമിക്കുകയും ചെയ്തിരുന്നു.

സഭാ നിയമ പ്രകാരം ഇപ്പോള്‍ ബസിലിക്കയുടെ ഭരണാധികാരം അഡ്മിനിസ്‌ട്രേറ്ററായ ആന്റണി പൂതവേലില്‍ മാത്രമാണ് നിക്ഷിപ്തമായിരിക്കുന്നത്. ആയതിനാല്‍, ഫാ. നരികുളത്തിന് ബസിലിക്കയുടെ ഭരണ നിര്‍വ്വഹണത്തില്‍ യാതൊരു അധികാരവുമില്ലെന്ന് വ്യക്തമാക്കുന്നു. മറിച്ചുള്ള പ്രസ്താവനകളും പ്രചാരണങ്ങളും വാസ്തവ വിരുദ്ധമാണെന്ന് ഇടവകാംഗങ്ങളും വിശ്വാസി സമൂഹവും മനസിലാക്കുകയും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്യണമെന്ന് അറിയിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.