'വീണ വിജയന് കരിമണല്‍ കമ്പനി പണം നല്‍കിയത് ഭിക്ഷയായിട്ടോ'; പി.വി എന്നത് പിണറായി വിജയന്‍ തന്നെയെന്ന് മാത്യു കുഴല്‍നാടന്‍

'വീണ വിജയന് കരിമണല്‍ കമ്പനി പണം നല്‍കിയത് ഭിക്ഷയായിട്ടോ'; പി.വി എന്നത് പിണറായി വിജയന്‍ തന്നെയെന്ന് മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് ഉത്തരവിലെ പി.വി എന്ന പരാമര്‍ശവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ചുരുക്കപ്പേരായ പി.വി എന്നത് പിണറായി വിജയന്‍ തന്നെയാണ്. പി.വി മറ്റൊരാളാണെന്ന് തെളിയിച്ചാല്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കാന്‍ തയ്യാറാണെന്നും മാത്യു കുഴല്‍നാടന്‍ വെല്ലുവിളിച്ചു.

ചുരുക്കപ്പേര് പറഞ്ഞയിടത്ത് മാത്രമല്ല മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം. വീണാ വിജയന്റെ അച്ഛനും എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ എന്ന നിലയിലാണ് കരിമണല്‍ കമ്പനി പണം നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ജനങ്ങളോട് പച്ചക്കള്ളം പറഞ്ഞ മുഖ്യമന്ത്രി മാപ്പുപറയണമെന്നും മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെട്ടു.

ബാങ്ക് മുഖാന്തരമാണ് കരിമണല്‍ കമ്പനിയുമായി വീണ വിജയന്‍ ഇടപാട് നടത്തിയതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ബാങ്ക് വഴി നടത്തുന്ന എല്ലാ ഇടപാടും നിയമപരമാകണമെന്നില്ല. മകള്‍ ഒരു സേവനവും നല്‍കാതെയാണ് കരിമണല്‍ കമ്പനിയില്‍ നിന്ന് പണം വാങ്ങിയത്. വീണ വിജയന് കരിമണല്‍ കമ്പനി ഭിക്ഷയായി നല്‍കിയതാണോ പണമെന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു.

തനിക്കെതിരായ വിജിലന്‍സ് അന്വേഷണത്തോട് സഹകരിക്കുമെന്നും മാത്യു കുഴല്‍നാടന്‍ മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാര്‍ സംവിധാനങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് തുറന്നുകാട്ടാനുള്ള അവസരമായി ഇതിനെ കാണും. താന്‍ അഴിമതിക്കാരനെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി നേരിടുമെന്നും അദേഹം പറഞ്ഞു.

വിജിലന്‍സ് നടപടി നിയമവിരുദ്ധമാണ്. അതിനാല്‍ നിയമപരമായി നേരിടും. അഴിമതിക്കെതിരെ പോരാടേണ്ട സംവിധാനമാണ് വിജിലന്‍സ്. എന്നാല്‍ വിജിലന്‍സിനെ നിലവില്‍ ഏത് നിലയിലാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതെന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു. പഴയ നിലപാടില്‍ നിന്ന് മാറില്ല. അന്വേഷണത്തില്‍ നിന്ന് താന്‍ ഒളിച്ചോടില്ലെന്നും സര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ച് വേട്ടയാടി പുകമറ സൃഷ്ടിച്ച് പ്രതിയാക്കി തീര്‍ത്ത് തളര്‍ത്താമെന്ന് കരുതേണ്ടെന്നും അദേഹം പറഞ്ഞു.

അങ്ങനെ സംഭവിച്ചാല്‍ തിരിച്ച് അതേ ആര്‍ജവത്തോടെ പോരാടും. സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് വേട്ടയാടുന്നത് തുറന്നുകാട്ടാനാണ് നിയമപരമായി നേരിടാന്‍ പോകുന്നതെന്നും അദേഹം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.