'തട്ടിപ്പിലെ സഹകരണം': കൈക്കൂലിയും ദുരൂഹ മരണങ്ങളും അന്വേഷിക്കാന്‍ സി.ബി.ഐ എത്തിയേക്കും

'തട്ടിപ്പിലെ സഹകരണം':  കൈക്കൂലിയും ദുരൂഹ മരണങ്ങളും അന്വേഷിക്കാന്‍ സി.ബി.ഐ എത്തിയേക്കും

തൃശൂര്‍: സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ സാമ്പത്തിക തട്ടിപ്പും വ്യാപക കൈക്കൂലിയും തുടര്‍ന്നുണ്ടായ ചില ദുരൂഹമരണങ്ങളും കാണാതാകലുകളും അന്വേഷിക്കാന്‍ സി.ബി.െഎ എത്തിയേക്കും.

കരുവന്നൂരില്‍ തുടങ്ങിയ അന്വേഷണം കൂടുതല്‍ ബാങ്കുകളിലേക്ക് നീങ്ങിയപ്പോള്‍ ഗുരുതരമായ ഇത്തരം കണ്ടെത്തലുകള്‍ ഉണ്ടായതോടെയാണ് ഇ.ഡിയുടെ അധികാര പരിധിയിലില്ലാത്ത കൈക്കൂലിയും ദൂരുഹമരണങ്ങളും കാണാതാകലുകളും അന്വേഷിക്കാന്‍ സി.ബി.ഐ ഒരുങ്ങുന്നത്.

കരുവന്നൂരിലെ തട്ടിപ്പ് പാര്‍ട്ടിയെ അറിയിച്ച പ്രവര്‍ത്തകനായ രാജീവിനെ പിന്നീട് മാടായിക്കോണത്തെ ട്രാന്‍സ്ഫോര്‍മറിന് സമീപം കത്തിക്കരിഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഈ കേസ് പോലീസ് എഴുതിത്തള്ളുകയും ചെയ്തു. അയ്യന്തോള്‍ ബാങ്കില്‍ ജീവനക്കാരനായിരുന്ന വാടാനപ്പള്ളി സ്വദേശി ശിവലാലിനെ 12 വര്‍ഷം മുന്‍പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായതാണ്. ഇനിയും കണ്ടത്തിയിട്ടില്ല.

ഇവയുടെ നിജസ്ഥിതി അറിയണമെങ്കില്‍ സി.ബി.െഎ അന്വേഷണം വേണ്ടി വരും. കരുവന്നൂര്‍ തട്ടിപ്പില്‍ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് ആദ്യ പരാതിക്കാരനായ എം.വി സുരേഷ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ആരോപണ വിധേയമായ എല്ലാ ബാങ്കുകളിലേയും കൈക്കൂലി ഉള്‍പ്പടെയുള്ള അഴിമതികളും ദുരൂഹ മരണങ്ങളും കാണാതാകലും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

ഇ.ഡി അന്വേഷിച്ച സഹകരണ ബാങ്കുകളില്‍ ഉദ്യോഗസ്ഥരും ഭരണ സമിതിയിലെ ചിലരും വായ്പാ തട്ടിപ്പിനും കള്ളപ്പണ ഇടപാടിനും കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയിരുന്നു. വായ്പയുടെയും കള്ളപ്പണ ഇടപാടിന്റെയും നിശ്ചിത ശതമാനമാണ് കൈക്കൂലി വാങ്ങിയിരുന്നത്.

ഒരു ബാങ്കില്‍ ഭരണ സമിതിയിലെ പ്രമുഖന്‍ ഓരോ വായ്പയ്ക്കും 50,000 മുതല്‍ രണ്ടുലക്ഷം വരെ കൈക്കൂലി വാങ്ങിയതായി കണ്ടെത്തി. ഈ പണം അനധികൃതമായി സമ്പാദിച്ചതിനു മാത്രമേ ഇ.ഡിക്ക് കേസെടുക്കാനാകൂ. കൈക്കൂലി വാങ്ങിയതിന് നടപടിയെടുക്കാനാകില്ല. മിക്ക ബാങ്കുകളിലും ഉന്നത ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങിയത് കണ്ടെത്തിയിട്ടുണ്ട്.

കരുവന്നൂര്‍ ബാങ്കില്‍ മാനേജര്‍ ബിജു കരീം, അക്കൗണ്ടന്റ് സി.കെ. ജില്‍സ് എന്നിവര്‍ വായ്പാ തട്ടിപ്പിലൂടെ കോടികള്‍ സമ്പാദിച്ചതായി ഇ.ഡി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവരെ ഇ.ഡി അറസ്റ്റ് ചെയ്തില്ല. കരുവന്നൂര്‍ ബാങ്കിലൂടെ കള്ളപ്പണ ഇടപാട് നടത്തിയ വെളപ്പായ സതീശന്‍, പി.പി കിരണ്‍ എന്നിവരെ മാത്രമാണ് അറസ്റ്റു ചെയ്തത്.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.