വീണ്ടുമൊരു മഹാമാരി? 'കോവിഡിനേക്കാള്‍ മാരകം, ഭയക്കണം ഡിസീസ് എക്‌സിനെ'; മുന്നറിയിപ്പുമായി ബ്രിട്ടനിലെ ആരോഗ്യ വിദഗ്ധ

വീണ്ടുമൊരു മഹാമാരി? 'കോവിഡിനേക്കാള്‍ മാരകം, ഭയക്കണം ഡിസീസ് എക്‌സിനെ'; മുന്നറിയിപ്പുമായി ബ്രിട്ടനിലെ ആരോഗ്യ വിദഗ്ധ

ലണ്ടന്‍: കോവിഡിന്റെ പ്രത്യാഘാതങ്ങള്‍ ലോകം ഇപ്പോഴും നേരിടുമ്പോഴും മറ്റൊരു മഹാമാരിയെക്കുറിച്ച് ആശങ്കപ്പെടുത്തുന്ന മുന്നറിയിപ്പുമായി യുകെയിലെ വാക്‌സിന്‍ ടാസ്‌ക് ഫോഴ്‌സ് മേധാവിയായിരുന്ന കേറ്റ് ബിംഗ്ഹാം. കോവിഡിനേക്കാള്‍ മാരകമായ ആഗോള മഹാമാരിയായി പുതിയ 'ഡിസീസ് എക്‌സ്' മാറിയേക്കുമെന്നാണ് ആരോഗ്യ വിദഗ്ധയായ കേറ്റ് ബിംഗ്ഹാം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ലോകാരോഗ്യ സംഘടനയാണ് (ഡബ്ല്യുഎച്ച്ഒ) പുതിയ രോഗാണുവിന് 'ഡിസീസ് എക്‌സ്' എന്നു പേരിട്ടത്. ഈ രോഗത്തിന് കോവിഡിനേക്കാള്‍ പ്രഹരശേഷി ഉണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന നേരത്തെ വിലയിരുത്തിയിരുന്നു.

'പുതിയ രോഗാണു വൈറസോ ബാക്ടീരിയയോ ഫംഗസോ എന്നു സ്ഥിരീകരണമില്ല. രോഗത്തിനെതിരെ ചികിത്സകളൊന്നും നിലവില്‍ ഇല്ലെന്നതും ആശങ്കയാണ്. 1918-20 കാലഘട്ടത്തില്‍ പടര്‍ന്നുപിടിച്ച സ്പാനിഷ് ഫ്‌ളൂ പോലെ കടുപ്പമേറിയതാകും ഡിസീസ് എക്‌സ് എന്നാണു കരുതുന്നത്. അന്നു ലോകമാകെ 50 ദശലക്ഷം ആളുകളാണു മരിച്ചത്. അതുപോലെ ഭീകരമാകും പുതിയ രോഗവും - ഡെയ്‌ലി മെയില്‍ എന്ന രാജ്യാന്തര മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ കേറ്റ് ബിംഗ്ഹാം പറഞ്ഞു.

'ഇതുവരെ ഗവേഷക ലോകം 25 വൈറസ് കുടുംബങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഇനിയും കണ്ടെത്താത്ത ഒരു ദശലക്ഷത്തിലധികം വൈറസ് കുടുംബങ്ങളുണ്ട്. ഇവയ്ക്കാണെങ്കില്‍ ഒരു സ്പീഷീസില്‍ നിന്ന് അടുത്ത സ്പീഷീസിലേക്ക് രോഗം കൈമാറ്റം ചെയ്യാനും കഴിഞ്ഞേക്കാം' - കേറ്റ് ബിംഗ്ഹാം പറയുന്നു.

ഡിസീസ് എക്‌സിനെ നേരിടാനും വാക്‌സിന്‍ ആവശ്യമാണ്. അത് സമയബന്ധിതമായി നല്‍കപ്പെടാന്‍ സാധിക്കണമെന്നും കേറ്റ് സൂചിപ്പിക്കുന്നു. ഇതിനായി ലോകം തയാറെടുക്കണം.

ആധുനിക ജീവിതത്തിനും ലോകക്രമത്തിനും മനുഷ്യര്‍ നല്‍കുന്ന വിലയാണു മഹാമാരികളുടെ വര്‍ധനയെന്നും അവര്‍ അഭിപ്രായപ്പെട്ടു. ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി രാജ്യങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ രോഗങ്ങള്‍ വേഗത്തില്‍ എല്ലായിടത്തുമെത്തും. കൂടുതല്‍ ആളുകള്‍ നഗരങ്ങളിലേക്കു ചേക്കറുന്നതും ജനങ്ങളുടെ സമ്പര്‍ക്കം കൂടുന്നതും രോഗവ്യാപനത്തിന് ആക്കം കൂട്ടുന്നു. വനനശീകരണം, ആധുനിക കൃഷിരീതികള്‍, കോള്‍ നിലങ്ങളുടെ തകര്‍ച്ച തുടങ്ങിയവ വൈറസുകളുടെ വ്യാപനത്തിനു കാരണമാണ് - കേറ്റ് ബിംഗ്ഹാം ചൂണ്ടിക്കാട്ടി.

പനി, രക്തസ്രാവം പോലുള്ള പ്രശ്‌നങ്ങളാണ് ഡിസീസ് എക്‌സില്‍ കാര്യമായി കാണപ്പെടുന്നതെന്നാണ് നിലവിലുള്ള അറിവ്. വൈറസോ ബാക്ടീരിയയോ ഫംഗസോ എന്താണ് ഈ രോഗമുണ്ടാക്കുന്നതെന്ന് ഇനിയും വ്യക്തമല്ല. അതിനാലാണ് രോഗത്തിന് 'എക്‌സ്' എന്ന് പേര് നല്‍കിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.