കാവേരി ജല തര്‍ക്കം: കര്‍ണാടകയില്‍ ഇന്ന് ബന്ദ്; ബംഗളൂരുവില്‍ നിരോധനാജ്ഞ

കാവേരി ജല തര്‍ക്കം: കര്‍ണാടകയില്‍ ഇന്ന് ബന്ദ്; ബംഗളൂരുവില്‍ നിരോധനാജ്ഞ

ബംഗളൂരു: കാവേരി നദിയിലെ ജലം തമിഴ്‌നാടിന് നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കര്‍ണാടകയില്‍ ഇന്ന് ബന്ദ്. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ബന്ദ്. കന്നഡ കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ 'കന്നഡ ഒക്കൂട്ട' യാണ് ബന്ദിന് നേതൃത്വം നല്‍കുന്നത്.

കര്‍ഷക സംഘടനകള്‍, കന്നഡ ഭാഷ സംഘടനകള്‍ ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട എല്ലാ സംഘടനകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപിയും ജെഡിഎസും ബന്ദിന് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

അക്രമ സാധ്യത കണക്കിലെടുത്ത് ബംഗളൂരുവില്‍ ഇന്നലെ രാത്രി 12 മുതല്‍ ഇന്ന് രാത്രി 12 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മൈസൂരു, മാണ്ഡ്യ മേഖലകളില്‍ ബന്ദ് തീവ്രമാകുമെന്നാണ് കരുതുന്നത്.

രാവിലെ 11 ന് സംസ്ഥാനത്തെ ദേശീയ പാതകളുള്‍പ്പെടെ പ്രധാന പാതകളില്‍ വാഹനങ്ങള്‍ തടയുമെന്ന് കര്‍ണാടക ജലസംരക്ഷണ സമിതി അറിയിച്ചു. കേരളത്തില്‍ നിന്ന് മൈസൂരു വഴി വരുന്ന വാഹനങ്ങളുടെ യാത്ര തടസപ്പെട്ടേക്കും.

ഓണ്‍ലൈന്‍ ഓട്ടോ, ടാക്‌സികള്‍ ഉള്‍പ്പെടെ സര്‍വീസ് നടത്തില്ല. ബംഗളൂരുവിലെ ഹോട്ടലുകള്‍ തുറക്കില്ലെന്ന് ഹോട്ടല്‍ ഉടമകളുടെ സംഘടന അറിയിച്ചു. തിയേറ്ററുകളും പ്രവര്‍ത്തിക്കില്ല.

സ്വകാര്യ സ്‌കൂളുകളും കോളജുകളും അവധി പ്രഖ്യാപിച്ചു. അതേസമയം അക്രമ സംഭവങ്ങള്‍ ഉണ്ടായാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ബി. ദയാനന്ദ് അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.