റഷ്യയുടെ ഷാഹെദ് ഡ്രോണുകളെ വീഴ്ത്താന്‍ ഓസ്‌ട്രേലിയയുടെ 'കില്ലര്‍ സ്ലിംഗറുകള്‍' ഉക്രെയ്‌നിലേക്ക്; നിര്‍മാണം കാന്‍ബറയില്‍

റഷ്യയുടെ ഷാഹെദ് ഡ്രോണുകളെ വീഴ്ത്താന്‍ ഓസ്‌ട്രേലിയയുടെ 'കില്ലര്‍ സ്ലിംഗറുകള്‍' ഉക്രെയ്‌നിലേക്ക്; നിര്‍മാണം കാന്‍ബറയില്‍

കാന്‍ബറ: ഇറാനിയന്‍ നിര്‍മ്മിത ഷാഹെദ് ഡ്രോണുകള്‍ ഉപയോഗിച്ച് റഷ്യ നടത്തുന്ന ആക്രമണത്തെ പ്രതിരോധിക്കാന്‍ ഓസ്‌ട്രേലിയന്‍ നിര്‍മിത 'കില്ലര്‍ സ്ലിംഗറുകള്‍' ഉക്രെയ്‌നിലേക്ക്. കാന്‍ബറ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രോ ഒപ്റ്റിക് സിസ്റ്റംസ് നിര്‍മിച്ച ചെലവു കുറഞ്ഞ 'സ്ലിംഗര്‍ ആന്റി ഡ്രോണ്‍' സംവിധാനമാണ് ഉക്രെയ്നിന് ലഭിക്കുന്നത്. അമേരിക്ക നല്‍കുന്ന സൈനിക സഹായ പാക്കേജിന്റെ ഭാഗമായാണ് പത്ത് സ്ലിംഗറുകള്‍ ഈ വര്‍ഷാവസാനത്തോടെ ഉക്രെയ്നു കൈമാറുന്നത്.

റഷ്യന്‍ ഡ്രോണുകളെ പരാജയപ്പെടുത്തുന്ന ആയുധ സംവിധാനമാണ് സ്ലിംഗര്‍ ആന്റി ഡ്രോണ്‍ സിസ്റ്റം. ഉക്രെയ്ന്‍ പോലുള്ള രാജ്യങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്ന ചിലവില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് സ്ലിംഗര്‍ എന്നതാണ് ഇതിന്റെ സവിശേഷത.

ഇറാനില്‍ നിന്ന് റഷ്യ സംഘടിപ്പിച്ച ഷാഹെദ്-136 ഡ്രോണുകളാണ് ഉക്രെയ്നില്‍ ഭീതി വിതയ്ക്കുന്നത്. അപ്പാര്‍ട്ട്മെന്റുകള്‍, വൈദ്യുതി വിതരണമേഖല, ആളുകള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ തുടങ്ങിയവയ്ക്കു നേരെയാണ് ഇവ ആക്രമണം നടത്തുന്നത്. നന്നേ താഴ്ന്നു പറക്കുന്നതിനാല്‍ ഇവയ്ക്ക് റഡാറുകളുടെ കണ്ണുവെട്ടിക്കാനും പല വ്യോമ പ്രതിരോധ സംവിധാനങ്ങളെയും മറികടക്കാനും സാധിക്കുന്നു എന്നു കണ്ടെത്തിയതിനാലാണ് സംവിധാനം വികസിപ്പിച്ചെടുത്തത്.

ഡ്രോണുകളെ പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗങ്ങളിലൊന്ന് അവയെ മിസൈലുകള്‍ ഉപയോഗിച്ച് വെടിവയ്ക്കുകയാണ്. എന്നാല്‍ ഉക്രെയ്‌നെ സംബന്ധിച്ച് മിസൈലുകളുടെ വില താങ്ങാനാകില്ല. ഉക്രെയ്ന്‍ നഗരങ്ങള്‍ ലക്ഷ്യമിട്ട് റഷ്യ ഉപയോഗിക്കുന്ന ഇറാനിയന്‍ ഷാഹെദ് മോഡലിന് ഏകദേശം 31,000 ഡോളര്‍ വിലവരും. ഇവ വെടിവയ്ക്കാന്‍ ഉപയോഗിക്കുന്ന മിസൈലുകള്‍ക്കാകട്ടെ 10 മടങ്ങ് വില വരും. ഇതിനു പരിഹാരമാണ് സ്ലിംഗര്‍.



ഒരു പിക്കപ്പ് ട്രക്കിനുള്ളില്‍ ഘടിപ്പിച്ച ഒരു ജോയ്സ്റ്റിക്ക് ഉപയോഗിച്ചാണ് റഷ്യന്‍ ഡ്രോണിന്റെ പാത പിന്തുടരുന്നത്. അതിന്റെ വേഗവും ലക്ഷ്യവുമെല്ലാം കംപ്യൂട്ടറില്‍ തെളിയും. ഡ്രോണില്‍ നിന്നുള്ള സിഗ്‌നല്‍ ലഭിക്കുന്നതോടെ അതിനെ വെടിവെച്ച് നിര്‍വീര്യമാക്കി നിലത്തിടാന്‍ കഴിയും.

പിക്കപ്പ് ട്രക്കിന്റെ പിന്‍ഭാഗത്ത് ഘടിപ്പിച്ചിട്ടുള്ള പീരങ്കി ഉപയോഗിച്ചാണ് ഡ്രോണിനെ വെടിവയ്ക്കുന്നത്. 800 മീറ്ററിലധികം ദൂരത്തില്‍ ചലിക്കുന്ന ഡ്രോണുകളെ ട്രാക്ക് ചെയ്യാനും ലക്ഷ്യമിടാനും ഇതിന് കഴിയും. ക്യാമറകള്‍, ലേസര്‍ എന്നിവ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ഈ സംവിധാനത്തിലുണ്ട്.

'റഷ്യന്‍-ഉക്രെയ്ന്‍ യുദ്ധത്തിന്റെ അനുഭവത്തെ അടിസ്ഥാനമാക്കിയാണ് സ്ലിംഗര്‍ വികസിപ്പിച്ചെടുത്തതെന്ന് ഇലക്ട്രോ ഒപ്റ്റിക് സിസ്റ്റംസ് കമ്പനിയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മാറ്റ് ജോണ്‍സ് പറഞ്ഞു. ഉക്രെയ്നില്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ വലിയ തോതില്‍ വര്‍ധിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഇത് വേഗത്തിലും എളുപ്പത്തിലും പഠിച്ചെടുക്കാം. സാങ്കേതികവിദ്യയെക്കുറിച്ച് അറിയാത്തവര്‍ക്കു പോലും എളുപ്പം കൈകാര്യം ചെയ്യാം. ഒരു ആന്റി ഡ്രോണ്‍ സിസ്റ്റത്തിന് 1.55 മില്യണ്‍ ഡോളറില്‍ താഴെയാണ് വില. ഒരു തവണ ഡ്രോണുകള്‍ നിലത്തിടാന്‍ 155 ഡോളര്‍ മുതല്‍ 1,550 ഡോളര്‍ വരെ ചിലവ് വരും.

നേരത്തെയും റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തില്‍ ഓസ്‌ട്രേലിയ വികസിപ്പിച്ചെടുത്ത കാര്‍ഡ് ബോര്‍ഡ് ഡ്രോണുകളും നിര്‍ണായക പങ്ക് വഹിച്ചിരുന്നു. 100 കാര്‍ഡ്ബോര്‍ഡ് ഡ്രോണുകളാണ് പരീക്ഷണാര്‍ഥം ഓസ്‌ട്രേലിയ ഉക്രെയ്‌ന് നല്‍കിയത്. ഇത് വന്‍വിജയമാവുകയും 1992-ല്‍ സ്ഥാപിതമായ സിപാക്ക് എന്ന ഓസ്‌ട്രേലിയന്‍ എന്‍ജിനിയറിംഗ് കമ്പനിയാണ് താരതമ്യേന ചെലവ് കുറഞ്ഞ ഇത്തരം ഡ്രോണുകള്‍ രംഗത്തിറക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.