റഗുലേറ്ററി കമ്മീഷന്‍ റദ്ദാക്കിയ വൈദ്യതി കരാര്‍ പുനസ്ഥാപിക്കാന്‍ മന്ത്രിസഭാ തീരുമാനം

റഗുലേറ്ററി കമ്മീഷന്‍ റദ്ദാക്കിയ വൈദ്യതി കരാര്‍ പുനസ്ഥാപിക്കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ റദ്ദാക്കിയ വൈദ്യുതി കരാര്‍ പുനസ്ഥാപിക്കാന്‍ മന്ത്രിസഭാ തീരുമാനം. റെഗുലേറ്ററി കമ്മീഷനോട് ഇക്കാര്യം ആവശ്യപ്പെടും.

ആര്യാടന്‍ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് മൂന്ന് കമ്പനികളില്‍ നിന്ന് ദീര്‍ഘകാലത്തേക്ക് 480 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള കരാറില്‍ കെഎസ്ഇബി ഏര്‍പ്പെട്ടിരുന്നു. ആ കരാര്‍ തുടരുന്നതിനിടെയാണ് സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി 450 മെഗാവാട്ടിന്റെ മൂന്ന് ദീര്‍ഘകാല കരാറുകള്‍ റഗുലേറ്ററി കമ്മീഷന്‍ റദ്ദാക്കിയത്.

ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് വൈദ്യുതി ലഭ്യതയില്‍ കുറവുണ്ടായ സാഹചര്യത്തില്‍ കരാര്‍ പുനസ്ഥാപിക്കണമെന്ന് കെഎസ്ഇബി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇലക്ട്രിസിറ്റി ചട്ടത്തിലെ സെക്ഷന്‍ 108 പ്രകാരമാണ് റദ്ദാക്കിയ കരാറുകള്‍ പുനസ്ഥാപിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം.

പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ ടെന്‍ഡര്‍ വിളിച്ചപ്പോള്‍ അഞ്ചു വര്‍ഷത്തേക്ക് യൂണിറ്റിന് 6.88 രൂപ നിരക്കില്‍ വൈദ്യുതി നല്‍കാമെന്നാണ് ടെന്‍ഡറില്‍ പങ്കെടുത്ത അദാനി പവറും ഡിബി പവര്‍ ലിമിറ്റഡും അറിയിച്ചത്.

മൂന്നു മാസത്തേക്ക് 350 മെഗാവാട്ട് വാങ്ങാനുള്ള മറ്റൊരു ടെന്‍ഡര്‍ തുറന്നപ്പോള്‍ യൂണിറ്റിന് 7.60 രൂപ മുതല്‍ 9.36 രൂപയുമാണ് ടെന്‍ഡറില്‍ പങ്കെടുത്ത 12 കമ്പനികള്‍ ആവശ്യപ്പെട്ടത്. പിന്നീട് റിവേഴ്‌സ് ബിഡിങില്‍ ഇത് 7.60 രൂപയാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.