കൊച്ചി: വടക്കന്‍ പറവൂരില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ട് യുവ ഡോക്ടര്‍മാര്‍ മരിക്കാന്‍ കാരണം ഗൂഗിള്‍ മാപ്പല്ല ഡ്രൈവിങിലെ ശ്രദ്ധക്കുറവാണെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ചേന്ദമംഗലം-വടക്കുംപുറം-ഗോതുരുത്ത് വഴിയാണ് ഇവര്‍ കടല്‍വാതുരുത്തില്‍ എത്തിയത്. ഹോളിക്രോസ് കവലയില്‍ നിന്ന് ഇടത്തോട്ട് പോകാതെ നേരെ കടല്‍വാതുരുത്ത് കടവിലെ റോഡിലേക്ക് കയറുകയായിരുന്നു.
എന്നാല്‍ ദേശീയപാതയിലൂടെ വന്ന കാര്‍ ലേബര്‍ കവലയില്‍ നിന്ന് വലത്തോട്ടു തിരിഞ്ഞ് കടല്‍വാതുരുത്തില്‍ എത്തിയെന്നാണ് സംഘത്തിലുണ്ടായിരുന്ന രക്ഷപ്പെട്ട യുവതി പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ ഇത് തെറ്റാണെന്നും പൊലീസ് കണ്ടെത്തി. യുവതിക്കും വാഹനം ഓടിച്ച ഡോ. അദ്വൈതിനും ഈ വഴി കൃത്യമായി അറിയില്ലായിരുന്നു. ഡോക്ടര്‍മാര്‍ സഞ്ചരിച്ചിരുന്ന കാറും അപകടം നടന്ന കടല്‍വാതുരുത്ത് കടവും ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.
മേഖലയിലെ ദിശാ ബോര്‍ഡുകളും ഗൂഗിള്‍ മാപ്പും ശ്രദ്ധിക്കാതെ അശ്രദ്ധമായി വാഹനം ഓടിച്ചതാണ് അപകടത്തിന് വഴിവച്ചതെന്ന് പരിശോധനയില്‍ വ്യക്തമായി. കാറിന് തകരാറുകള്‍ ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തി.
അതേസമയം 25 മീറ്റര്‍ മുന്‍പെങ്കിലും ബാരിക്കേഡ് വയ്ക്കണമെന്ന ആവശ്യത്തിന്മേല്‍ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പി.ഡബ്ല്യു.ഡിയോടും ചേന്ദമംഗലം പഞ്ചായത്തിനോടും ബാരിക്കേഡ് സ്ഥാപിക്കാന്‍ ആവശ്യപ്പെടുമെന്ന് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍. വിനോദ്കുമാര്‍ പറഞ്ഞു.
ഗോതുരുത്ത് കടല്‍വാതുരുത്തില്‍ അഞ്ചംഗ സംഘം സഞ്ചരിച്ച കാറാണ് പുഴയിലേക്ക് മറിഞ്ഞത്. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ 12.30-നുണ്ടായ അപകടത്തില്‍ കൊടുങ്ങല്ലൂര്‍ സ്വകാര്യ ആശുപത്രിയിലെ ഡോ. അജ്മല്‍, ഡോ. അദ്വൈദ് എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റു മൂന്നുപേരെ രക്ഷപ്പെടുത്തിയിരുന്നു. കൊച്ചിയില്‍ ഒരു ആഘോഷ പരിപാടിയില്‍ പങ്കെടുത്തതിന് ശേഷം തിരിച്ച് കൊടുങ്ങല്ലൂരിലേക്ക് പോകുന്നതിനിടെയാണ് കാര്‍ പുഴയിലേക്ക് പതിച്ചത്.
നേരത്തെ ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്തതാണ് അപകടത്തിന് കാരണമായതെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായ പ്രചാരണം ഉണ്ടായെങ്കിലും അപകടത്തിന് കാരണം ഗുഗിള്‍ മാപ്പ് അല്ലെന്ന് കഴിഞ്ഞ ദിവസം തന്നെ വടക്കേക്കര പൊലീസ് വ്യക്തമാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.