അങ്കാര: ആദ്യ അപ്പസ്തോലിക സന്ദർശനത്തിനായി തുർക്കിയിലെത്തിയ ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ഊഷ്മള വരവേൽപ്പ്. അങ്കാരയിലെ എസെൻബോഗ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങിയ മാർപാപ്പയെ തുർക്കി ഭരണകൂട നേതൃത്വവും സൈനിക ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു.
തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗൻ ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ ഉജ്ജ്വലമായ വരവേൽപ്പ് നൽകി. കുതിരപ്പടയുടെ അകമ്പടി, സൈനിക സല്യൂട്ട്, ബാൻഡ് മേളം, എന്നിവയ്‌ക്കൊപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള ആദരം പ്രകടിപ്പിച്ച് 21 പീരങ്കി വെടിമുഴക്കൽ അടക്കം എല്ലാ പ്രോട്ടോകോളുകളും പാലിച്ചാണ് സ്വീകരണ ചടങ്ങുകൾ നടന്നത്.

തന്റെ അപ്പസ്തോലിക യാത്രകളുടെ തുടക്കം തുർക്കിയിൽ നിന്നും ആരംഭിക്കുവാൻ കഴിഞ്ഞതിന്റെ സന്തോഷം മാർപാപ്പ പങ്കിട്ടു. ക്രൈസ്തവര്‍ തുർക്കിയുടെ സ്വത്വത്തിന്റെ ഭാഗമാണെന്നും രാജ്യത്തിന്റെ ഐക്യത്തിന് ക്രിസ്ത്യാനികൾക്കും സംഭാവനകൾ നൽകുവാൻ സാധിക്കുമെന്നതിനു താൻ ഉറപ്പു നൽകുന്നതായും പാപ്പ പറഞ്ഞു. തുര്‍ക്കി സന്ദര്‍ശനത്തിന്റെ ആദ്യ ദിനത്തില്‍ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ നല്‍കിയ സ്വീകരണത്തിന് ശേഷം പ്രസിഡന്‍റ് ഏര്‍ദോഗനേയും മറ്റ് നേതാക്കളെയും അഭിസംബോധന ചെയ്തു സംസാരിക്കുകയായിരിന്നു പാപ്പ.
"നാടിന്റെ സൗന്ദര്യം ദൈവത്തിന്റെ സൃഷ്ടി വൈഭവമാണ്. ഈ പ്രകൃതി സൗന്ദര്യം നമ്മെ ദൈവത്തിന്റെ സൃഷ്ടിയെ പരിപാലിക്കാൻ പ്രചോദിപ്പിക്കണം. വിവിധ തലമുറകളും പാരമ്പര്യങ്ങളും ആശയങ്ങളും തമ്മിലുള്ള കൂടിക്കാഴ്ചകളിലൂടെയാണ് മഹത്തായ നാഗരികതകൾ രൂപപ്പെടുന്നത്. അവിടെ വികസനവും ജ്ഞാനവും ഐക്യവും സമന്വയിക്കുന്നു "- പാപ്പ ചൂണ്ടിക്കാട്ടി.
തന്റെ സന്ദർശനത്തിൽ പ്രാധാന്യം നൽകിയ ദർദാനെല്ലി പാലത്തെക്കുറിച്ച് പാപ്പ പ്രത്യേകം പരാമർശിച്ചു. "ഏഷ്യയെയും യൂറോപ്പിനെയും, പൗരസ്ത്യ ലോകത്തെയും പാശ്ചാത്യ ലോകത്തെയും തമ്മിൽ ബന്ധിപ്പിക്കുന്നതിലുപരി തുർക്കിയെ അതിൽ തന്നെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു ഐക്യത്തിന്റെ അടയാളമാണ് ഈ പാലം." പാപ്പ കൂട്ടിച്ചേർത്തു.
സ്നേഹത്തിന്റെ പാലങ്ങൾ പണിയുക എന്നതാണ് ഏറ്റവും അത്യാവശ്യമുള്ള കാര്യം. മതത്തിനു ഏറെ പ്രാധാന്യം കൽപ്പിക്കുന്ന തുർക്കിയിൽ, എല്ലാ ദൈവമക്കളുടെയും അന്തസിനെയും സ്വാതന്ത്ര്യത്തെയും ബഹുമാനിക്കേണ്ടത് അത്യാവശ്യമാണെന്നും പാപ്പ ഓർമ്മിപ്പിച്ചു.
മതാന്തര സംഭാഷണ കാര്യാലയത്തിന്റെ അധ്യക്ഷനും മലയാളിയുമായ കർദ്ദിനാൾ ജോർജ് ജേക്കബ് കൂവക്കാട് മാർപാപ്പയെ തുർക്കിയിൽ അനുഗമിക്കുന്നുണ്ട് എന്നത് മലയാളി സമൂഹത്തിനും അഭിമാനകരമായി. ലോക സമാധാനത്തിനും മതസൗഹാർദത്തിനും വേണ്ടി മാർപാപ്പ നടത്തുന്ന ഈ ദൗത്യം നിർണായകമാണെന്ന് വിലയിരുത്തൽ. അങ്കാരയിലെ സന്ദർശനം പൂർത്തിയാക്കിയ മാർപാപ്പ ഇന്നലെ തന്നെ ഇസ്താംബൂളിലേക്ക് യാത്രയായി. ഇന്ന് ഇവിടെ വിവിധ സന്ദർശന പരിപാടികളിൽ പങ്കെടുക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.