മൂന്ന് അഴിമതി കേസുകള്‍: ഷെയ്ഖ് ഹസീനയ്ക്ക് 21 വര്‍ഷം തടവ് ശിക്ഷ; മകനും മകള്‍ക്കും അഞ്ച് വര്‍ഷം വീതം

മൂന്ന് അഴിമതി കേസുകള്‍: ഷെയ്ഖ് ഹസീനയ്ക്ക് 21 വര്‍ഷം തടവ് ശിക്ഷ; മകനും മകള്‍ക്കും അഞ്ച് വര്‍ഷം വീതം

ധാക്ക: മൂന്ന് വ്യത്യസ്ത അഴിമതി കേസുകളില്‍ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് തടവ് ശിക്ഷ. ധാക്കയിലെ പ്രത്യേക കോടതി ജഡ്ജി മുഹമ്മദ് അബ്ദുള്ള അല്‍ മാമുനാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

പൂര്‍ബാചലിലെ രാജുക് ന്യൂ ടൗണ്‍ പ്രോജക്ടിന് കീഴില്‍ സര്‍ക്കാര്‍ ഭൂമികള്‍ നിയമ വിരുദ്ധമായി കുടുംബാംഗങ്ങള്‍ക്ക് അനുവദിച്ചുവെന്ന ആരോപണത്തില്‍ ബംഗ്ലാദേശ് അഴിമതി വിരുദ്ധ കമ്മീഷന്‍ (എസിസി) കഴിഞ്ഞ ജനുവരിയില്‍ ഷെയ്ഖ് ഹസീനക്കെതിരെ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

ഇതില്‍ മൂന്ന് കേസുകളിലാണ് ഏഴ് വര്‍ഷം വീതം തടവ്. ശേഷിക്കുന്ന മൂന്ന് കേസുകളിലെ വിധി ഡിസംബര്‍ ഒന്നിന് പ്രഖ്യാപിക്കും. ഹസീനയുടെ മകന്‍ സജീബ് വാസിദ് ജോയിക്ക് അഞ്ച് വര്‍ഷം തടവും 1,00,000 ടാക്ക പിഴയും(ഏകദേശം 73130 രൂപ) കോടതി വിധിച്ചു. മകള്‍ സൈമ വാസിദ് പുതുലിനും അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആരംഭിച്ച സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ അതിക്രൂരമായി അടിച്ചമര്‍ത്തി മനുഷ്യവംശത്തിനെതിരായ കുറ്റംകൃത്യം ചെയ്തെന്ന കേസില്‍ ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രിബ്യൂണല്‍ (ഐസിടി) ഹസീനയ്ക്ക് നേരത്തേ വധശിക്ഷ വിധിച്ചിരുന്നു.

അതിനിടെ, ഹസീനയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശിലെ ഇടക്കാല ഭരണകൂടത്തില്‍ നിന്നുള്ള രേഖാമൂലമുള്ള ആവശ്യം പരിശോധിച്ചു വരികയാണെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.