ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ വായു മലിനീകരണത്തില്‍ പ്രതികരണവുമായി സുപ്രീം കോടതി. ഡല്‍ഹി വായു മലിനീകരണം പരിഹരിക്കാന്‍ കോടതിയുടെ കൈയില്‍ മാന്ത്രികവടിയൊന്നുമില്ലെന്നും സുപ്രീം കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല ബാഗ്ചി എന്നിവരുടെ ബെഞ്ചിന്റേതാണ് പരാമര്‍ശം.
'ഞങ്ങളും ഡല്‍ഹിയിലെ താമസക്കാരാണ്. ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. പക്ഷേ ഈ പ്രശ്‌നത്തിന് ആരും കാരണക്കാരല്ലെന്ന് നമ്മള്‍ അംഗീകരിക്കണം'എന്നായിരുന്നു ബെഞ്ചിന്റെ പരാമര്‍ശം. ഡല്‍ഹി വായു മലിനീകരണ വിഷയത്തില്‍ കോടതി നിയമിച്ച അഭിഭാഷകയായ അപരാജിത സിങ് സമര്‍പ്പിച്ച ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം പരിഗണിക്കുമ്പോഴായിരുന്നു ബെഞ്ചിന്റെ പരാമര്‍ശം.
'ഒരു ജുഡീഷ്യല്‍ ഫോറത്തിന് എന്ത് മാന്ത്രിക വടിയാണ് പ്രയോഗിക്കാനാവുക. ഡല്‍ഹിക്ക് ഈ വായുമലിനീകരണം അപകടകരമാണെന്ന് ഞങ്ങള്‍ക്കറിയാം. ഉടനടി ശുദ്ധവായു ലഭിക്കാന്‍ കഴിയുന്ന എന്ത് പരിഹാരമാണ് നിര്‍ദേശിക്കാനാവുക?'എന്നും കോടതി ചോദിച്ചു.
ശൈത്യകാലത്ത് മാത്രം രൂക്ഷമായ മലിനീകരണം ഉണ്ടാകുന്നുണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ദീപാവലി സീസണില്‍ അതൊരു ആചാരപരമായ രീതിയുടെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. ശൈത്യകാലം കഴിഞ്ഞാല്‍ അത് അപ്രത്യക്ഷമാകും. എന്തായാലും നമുക്ക് പതിവായി നിരീക്ഷണം നടത്താമെന്നും ചീഫ് ജസ്റ്റിസ് ഉറപ്പ് നല്‍കി.
ഡല്‍ഹിയിലെ മലിനീകരണ പ്രശ്‌നം ആരോഗ്യ അടിയന്തരാവസ്ഥയാണെന്ന് മുതിര്‍ന്ന അഭിഭാഷക അപരാജിത സിങ് പറഞ്ഞതിന് പിന്നാലെയായിരുന്നു ബെഞ്ചിന്റെ പ്രതികരണം. പരിഹാരങ്ങള്‍ കടലാസില്‍ ഒതുങ്ങുകയാണെന്നും അടിസ്ഥാനപരമായി ഒന്നും നടക്കുന്നില്ലെന്നും അപരാജിത സുപ്രീം കോടതിയെ അറിയിച്ചു.
ഡല്‍ഹി വായു മലിനീകരണത്തില്‍ ഞായറാഴ്ച വൈകുന്നേരം ഇന്ത്യാ ഗേറ്റിന് മുന്നില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നു. ഇതില്‍ മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 21 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.