ചിക്കാഗോ: സീറോ മലബാർ രൂപതയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2026-ൽ ചിക്കാഗോയിൽ നടക്കുന്ന കൺവെൻഷന്റെ കിക്കോഫ് ലിവർമോർ സെന്റ് തെരേസ ഓഫ് കൽക്കട്ട സീറോ മലബാർ മിഷനിൽ നടന്നു. നവംബർ 23 ന് ഫാ. കുര്യൻ നെടുവേലിചാലുങ്കലിന്റെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
കൺവെൻഷന്റെ വിവരങ്ങൾ പങ്കുവെക്കുന്നതിനും ഇടവകാംഗങ്ങളെ ക്ഷണിക്കുന്നതിനുമായി എത്തിയ സംഘത്തിന് മിഷൻ വികാരി ഫാദർ സിജോ തറക്കുന്നേൽ സ്കറിയയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഫാ. കുര്യൻ നെടുവേലിചാലുങ്കൽ, ജൂബിലി ചെയർമാൻ ജോസ് ചാമക്കാല, രജിസ്‌ട്രേഷൻ കോർഡിനേറ്റർ സണ്ണി വള്ളിക്കളം എന്നിവരാണ് കൺവെൻഷൻ ടീമിനെ പ്രതിനിധീകരിച്ചത്.
ട്രസ്റ്റിമാരായ ജെയിംസ് ആലുങ്കൽ, ജോസഫ് താക്കോൽക്കാരൻ, ടോജോ തോമസ് എന്നിവരും കൺവെൻഷൻ കോർഡിനേറ്റർമാരായ ജിസ്മോൻ ഓലിക്കൽ, ജോബി വരമ്പേൽ, ജോസ് ചുങ്കത്തു എന്നിവരും കിക്കോഫിന് നേതൃത്വം നൽകി.ചടങ്ങിൽ ജോസ് ചാമക്കാല രജിസ്‌ട്രേഷൻ, സ്പോൺസർഷിപ്പ്, കൺവെൻഷൻ പരിപാടികൾ എന്നിവ വിശദീകരിച്ചു. സണ്ണി വള്ളിക്കളം ഏവരെയും കൺവെൻഷനിലേക്ക് സ്വാഗതം ചെയ്തു.
2026 ജൂലൈ ഒമ്പത് മുതൽ 12 വരെ ചിക്കാഗോ നഗരത്തിൽ സ്ഥിതി ചെയ്യുന്ന മക്കോർമിക് പ്ലേസിലും അതോട് ചേർന്ന മൂന്ന് ഹോട്ടലുകളിലുമാണ് കൺവെൻഷൻ നടക്കുന്നത്. രൂപതയുടെ പ്രഥമ ഇടയൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലി ആഘോഷവും ഇതോടൊപ്പം നടക്കും.
രജിസ്‌ട്രേഷന്റെയും പരിപാടികളുടെയും വിശദമായ രൂപരേഖകൾ ഇടവകകളിൽ നേരിട്ടെത്തി അവതരിപ്പിക്കുന്ന കൺവെൻഷൻ ടീമിന്റെ രീതി വളരെ സ്വാഗതാർഹമാണെന്ന് ഇടവക വികാരിമാരും പ്രതിനിധികളും അഭിപ്രായപ്പെട്ടു.
വിശ്വാസ സംരക്ഷണം, ആശയവിനിമയം, സൗഹൃദ കൂട്ടായ്മ എന്നിവ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന കൺവെൻഷനിൽ ദിവസേനയുള്ള ദിവ്യബലി, ആരാധന എന്നിവ ഉണ്ടാകും. കൂടാതെ വൈവിധ്യമാർന്ന വിഷയാവതരണങ്ങൾ, സംഘടനാകൂട്ടായ്മകൾ, കലാപരിപാടികൾ, മത്സരങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേക ട്രാക്കുകളിൽ ആയിട്ടാണ് പരിപാടികൾ ക്രമീകരിക്കുന്നത്.
ലിവർമോർ പള്ളിയിലെ അച്ചനും ഇടവകാംഗങ്ങൾക്കും നൽകിയ സഹകരണത്തിന് കൺവെൻഷൻ ടീം നന്ദി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും www.syroconvention.org എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.