പാരിസ്: പതിറ്റാണ്ടുകളായുള്ള സുപ്രധാന പരീക്ഷണങ്ങള്‍ക്ക് ഉത്തരം കണ്ടെത്തി ശാസ്ത്ര ലോകം. ചൊവ്വ ഗ്രഹത്തില്‍ ഇടിമിന്നലുണ്ട് എന്നതിന്റെ പുതിയ തെളിവുകള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി.
ഫ്രാന്‍സിലെ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്‍ ആസ്ട്രോ ഫികിസിക്സ് ആന്റ് പ്ലാറ്റോളജിയിലെ ബാപ്റ്റിസ്റ്റ് ചൈഡിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ഗവേഷക സംഘമാണ് ചൊവ്വയില്‍ ഇടിമിന്നലുണ്ട് എന്നതിന് നേരിട്ടുള്ള തെളിവുകള്‍ കണ്ടെത്തിയത്. നേച്ചര്‍ ജേണലില്‍ ബുധനാഴ്ച പ്രസിദ്ധീകരിച്ച ഈ പുതിയ പഠനം ചൊവ്വയുടെ അന്തരീക്ഷത്തെ കുറിച്ച് കൂടുതല്‍ അറിവുകള്‍ നല്‍കുന്നതാണ്.
ചൊവ്വയില്‍ ഇടിമിന്നലുണ്ട് എന്നത് ഏറെ കാലമായി നിലനിന്ന സിദ്ധാന്തമാണ്. എന്നാല്‍ അതുമായി ബന്ധപ്പെട്ട നേരിട്ടുള്ള തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ നാസയുടെ പെര്‍സീവറന്‍സ് റോവര്‍ പകര്‍ത്തിയ ശബ്ദങ്ങളില്‍ നിന്നും വൈദ്യുത സിഗ്‌നലുകളില്‍ നിന്നും ശാസ്ത്രജ്ഞര്‍ ഇക്കാര്യം സ്ഥിരീകരിച്ചു.
2021 ഫെബ്രുവരിയിലാണ് പെര്‍സിവറന്‍സ് റോവര്‍ ചൊവ്വയിലിറങ്ങിയത്. ഗ്രഹത്തിലെ ശബ്ദങ്ങള്‍ പകര്‍ത്തുന്നതിനുള്ള ഒരു മൈക്രോഫോണും അതില്‍ സജ്ജീകരിച്ചിരുന്നു. ഇങ്ങനെ റോവറിലെ സൂപ്പര്‍ ക്യാം മൈക്രോഫോണ്‍ ഉപയോഗിച്ച് ശേഖരിച്ച 28 മണിക്കൂര്‍ നീണ്ട ശബ്ദ റെക്കോര്‍ഡിങുകള്‍ വിശകലനം ചെയ്താണ് ശാസ്ത്രജ്ഞര്‍ പുതിയ പഠനം നടത്തിയത്.

ഇടിമിന്നലിന് സമാനമായ ശബ്ദങ്ങള്‍ അതില്‍ നിന്ന് ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞു. ഭൂമിയിലെ ഏകദേശം നാല് വര്‍ഷം വരുന്ന രണ്ട് ചൊവ്വാ വര്‍ഷത്തിനിടെ അത്തരത്തിലുള്ള 55 സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചൊവ്വയില്‍ ശക്തമായ കാറ്റും പൊടിപടലങ്ങളും പൊടിക്കാറ്റുകളും ഉള്ളപ്പോഴാണ് ഇടിമിന്നലുകളുണ്ടാവുന്നതെന്നും ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞു. ചൊവ്വയില്‍ മിന്നലുണ്ടാക്കുന്നതില്‍ കാറ്റ് വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് പഠനം സൂചിപ്പിക്കുന്നു.
ചൊവ്വയുടെ അന്തരീക്ഷം നേര്‍ത്തതായതിനാല്‍ അവിടെ ചുഴലിക്കാറ്റുകളുണ്ടാകാന്‍ സാധ്യതയില്ല. പകരം ഗ്രഹത്തിന്റെ ഉപരിതലത്തിനടുത്തുള്ള വായു ചൂടാവുകയും തണുത്തതും സാന്ദ്രവുമായ ഉപരിതലത്തിലേക്ക് ഉയരുകയും ചെയ്യുമ്പോള്‍ അത് കറങ്ങാന്‍ തുടങ്ങുകയും കൂടുതല്‍ വായു ഈ പ്രക്രിയയിലേക്ക് പ്രവേശിക്കുന്നതോടെ കാറ്റിന്റെ വേഗം കൂടുകയും പൊടിപടലങ്ങള്‍ ഉയരുകയും ചെയ്യും.
ഇതുവഴി ഇവിടെ ശക്തമായി കറങ്ങുന്ന പൊടിക്കാറ്റ് രൂപപ്പെടും. 'ഡസ്റ്റ് ഡെവിള്‍' എന്നാണ് ഇതിനെ വിളിക്കുന്നത്. 1970 കളില്‍ നാസയുടെ വൈക്കിങ് ദൗത്യമാണ് ആദ്യമായി ഡസ്റ്റ് ഡെവിള്‍ പ്രതിഭാസം കണ്ടത്. പിന്നീട് ക്യൂരിയോസിറ്റി, പെര്‍സിവറന്‍സ് റോവറുകളും ഈ പ്രതിഭാസത്തിന് സാക്ഷിയായി.
ഭൂമിയില്‍ സാധാരണ ശക്തമായ കൊടുങ്കാറ്റിനും മഴയ്ക്കുമൊപ്പമാണ് മിന്നലുകളുണ്ടാകാറുള്ളത്. ഭൂമിയിലുണ്ടാകുന്ന പൊടിക്കാറ്റിലും പൊടിപടലങ്ങള്‍ തമ്മില്‍ ഘര്‍ഷണം ഉണ്ടാകാറുണ്ട്. ഇടിമിന്നലിനുള്ളിലെ ഐസിനും വെള്ളത്തിനും പകരം പൊടിപടലങ്ങള്‍ തമ്മില്‍ പരസ്പരം ഉരസുകയാണ് ചെയ്യുക. ആ ഘര്‍ഷണത്തിലൂടെ ചാര്‍ജുള്ള കണങ്ങള്‍ രൂപപ്പെടുകയും അവ കൂടിച്ചേരുമ്പോള്‍ മിന്നലായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. ചൊവ്വയില്‍ ഈ രീതിയിലാണ് മിന്നല്‍ രൂപപ്പെടുന്നത്.
ഇത് ചൊവ്വാ ദൗത്യത്തിനുപയോഗിക്കുന്ന റോവറുകള്‍ക്കും ഭാവിയില്‍ വിക്ഷേപിക്കാനുദ്ദേശിക്കുന്ന മനുഷ്യരുടെ യാത്രാ ദൗത്യങ്ങള്‍ക്കും ഭീഷണിയായേക്കുമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഇത്തരം ഇലക്ട്രോസ്റ്റാറ്റിക് ഡിസ്ചാര്‍ജുകളെ കുറിച്ച് ആഴത്തിലുള്ള പഠനത്തിലൂടെ ഭാവി ചൊവ്വാ പര്യവേക്ഷണ ദൗത്യങ്ങള്‍ സുരക്ഷിതമാക്കാനാവുമെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.