താടിയും മുടിയുമില്ലാത്ത യേശു ക്രിസ്തുവിന്റെ അപൂര്‍വ ചിത്രം കണ്ടെത്തി

താടിയും മുടിയുമില്ലാത്ത യേശു ക്രിസ്തുവിന്റെ അപൂര്‍വ ചിത്രം കണ്ടെത്തി

ഇസ്താംബൂള്‍: താടിയും മുടിയും ഇല്ലാത്ത യേശു ക്രിസ്തുവിന്റെ അപൂര്‍വ ചിത്രം കണ്ടെത്തി പുരാവസ്തു ഗവേഷകര്‍. തുര്‍ക്കിയിലെ ഇസ്നിക്കില്‍ (Iznikപഴയ നിഖ്യ) മൂന്നാം നൂറ്റാണ്ടിലെ ഒരു ഭൂഗര്‍ഭ ശവകുടീരത്തില്‍ നിന്നുമാണ് യേശു ക്രിസ്തുവിന്റെ അപൂര്‍വ്വവ ചിത്രം (ഫ്രെസ്‌കോ) കണ്ടെത്തിയത്.

ക്രൈസ്തവ ചരിത്രത്തില്‍ നിര്‍ണയകമായ നിഖ്യാ വിശ്വാസ പ്രമാണം രൂപീകരിച്ച സ്ഥലത്തിന് സമീപമാണ് തുര്‍ക്കിയിലെ ഗവേഷകര്‍ ഈ ചിത്രം കണ്ടെത്തിയതെന്ന് അന്തര്‍ദേശീയ മാധ്യമമായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യേശുവിനെ ഒരു 'നല്ല ഇടയനായി' ചിത്രീകരിച്ചിരിക്കുന്ന പെയിന്റിങ് ആണ് കണ്ടെത്തിയിരിക്കുന്നത്. തോളില്‍ യേശു ഒരു ആടിനെ ചുമക്കുന്നതാണ് ചിത്രത്തില്‍ ഉള്ളത്.

നീണ്ട മുടിയില്ലാത്ത, താടിയില്ലാത്ത ചെറുപ്പക്കാരനായ ടോഗ (Toga) എന്ന റോമന്‍ വസ്ത്രം ധരിച്ച രൂപത്തിലാണ് യേശുവിനെ ഇതില്‍ ചിത്രീകരിച്ചിരിക്കുന്നത്. അനാറ്റോളിയന്‍ മേഖലയില്‍ യേശുവിനെ റോമന്‍ ശൈലിയില്‍ ചിത്രീകരിച്ചിരിക്കുന്നത് വളരെ അപൂര്‍വമാണ്. ക്രൈസ്തവര്‍ പീഡനങ്ങള്‍ അനുഭവിച്ചിരുന്ന കാലഘട്ടമായ മൂന്നാം നൂറ്റാണ്ടിലുണ്ടായതാണ് ഈ ശവകുടീരം എന്നാണ് പുരാവസ്തു ഗവേഷകര്‍ കരുതുന്നത്.

ക്രൈസ്തവ ചിഹ്നമായി കുരിശ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നതിന് മുന്‍പുള്ള കാലഘട്ടത്തിലെ വിശ്വാസത്തിന്റെയും സംരക്ഷണത്തിന്റെയും പ്രതീകമായാണ് 'നല്ല ഇടയന്‍' എന്ന രൂപം കണക്കാക്കപ്പെടുന്നത്. തുര്‍ക്കിയില്‍ (അനാറ്റോളിയ) നിന്ന് ലഭിക്കുന്ന ഇത്തരത്തിലുള്ള ഏറ്റവും മികച്ചതും അപൂര്‍വവുമായ ചിത്രമാണിതെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.

വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലെ ഇസ്നിക്കിനടുത്തുള്ള ഒരു ഭൂഗര്‍ഭ ശവകുടീരത്തില്‍ നിന്നാണ് ഈ പയിന്റിങ് കണ്ടെത്തിയത്. ഇടുങ്ങിയ ശവകുടീരത്തിന്റെ ചുമരുകളും മേല്‍ക്കൂരയും പക്ഷികളുടെയും സസ്യങ്ങളുടെയും രൂപങ്ങള്‍ കൊണ്ട് അലങ്കരിച്ചിരിച്ചിട്ടുണ്ട്. അടിമ പരിചാരകരുടെ അകമ്പടിയോടെയുള്ള കുലീനരായ പുരുഷന്മാരുടെയും സ്ത്രീകളുടെയും ഛായാചിത്രങ്ങളും ചുവരുകളിലുണ്ട്.

ശവകുടീരത്തിലേക്ക് പ്രവേശനം അനുവദിച്ച ആദ്യത്തെ അന്താരാഷ്ട്ര മാധ്യമ സ്ഥാപനമായ അസോസിയേറ്റഡ് പ്രസ് ആണ് ഇതിന്റെ വീഡിയോ ചിത്രീകരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.