കേരളത്തിലെ എസ്ഐആര്‍ സ്റ്റേ ചെയ്യാതെ സുപ്രീം കോടതി; ഹര്‍ജികള്‍ ഡിസംബര്‍ രണ്ടിലേക്ക് മാറ്റി: തിരഞ്ഞെടുപ്പ് കമ്മിഷന്‍ സത്യവാങ്മൂലം നല്‍കണം

കേരളത്തിലെ എസ്ഐആര്‍  സ്റ്റേ ചെയ്യാതെ സുപ്രീം കോടതി; ഹര്‍ജികള്‍ ഡിസംബര്‍ രണ്ടിലേക്ക് മാറ്റി: തിരഞ്ഞെടുപ്പ് കമ്മിഷന്‍ സത്യവാങ്മൂലം നല്‍കണം

ന്യൂഡല്‍ഹി: കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണ ( എസ്ഐആര്‍ ) നടപടികള്‍ സ്‌റ്റേ ചെയ്യാതെ സുപ്രീം കോടതി. കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഡിസംബര്‍ രണ്ടിന് പരിഗണിക്കാനായി മാറ്റി. വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീം കോടതി നിര്‍ദേശം നല്‍കി.

കേരളത്തിലെ സാഹചര്യങ്ങള്‍ സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഡിസംബര്‍ ഒന്നിനകം വിശദമായ റിപ്പോര്‍ട്ട് നല്‍കാനും സുപ്രീം കോടതി നിര്‍ദേശിച്ചു. സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനൊപ്പം എസ്ഐആര്‍ നടപ്പാക്കുന്നതില്‍ എന്തെങ്കിലും പ്രശ്നം നേരിടുന്നതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിട്ടില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീം കോടതിയെ അറിയിച്ചു.

ജില്ലാ കളക്ടര്‍മാര്‍ അടക്കം എസ്ഐആര്‍ നടപടികളുമായി സഹകരിച്ചു മുന്നോട്ടു പോകുന്നുണ്ട്. തിരഞ്ഞെടുപ്പും എസ്ഐആറും ഒപ്പം വന്നതില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനാണ് അറിയിക്കേണ്ടത്. സംസ്ഥാന സര്‍ക്കാരിന് ഇതില്‍ വാദം ഉന്നയിക്കാന്‍ അവകാശമില്ലെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ കമ്മിഷന്‍ ഉന്നയിക്കുന്ന സാഹചര്യമല്ല കേരളത്തിലേതെന്ന് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

തുടര്‍ന്നാണ് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനുകളോട് കോടതി നിര്‍ദേശിച്ചത്. ഡിസംബര്‍ ഒമ്പതിന് വീണ്ടും പരിഗണിക്കാമെന്ന് കോടതി അറിയിച്ചപ്പോള്‍ ഡിസംബര്‍ നാലിന് നടപടികള്‍ അവസാനിക്കുന്നതിനാല്‍ അടിയന്തരമായി പരിഗണിക്കണമെന്ന് കേരളത്തിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഡിസംബര്‍ രണ്ടിന് പരിഗണിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.