തിരുവനന്തപുരം: കോടിക്കണക്കിന് രൂപ മുടക്കി വഴിയിലുടനീളം എ.ഐ ക്യാമറകള്‍ സ്ഥാപിച്ചിട്ടും വാഹനങ്ങള്‍ വഴിയില്‍ തടഞ്ഞ് പിഴ ഈടാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുമേല്‍ കടുത്ത സമ്മര്‍ദ്ദം. മാസം 30 കോടി രൂപ ഈടാക്കി നല്‍കാനാണ് നിര്‍ദേശം. സാമ്പത്തിക പ്രതിസന്ധികാരണം കൂടുതല്‍ പണം ഖജനാവിലേക്ക് എത്തിക്കാന്‍ വേണ്ടിയാണെന്ന ആക്ഷേപമുയരുന്നുണ്ട്.
ക്യാമറ പെറ്റിയിലൂടെ പ്രതിമാസം 16 മുതല്‍ 18 കോടി രൂപ വരെയാണ് പിഴയായി ചുമത്തുന്നത്. അതിന്റെ ഇരട്ടിത്തുകയാണ് മൊത്തം ടാര്‍ജറ്റ്. ഒരു ഉദ്യോഗസ്ഥന്‍ കുറഞ്ഞത് 500 കേസെടുക്കണം. ഇല്ലെങ്കില്‍ നടപടി നേരിടേണ്ടിവരും.
ആലപ്പുഴയിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ കഴിഞ്ഞ ശനിയാഴ്ച സസ്പെന്‍ഡ് ചെയ്തിരുന്നു. പിഴ ചുമത്തിയ കേസുകള്‍ ജൂലൈയില്‍ 208, ഓഗസ്റ്റില്‍ 185 എന്നിങ്ങനെയാണെന്ന് സസ്‌പെന്‍ഷന്‍ ഓര്‍ഡറില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ്.ശ്രീജിത്ത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ടാര്‍ജറ്റ് തികയ്ക്കാത്ത 20 ഉദ്യോഗസ്ഥര്‍ നടപടി ഭീഷണിയിലാണ്. മുഖ്യമന്ത്രിയെ സമീപിക്കാനാണ് എം.വി.ഡിയിലെ സംഘടനകളുടെ നീക്കം.
വാഹനം തടഞ്ഞുള്ള പരിശോധന കുറയുമെന്ന് എ.ഐ ക്യാമറപദ്ധതിയുടെ ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പിഴ ചുമത്തുന്നതില്‍ ഉദ്യോഗസ്ഥര്‍ അലംഭാവം കാട്ടുന്നതുകൊണ്ട് വാഹനാപകടങ്ങള്‍ കൂടുന്നു എന്നാണ് ഉന്നതരുടെ വാദം. യഥാര്‍ത്ഥത്തില്‍ റോഡിന്റെ ശോച്യാവസ്ഥ, വാഹനങ്ങളുടെ തകരാര്‍, പ്രതികൂല കാലാവസ്ഥ തുടങ്ങി നിരവധി ഘടകങ്ങള്‍ വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
പെറ്റിക്കേസ് തികയ്ക്കാത്ത ഉദ്യോഗസ്ഥരെ കുറച്ചു നാള്‍ മുമ്പ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറേറ്റിലേക്ക് വിളിച്ചുവരുത്തി പിഴ ചുമത്താന്‍ പഠിപ്പിച്ചിരുന്നു. 500 കേസെടുക്കുമ്പോള്‍ പരിശീലനം അവസാനിക്കും. മൊബൈല്‍ ഫോണില്‍ ചിത്രമെടുത്ത് ഇ-ചെല്ലാന്‍ വഴി 500 കേസെടുത്താണ് ഉദ്യോഗസ്ഥര്‍ മടങ്ങിയിരുന്നത്.
ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ്, പാര്‍ക്കിംഗ് കേസുകള്‍ കണ്ടെത്തി കണക്ക് തികയ്ക്കാനാണ് മിക്ക ഉദ്യോഗസ്ഥരും ശ്രമിക്കുന്നത്. വാഹനം ഓടിക്കുന്നയാളുടെ നിയമ ലംഘനം ക്യാമറ കണ്ടെത്തിയതിനു ശേഷമോ മുമ്പോ റോഡിലെ ഉദ്യോഗസ്ഥനും കണ്ടെത്തും. ഒരു കുറ്റത്തിന് രണ്ട് പെറ്റി അടയ്‌ക്കേണ്ടിയും വരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.