പ്രതിരോധ സഹകരണ വിപുലീകരണത്തിന് അഞ്ച് വര്‍ഷത്തെ റോഡ്മാപ്പിങ്; ഇന്ത്യയും ടാന്‍സാനിയയും ആറ് ധാരണാ പത്രങ്ങളില്‍ ഒപ്പുവച്ചു

പ്രതിരോധ സഹകരണ വിപുലീകരണത്തിന് അഞ്ച് വര്‍ഷത്തെ റോഡ്മാപ്പിങ്; ഇന്ത്യയും ടാന്‍സാനിയയും ആറ് ധാരണാ പത്രങ്ങളില്‍ ഒപ്പുവച്ചു

ന്യൂഡല്‍ഹി: ഇന്ത്യയും ടാന്‍സാനിയയും തന്ത്രപ്രധാനമായ ആറ് ധാരണാ പത്രങ്ങളില്‍ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ടാന്‍സാനിയന്‍ പ്രസിഡന്റ് സാമിയ സുലുഹു ഹസനും തമ്മിലുള്ള ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ബന്ധം ഉയര്‍ത്തുന്നതായി ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചു.

പ്രതിരോധ സഹകരണം വിപുലീകരിക്കുന്നതിനായി അഞ്ച് വര്‍ഷത്തെ റോഡ്മാപ്പിങ് ധാരണയിലുമെത്തി. ഡിജിറ്റല്‍ ഡൊമെയ്ന്‍, സംസ്‌കാരം, കായികം, സമുദ്ര വ്യവസായം, വൈറ്റ് ഷിപ്പിങ് വിവരങ്ങള്‍ പങ്കിടല്‍ എന്നിവയില്‍ സഹകരണം ഉറപ്പാക്കുന്ന ആറ് കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചത്.

കൂടാതെ പ്രാദേശിക കറന്‍സികളുടെ വ്യാപാരം വര്‍ധിപ്പിക്കുന്നതിനായുള്ള കരാറിനായി ഇരുരാജ്യങ്ങളും പ്രവര്‍ത്തിക്കുമെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം നടത്തിയ മാധ്യമ പ്രസ്താവനയില്‍ പ്രധാനമന്ത്രി മോഡി പറഞ്ഞു. സൈനിക പരിശീലനം, സമുദ്ര മേഖല, പ്രതിരോധ വ്യവസായം തുടങ്ങിയ മേഖലകളിലെ സഹകരണ പങ്കാളിത്തത്തിനായി പുതിയ മാനങ്ങള്‍ നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭീകരവാദം മനുഷ്യരാശിക്ക് മേലുള്ള ഏറ്റവും ഗുരുതരമായ സുരക്ഷാ ഭീഷണിയാണെന്ന് ഇന്ത്യയും ടാന്‍സാനിയയും ഏകകണ്ഠമായി പ്രസ്താവിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ തീവ്രവാദ വിരുദ്ധ മേഖലയില്‍ പരസ്പര സഹകരണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ടാന്‍സാനിയ ഇന്തോ-പസഫിക്കിലെ പ്രധാന പങ്കാളിയാണെന്നും പ്രധാനമന്ത്രി മോഡി വിശേഷിപ്പിച്ചു. രാവിലെ രാഷ്ട്രപതിഭവന്‍ അങ്കണത്തില്‍ സുലുഹു ഹസന് ആചാരപരമായ സ്വീകരണം നല്‍കിയാണ് സ്വീകരിച്ചത്. നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഞായറാഴ്ചയാണ് ടാന്‍സാനിയന്‍ പ്രസിഡന്റ് ഡല്‍ഹിയിലെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.