കൊച്ചി: ഇസ്രായേൽ യുദ്ധഭൂമിയിൽ കുടുങ്ങിയ മലയാളി തീർത്ഥാടകരുടെ ആദ്യ സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തിരിച്ചെത്തി. ആലുവയിൽ നിന്നുള്ള 48 അംഗ സംഘം ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് വിമാനമിറങ്ങിയത്. ഈ മാസം മൂന്നാം തീയതി പാലസ്തീൻ, ജോർദാൻ, ഇസ്രയേൽ എന്നിവിടങ്ങളിലെ സന്ദർശനം പൂർത്തിയാക്കി ഈജിപ്തിലേക്കുള്ള യാത്രയ്ക്കിടെയാണ് യുദ്ധം ആരംഭിച്ചത്.
റോക്കറ്റ് വർഷം നേരിട്ട് കണ്ടെന്നും ഈജിപ്ത് വഴിയാണ് രക്ഷപെട്ടെത്തിയതെന്നും തീർത്ഥാടകർ പറഞ്ഞു. ഞങ്ങൾ ശനിയാഴ്ച രാവിലെ ബെദ്‌ലഹേമിൽ നിന്ന് ഈജിപ്റ്റിലേക്ക് പുറപ്പെടുമ്പോഴാണ് ഈ സംഭവം അറിയുന്നത്. യാത്രാ മധ്യേ ഞങ്ങളെ പട്ടാളക്കാർ തടഞ്ഞു, നിങ്ങൾ സുരക്ഷിതരല്ലെന്ന് പറഞ്ഞു. ബദ്‌ലഹേമിൽ വന്ന് വേറെ ഒരു ഹോട്ടലിൽ താമസിച്ചു. അവിടെ നിന്ന് മിസൈൽ പോവുന്നതും തകർന്ന് വീഴുന്നതെല്ലാം കാണാമായിരുന്നു.
ബദ്‌ലഹേമിൽ കാര്യമായ പ്രശ്‌നമില്ല. ഗാസയിലാണ് ഏറ്റവും പ്രശ്‌നം. തങ്ങൾ താമസിച്ച ഹോട്ടലിൽ മറ്റൊരു മലയാളി സംഘമുണ്ടായിരുന്നുവെന്നും അവർ അവിടെ നിന്ന് പോന്നിട്ടുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കരുതുന്നതെന്നും തീർത്ഥാടകർ വ്യക്തമാക്കി.
അതേസമയം, തകർന്നടിഞ്ഞ ഗാസയിൽ കരയുദ്ധത്തിന് ഏത് നിമിഷവും ഇരച്ചുകയറാൻ തയ്യാറായി നിൽക്കുകയാണ് ഇസ്രയേൽ സേന. കരയുദ്ധം എപ്പോൾ വേണമെങ്കിലും തുടങ്ങുമെന്ന് ഇസ്രയേൽ സൈനിക അധികൃതർ ഇന്നലെ പ്രഖ്യാപിച്ചു. അയൽ രാജ്യങ്ങളായ ലെബനണിലും സിറിയയിലും നിന്നു കൂടി ആക്രമണം തുടങ്ങിയതോടെ ഇസ്രയേൽ മൂന്നിടത്ത് പോർമുഖങ്ങൾ തുറന്നു. അതിനിടെ, ഇസ്രയേലിൽ പ്രതിപക്ഷത്തെ കൂടി ഉൾപ്പെടുത്തി സംയുക്ത മന്ത്രിസഭ രൂപീകരിച്ചു.
ഇന്നലെ തെക്കൻ ഇസ്രയേൽ നഗരമായ അഷ്കെലോണിലേക്ക് ഹമാസ് തൊടുത്ത റോക്കറ്റുകൾ ശിശു സംരക്ഷണ കേന്ദ്രത്തിൽ പതിച്ചു. നിരവധി കുട്ടികൾക്ക് പരിക്കേറ്റു. ഇതിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി ബെഞ്ചമിൻ നെതനാഹ്യു തന്നെ പുറത്തുവിട്ടു. തങ്ങളുടെ 169 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ ഇന്നലെ ഔദ്യോഗികമായി അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.