ഇസ്രയേലില്‍ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണം എസ്.എം.വൈ.എം പാലാ രൂപത

ഇസ്രയേലില്‍ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണം എസ്.എം.വൈ.എം പാലാ രൂപത

പാലാ: ഇസ്രയേലില്‍ ഹമാസ് നടത്തിയ ഭീകരാക്രമണത്തെത്തുടര്‍ന്ന് സ്ഥിതിഗതികള്‍ ആശങ്കാജനകമായി മാറിയ സാഹചര്യത്തില്‍ അവിടെ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് എസ്.എം.വൈ.എം പാലാ രൂപത.

ധാരാളം ഇന്ത്യക്കാര്‍ പ്രത്യേകിച്ച്, മലയാളികള്‍ ഇസ്രയേലില്‍ ജോബ് വിസയില്‍ താമസിക്കുന്നവരാണ്. ആതുര ശുശ്രൂഷാ രംഗത്തും കെയര്‍ ഹോമുകളിലും മറ്റ് തൊഴിലിടങ്ങളിലുമാണ് മലയാളികള്‍ പ്രധാനമായും സേവനം ചെയ്യുന്നത്. ഇസ്രയേലിലെ നമ്മുടെ സഹോദരങ്ങളും അവരുടെ കുടുംബാംഗങ്ങളും കടുത്ത മാനസിക - വൈകാരിക സംഘര്‍ഷത്തിലൂടെയുമാണ് കടന്നുപോകുന്നത്.



ഇടവകകളും സന്നദ്ധ സംഘടനകളും ഇസ്രയേലിലുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും കുടുംബാംഗങ്ങളുമായി വിവരങ്ങള്‍ കൈമാറുകയും അവര്‍ക്ക് ആത്മവിശ്വാസം പകരുകയും വേണം. ഇതില്‍ പാലാ രൂപത പ്രവാസി അപ്പോസ്തലേറ്റ് വളരെ കാര്യക്ഷമമായി ഇടപെടുന്നുണ്ട്.

ഇസ്രയേലിലുള്ള എണ്ണായിരത്തോളം മലയാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന് എസ്.എം.വൈ.എം. ആവശ്യപ്പെട്ടു. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് എല്ലാവരുടെയും പ്രത്യേക പ്രാര്‍ത്ഥന ആവശ്യമാണ്. യുദ്ധം പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാര്‍ഗമല്ലെന്ന് സമൂഹം തിരിച്ചറിയണം. മനപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെ ലോക ജനത ഒറ്റപ്പെടുത്തണമെന്നും യോഗം അഭിപ്രായപ്പെട്ടു.

എസ്.എം.വൈ.എം രൂപതാ പ്രസിഡന്റ് തോമസ് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി, ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ നവീന സി.എം.സി, വൈസ് പ്രസിഡന്റ് സെഞ്ചു ജേക്കബ്, ജനറല്‍ സെക്രട്ടറി ടോണി കവിയില്‍, ഡപ്യൂട്ടി പ്രസിഡന്റ് ഡോണ്‍ സോണി, സെക്രട്ടറി അല്‍ഫി ഫ്രാന്‍സിസ്, ജോയിന്റ് സെക്രട്ടറി മെര്‍ലിന്‍ സാബു, ട്രഷറര്‍ എബി നൈജില്‍, കെ.സി.വൈ.എം സ്റ്റേറ്റ് സിന്‍ഡിക്കേറ്റ് ജിയോ, റിയാ, സിന്‍ഡിക്കേറ്റ് കൗണ്‍സിലേഴ്‌സ് മാര്‍ട്ടിന്‍ വി രാജു, നീതു, മഞ്ജു, ജിസ്, റെമിന്‍, ബ്രദര്‍ ജോര്‍ജ് പൊട്ടനാനിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.