ന്യൂഡല്‍ഹി: ശ്രീലങ്കയുടെ നാഷണല്‍ അക്വാട്ടിക് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഏജന്‍സിയുമായി ചേര്‍ന്ന് സംയുക്ത സൈനിക ശാസ്ത്ര ഗവേഷണം നടത്താന്‍ ചൈനീസ് സര്‍വേ ആന്‍ഡ് റിസര്‍ച്ച് കപ്പല്‍ ഷി യാന്‍-6 നെ അനുവദിക്കരുതെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിച്ച് ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ. ഈ മാസം അവസാനവും നവംബര്‍ ആദ്യവുമായി ശ്രീലങ്കയുടെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണില്‍ ശാസ്ത്ര ഗവേഷണം നടത്താനാണ് പദ്ധതി ഇട്ടിരുന്നത്.
കഴിഞ്ഞ ദിവസം കൊളംബോയില്‍ ശ്രീലങ്കന്‍ രാഷ്ട്രത്തലവനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഉന്നയിച്ച വിഷയത്തിലാണ് പ്രസിഡന്റ് വിക്രമസിംഗെയുടെ പ്രതികരണം. ചൈനീസ് ചാരക്കപ്പലിന് ശ്രീലങ്കന്‍ തീരത്ത് നങ്കൂരമിടാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് അലി സബ്രിയ അനുമതി നല്‍കിയതായി ചില പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇന്ത്യ-ശ്രീലങ്ക ഉഭയകക്ഷി ബന്ധത്തില്‍ വിള്ളലുണ്ടാക്കാനും ചൈന ഈ നീക്കത്തിലൂടെ ശ്രമിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. ചൈനയെ സംബന്ധിച്ചിടത്തോളം ഷി യാന്‍-6 അണ്ടര്‍വാട്ടര്‍, ഹൈഡ്രോഗ്രാഫിക് സര്‍വേ എന്നിവ ഉപയോഗിച്ച് ആവശ്യമായ എല്ലാത്തരം ഡാറ്റയും ശേഖരിക്കാന്‍ കഴിയുന്ന കപ്പലാണ്.
സെപ്റ്റംബര്‍ 23 ന് ഇന്ത്യന്‍ മഹാസമുദ്രമേഖലയില്‍ പ്രവേശിച്ച കപ്പല്‍ ശ്രീ ലങ്കയിലെ തുറമുഖമായ ഹമ്പന്‍ടോട്ട തുറമുഖത്തിന് 1,000 കിലോമീറ്റര്‍ കിഴക്കായി നിലയുറപ്പിച്ചിട്ടുണ്ട്. ചൈനീസ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കമ്പനികള്‍ക്ക് പാര്‍ട്ട്ണര്‍ഷിപ്പുള്ള തുറമുഖമാണ് ഹമ്പന്‍ടോട്ട. ഏകദേശം 2,000 ടണ്‍ ഡീസല്‍ വഹിക്കുന്ന കപ്പലില്‍ രണ്ട് മാസം കൂടി നിലനില്‍ക്കാന്‍ ആവശ്യമായ സാധനങ്ങള്‍ ഉണ്ട്.
കഴിഞ്ഞ അഞ്ച് വര്‍ഷമായി ചൈനീസ് കപ്പലുകള്‍ ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ സജീവമാണ്. 2019 ലെ കണക്കനുസരിച്ച് യുദ്ധക്കപ്പലുകള്‍, ബാലിസ്റ്റിക് മിസൈല്‍ ട്രാക്കറുകള്‍, ഗവേഷണ കപ്പലുകള്‍ എന്നിവയുള്‍പ്പെടെ മൊത്തം കപ്പലുകളുടെ എണ്ണം 29 ആയിരുന്നു. 2020-ല്‍ 39, പിന്നീട് 2021-ല്‍ 45, 2022-ല്‍ 43. ഈ വര്‍ഷം സെപ്റ്റംബര്‍ 15 വരെ 28 ചൈനീസ് കപ്പലുകളാണ് ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.