കോഴിക്കോട്: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.കെ. രാമചന്ദ്രന്‍(78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെ മൂന്നരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നലെ രാത്രിയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2004ല്‍ എ.ഐ.സി.സി അംഗവും 1970 മുതല്‍ 2017 വരെ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായിരുന്നു. ആറ് തവണ എം.എല്‍.എയായിരുന്ന രാമചന്ദ്രന്‍, എ.കെ. ആന്റണി, ഉമ്മന്‍ചാണ്ടി മന്ത്രിസഭകളില്‍ ഭക്ഷ്യ, പൊതുവിതരണ, ആരോഗ്യ വകുപ്പുകളുടെ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
1991, 96, 2001 വര്‍ഷങ്ങളില്‍ കല്‍പ്പറ്റ, 1980, 82, 87 വര്‍ഷങ്ങളില്‍ സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലങ്ങളില്‍ നിന്ന് നിയമസഭയിലെത്തി. 2006ല്‍ കല്‍പ്പറ്റയില്‍ പരാജയപ്പെട്ടു. 1995-96 കാലയളവിലാണ് ആന്റണി മന്ത്രിസഭയില്‍ ഭക്ഷ്യ, പൊതുവിതരണ വകുപ്പിന്റെ ചുമതല വഹിച്ചു. 2004ല്‍ ആന്റണി രാജിവെച്ച ശേഷം അധികാരത്തിലേറിയ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ആരോഗ്യ വകുപ്പും കൈകാര്യം ചെയ്തു. ദീര്‍ഘകാലം വയനാട് ജില്ലയില്‍ നിന്ന് നിയമസഭാ സമാജികനായിരുന്ന അദ്ദേഹത്തിന് ജെ.ഡി.യു എല്‍.ഡി.എഫ് വിട്ട് യു.ഡി.എഫില്‍ എത്തിയതോടെയാണ് കല്‍പ്പറ്റ മണ്ഡലം നഷ്ടമായത്. മുന്നണി ധാരണ പ്രകാരം ജെ.ഡി.യു നേതാവായിരുന്ന എം.വി. ശ്രേയാംസ്കുമാറിനാണ് കോണ്‍ഗ്രസ് സീറ്റ് നല്‍കിയത്. വീരേന്ദ്ര കുമാറിന്റെ കടുത്ത എതിരാളിയായിരുന്ന രാമചന്ദ്രന്‍, ജെ.ഡി.യുവിന്റെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടിയില്‍ നിന്ന് അകന്നത്. കേണിച്ചിറയില്‍ സ്കൂള്‍ അധ്യാപകനായിരുന്ന അദ്ദേഹം രാജിവെച്ചാണ് മുഴുവന്‍ സമയ പൊതു പ്രവര്‍ത്തകനായത്.
2011ല്‍ ടൈറ്റാനിയം അഴിമതി കേസുകളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് വന്നതോടെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പിന്നീട് പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തുവെങ്കിലും ചുമതലകള്‍ നല്‍കിയിരുന്നില്ല. 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, നിങ്ങളെന്നെ ബി.ജെ.പിയാക്കി' എന്ന രാമചന്ദ്രന്‍ മാസ്റ്ററുടെ ആത്മകഥ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പി. നാരായണന്‍ നമ്പ്യാരും രുഗ്മിണി അമ്മയുമാണ് മാതാപിതാക്കൾ. ഭാര്യ: കെ. പത്മിനി. മൂന്നു മക്കളുണ്ട്. സംസ്കാരം വൈകിട്ട് അഞ്ചിന് കോഴിക്കോട് കക്കോടിയിലെ മകന്റെ വസതിയില്‍ നടക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.