ന്യൂഡല്‍ഹി: രാജ്യത്ത് സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമ സാധുതയില്ല. സ്വവര്‍ഗ വിവാഹത്തിന് അംഗീകാരം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ 3-2 ന് ഭരണഘടനാ ബഞ്ച് തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചിന്റേതാണ് ചരിത്രപരമായ തീരുമാനം.
അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് സഞ്ജയ് കൗള്‍ എന്നിവര്‍ സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കുന്നതിനെ അനുകൂലിച്ചു. എന്നാല്‍ ജസ്റ്റിസുമാരായ രവീന്ദ്ര ഭട്ട്, ഹിമ കോലി, പി.എസ്. നരസിംഹ എന്നിവര്‍ എതിര്‍ത്തതോടെയാണ് 3-2 ന് ഹര്‍ജികള്‍ തള്ളിയത്. ഇതില്‍ ഹിമ കോലി ഒഴികെയുള്ളവര്‍ പ്രത്യേക വിധി പ്രസ്താവം നടത്തി.
സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കുന്നതിനെ കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തിരുന്നു. കഴിഞ്ഞ മെയ് 11 ന് പത്ത് ദിവസത്തെ വാദം പൂര്‍ത്തിയാക്കിയ ഹര്‍ജികളില്‍ അഞ്ച് മാസത്തിന് ശേഷമാണ് പരമോന്നത നീതിപീഠം രാജ്യം കാതോര്‍ത്തിരുന്ന സുപ്രധാന വിധി ഇന്ന് പറഞ്ഞത്.
എല്ലാ ജഡ്ജിമാര്‍ക്കും വിഷയത്തില്‍ ഒരേ അഭിപ്രായമില്ലാത്തതിനാല്‍ ഹര്‍ജികളില്‍ നാല് ഭിന്ന വിധികളാണുള്ളതെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. വിവാഹത്തിന് നിയമസാധുത തേടി നിരവധി സ്വവര്‍ഗ പങ്കാളികള്‍ നല്‍കിയ ഹര്‍ജികളിലാണ് സുപ്രീം കോടതി പത്ത് ദിവസം വാദം കേട്ടതിന് ശേഷം വിധി പറഞ്ഞത്.
നഗരങ്ങളില്‍ താമസിക്കുന്നവരെല്ലാം വരേണ്യരല്ലെന്നും വിവാഹം സ്ഥിരതയുള്ളതാണെന്ന് വാദിക്കാനാവില്ലെന്നും ഹര്‍ജിയെ അനുകൂലിച്ച ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. അത്തരം പ്രസ്താവനകള്‍ തെറ്റാണ്. ഇത് തുല്യതയുടെ കാര്യമാണ്.
നിയമങ്ങള്‍ വഴി വിവാഹത്തില്‍ പരിഷ്‌കാരങ്ങള്‍ വന്നിട്ടുണ്ട്. സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റിലെ സെക്ഷന്‍ 4 ഭരണഘടനാ വിരുദ്ധമാണ്. അത് തുല്യതക്കെതിരാണ്. എന്നാലത് റദ്ദാക്കുന്നില്ല. സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റില്‍ മാറ്റം വേണോയെന്ന് പാര്‍ലമെന്റിന് തീരുമാനിക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
അതേസമയം, ചീഫ് ജസ്റ്റിസിന്റെ വിധിയോട് യോജിച്ച് ജസ്റ്റിസ് എസ്.കെ കൗള്‍ രംഗത്തെത്തി. എന്നാല്‍ ഇരുവരോടും മറ്റ് മൂന്ന് ജഡ്ജിമാരും വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു. അതോടെ 3-2 ന് ഹര്‍ജികള്‍ തള്ളുകയും ചെയ്തു.
1954 ലെ സ്‌പെഷല്‍ മാരേജ് ആക്ടിലെ നാലാം വകുപ്പ് പ്രകാരം 21 വയസ് കഴിഞ്ഞ പുരുഷനും 18 വയസുള്ള സ്ത്രീക്കും വിവാഹിതരാകാം. പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹം എന്നത് ഒഴിവാക്കി രണ്ട് വ്യക്തികള്‍ തമ്മിലുള്ള വിവാഹം എന്ന ആവശ്യം പരിഗണിക്കുമെന്നാണ് ഹര്‍ജികളില്‍ വാദം കേട്ട വേളയില്‍ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചത്. പുരുഷനും സ്ത്രീയും എന്നത് വ്യക്തികള്‍ എന്നും ഭാര്യയും ഭര്‍ത്താവും എന്നത് ദമ്പതികള്‍ എന്നും മാറ്റണമെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.