മലയാളി മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ കൊലക്കേസ്: അഞ്ച് പ്രതികളും കുറ്റക്കാര്‍

മലയാളി മാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ കൊലക്കേസ്: അഞ്ച് പ്രതികളും കുറ്റക്കാര്‍

ന്യൂഡല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥനെ വെടിവച്ച് കൊലപ്പെടുത്തിയ കേസില്‍ അഞ്ചു പ്രതികളും കുറ്റക്കാരെന്ന് കോടതി. രവി കപൂര്‍, ബല്‍ജീത് സിങ്, അമിത് ശുക്ല, അജയ് കുമാര്‍, അജയ് സേത്തി എന്നിവരെയാണ് ഡല്‍ഹിയിലെ സാകേത് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.
കൊലപാതകം ഉള്‍പ്പെടെ പ്രതികള്‍ക്കെതിരായ എല്ലാകുറ്റങ്ങളും പ്രോസിക്യൂഷന് തെളിയിക്കാനായെന്ന് കോടതി വ്യക്തമാക്കി. പ്രതികള്‍ക്കുള്ള ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. കൊലപാതകം നടന്ന് 15 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്. 2008 ലാണ് ഇന്ത്യ ടുഡേയിലെ മാധ്യമപ്രവര്‍ത്തകയായിരുന്ന സൗമ്യ വിശ്വനാഥ് വെടിയേറ്റ് മരിച്ചത്. കാറിനുള്ളില്‍ തലയ്ക്കു വെടിയേറ്റു മരിച്ചനിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

രാത്രി ജോലി കഴിഞ്ഞ് സൗമ്യ വസന്ത്കുഞ്ജിലെ വീട്ടിലേക്ക് മടങ്ങവെ മോഷ്ടാക്കള്‍ ആക്രമിച്ചു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സൗമ്യയ്ക്ക് വെടിയേല്‍ക്കുകയായിരുന്നു. കേസില്‍ 2009 ല്‍ അഞ്ച് പ്രതികള്‍ അറസ്റ്റിലായി. എന്നാല്‍ വിചാരണ നീണ്ടുപോകുകയായിരുന്നു. കഴിഞ്ഞ മാസം പുതിയ ജഡ്ജിയെ നിയമിച്ചതോടെയാണ് വിചാരണ വേഗത്തിലായത്.

കുറ്റിപ്പുറം പേരിശന്നൂര്‍ കിഴിപ്പള്ളി മേലേവീട്ടില്‍ വിശ്വനാഥന്‍-മാധവി ദമ്പതികളുടെ മകളായ സൗമ്യ വിശ്വനാഥന് കൊല്ലപ്പെടുമ്പോള്‍ 25 വയസായിരുന്നു. ദ് പയനിയര്‍ പത്രത്തിലും സിഎന്‍എന്‍-ഐബിഎന്‍ടി വിയിലും സൗമ്യ പ്രവര്‍ത്തിച്ചിരുന്നു. ഹെഡ്‌ലൈന്‍സ് ടുഡേയില്‍ പ്രൊഡ്യൂസറായി ജോലി ചെയ്യുമ്പോഴായിരുന്നു കൊല ചെയ്യപ്പെട്ടത്. ഡല്‍ഹി കാര്‍മല്‍ സ്‌കൂളിലും ജീസസ് ആന്‍ഡ് മേരി കോളജിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയാണ് സൗമ്യ മാധ്യമ പ്രവര്‍ത്തനത്തിലേക്കു കടന്നത്.

ഒരു മാധ്യമ പ്രവര്‍ത്തക തലസ്ഥാന നഗരയില്‍ കൊല ചെയ്യപ്പെട്ടിട്ട് വിധി പറയാന്‍ 15 വര്‍ഷങ്ങള്‍ വേണ്ടി വന്നു എന്നത് ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തിന് നേര്‍ക്കുള്ള ചോദ്യമായാണ് വിലയിരുത്തപ്പെടുന്നത്. സാകേത് സെഷന്‍സ് കോടതിയില്‍ കഴിഞ്ഞ 13നാണ് വാദം പൂര്‍ത്തിയായത്. വിധി പറയാനായി അഡീഷനല്‍ സെഷന്‍സ് ജഡ്ജി രവികുമാര്‍ പാണ്ഡേ മാറ്റുകയായിരുന്നു.

കൊല നടന്ന് ഏഴ് മാസം കഴിഞ്ഞ് 2009 മാര്‍ച്ചിലാണ് പ്രതികള്‍ പിടിയിലായത്. അറസ്റ്റിലായ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജിത് മാലിക്, അജയ് കുമാര്‍, അജയ് സേഥി എന്നിവര്‍ക്കെതിരെ രാജ്യ തലസ്ഥാന മേഖലയില്‍ (എന്‍സിആര്‍) ബാധകമായ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിരോധന നിയമത്തിലെ (മക്കോക്ക) കര്‍ശന വകുപ്പുകളും ഐപിസി പ്രകാരമുള്ള 302, 34 വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരുന്നത്. കൊലപാതകം അടക്കം നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയാണ് രവി കപൂര്‍.

സൗമ്യ കൊലചെയ്യപ്പെട്ട കാലയളവില്‍ 1992 മുതല്‍ 2015 വരെ രാജ്യത്ത് നാല്‍പതിലധികം പത്രപ്രവര്‍ത്തകരാണു കൊല്ലപ്പെട്ടത്. അതില്‍ 27 പേരുടെയും കൊലപാതകം വാര്‍ത്തകളുമായി ബന്ധപ്പെട്ടതായിരുന്നു. 2014 മുതല്‍ 2023 വരെയുള്ള കണക്കുകള്‍ പ്രകാരം ഓരോ വര്‍ഷം കഴിയും തോറും മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം താഴേക്ക് വീഴുകയാണ്. 2014 ല്‍ 140-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 2015 ല്‍ 136 ലേക്കും 2016 ല്‍ 133 ലേക്കും 2017 ല്‍ 136ലേക്കും 2018 ല്‍ 138ലേക്കും 2019 ല്‍ 140 ലേക്കും 2020-21 142 ലേക്കും 2022 ല്‍ 150 ലേക്കും 2023 ല്‍ 161-ാം സ്ഥാനത്തേക്കും ഇന്ത്യ എത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.