'ഇസ്രയേലിന് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തണം, അംബാസഡര്‍മാരെ പുറത്താക്കണം': ഒഐസി യോഗത്തില്‍ ഇറാന്‍

'ഇസ്രയേലിന് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തണം, അംബാസഡര്‍മാരെ പുറത്താക്കണം': ഒഐസി യോഗത്തില്‍ ഇറാന്‍

ജിദ്ദ: പാലസ്തീന്‍ ഭീകര സംഘടനയായ ഹമാസുമായി യുദ്ധം ചെയ്യുന്ന ഇസ്രയേലിനെതിരെ വീണ്ടും ഇറാന്‍. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷനി (ഒഐസി) ല്‍ അംഗങ്ങളായ രാജ്യങ്ങള്‍ ഇസ്രയേലിന് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തണമെന്നാണ് ഇറാന്റെ പുതിയ ആവശ്യം.

ഇസ്രയേലുമായി നയതന്ത്ര ബന്ധമുള്ള എല്ലാ രാജ്യങ്ങളും ഇസ്രയേലി അംബാസഡര്‍മാരെ പുറത്താക്കണമെന്നും എണ്ണ ഉള്‍പ്പെടെയുള്ള എല്ലാ വ്യാപാരങ്ങളും അവസാനിപ്പിക്കണമെന്നും ഇന്ന് സൗദി അറേബ്യയിലെ ജിദ്ദയില്‍ ചേര്‍ന്ന ഒഐസി രാഷ്ട്രങ്ങളുടെ അടിയന്തര യോഗത്തില്‍ ഇറാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ എല്ലാ അംഗ രാജ്യങ്ങളും ഇതിനോട് യോജിച്ചില്ല.

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന യുദ്ധക്കുറ്റങ്ങള്‍ രേഖപ്പെടുത്താന്‍ ഇസ്ലാമിക അഭിഭാഷകരുടെ ഒരു സംഘം രൂപീകരിക്കണമെന്നും ഇറാനെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്ത വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുള്ളഹിയാന്‍ ആവശ്യപ്പെട്ടു.

ചൊവ്വാഴ്ച ഗാസയിലെ അല്‍ അഹ് ലി അറബ് ആശുപത്രിയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ഞൂറോളം പലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും ഹമാസും ഇസ്ലാമിക ജിഹാദി ഗ്രൂപ്പുമാണ് ഉത്തരവാദികളെന്നും ഇസ്രയേല്‍ വ്യക്തമാക്കി.

ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തെ ഒഐസി ശക്തമായി അപലപിച്ചു. ഇത് സംഘടിത ഭരണകൂട ഭീകരതയുടെയും യുദ്ധക്കുറ്റത്തിന്റെയും കേസാണെന്നും യോഗത്തിന് ശേഷം ഒഐസി പുറത്തിറക്കിയ പ്രസ്താവനയില്‍ വിമര്‍ശിച്ചു. ഗാസയിലെ സംഘര്‍ഷം പരിഹരിക്കാന്‍ ഇടപെടണമെന്ന് ഒഐസി അന്താരാഷ്ട്ര സമൂഹത്തോടും യു.എന്‍ രക്ഷാസമിതിയോടും അഭ്യര്‍ത്ഥിച്ചു.

അതിനിടെ ഇറാന് പുറമേ പരസ്യ ഭീഷണിയുമായി തുര്‍ക്കിയും രംഗത്ത് വന്നു. ഗാസയിലെ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ ഈ യുദ്ധം മറ്റ് പല മേഖലകളിലേക്കും വ്യാപിക്കുമെന്നാണ് ഇരു രാജ്യങ്ങളും നല്‍കുന്ന മുന്നറിയിപ്പ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.