ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യത്തെ സെമി ഹൈ സ്പീഡ് റീജിയണല്‍ ട്രെയിനിന്റെ പേര് മാറ്റി കേന്ദ്ര സര്‍ക്കാര്‍. റാപ്പിഡ് എക്‌സ് എന്ന പേര് 'നമോ ഭാരത്' എന്നാക്കിയാണ് മാറ്റിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്രെയിനിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഉത്തര്‍പ്രദേശിലെ സഹീബാബാദ്-ദുഹായ് ഡിപ്പോയിലേക്കുള്ള ആദ്യ ട്രെയിനാണിത്.
ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് പാതയിലാണ് പുതിയ റാപ്പിഡ് ട്രെയിനിന്റെ സര്‍വീസ്. രാവിലെ ആറ് മുതല്‍ രാത്രി 11 വരെ 15 മിനിറ്റ് ഇടവിട്ടുള്ള അതിവേഗ ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. ഡല്‍ഹി-മീററ്റ് പാത ആകെ 82 കിലോ മീറ്ററുള്ളതാണ്. നിര്‍മ്മാണം പൂര്‍ത്തിയായ പാതയുടെ ദൂരം 17 കിലോ മീറ്ററാണ്. 2025 ജൂണ്‍ മാസത്തോടെ ഡല്‍ഹി-മീററ്റ് പാത പൂര്‍ത്തിയാക്കാനാണ് പദ്ധതിയിടുന്നത്.
ആധുനികമായ എല്ലാ സംവിധാനങ്ങളും ഒരുക്കിയ നമോ ഭാരത് ട്രെയിനുകള്‍ യാത്രക്കാര്‍ക്ക് പുതിയ അനുഭവമായിരിക്കും. സിസിടിവി ക്യാമറകള്‍, എമര്‍ജന്‍സി ഡോര്‍ സിസ്റ്റം, ഒരു സ്വിച്ച് അമര്‍ത്തിയാല്‍ ട്രെയിന്‍ ഓപ്പറേറ്ററുമായി സംസാരിക്കുന്ന സംവിധാനം എന്നിവയാണ് ട്രെയിനിലെ സുരക്ഷാ സന്നാഹങ്ങള്‍. 160 കിലോ മീറ്റര്‍ വരെ ഈ ട്രെയിനുകള്‍ക്ക് വേഗത കൈവരിക്കാന്‍ സാധിക്കും. എന്നാല്‍ ആദ്യ ഘട്ടത്തില്‍ ഇത്രയും വേഗതയില്‍ ട്രെയിന്‍ സര്‍വീസ് നടത്തില്ല.
സഹീബാബാദില്‍ നിന്നും ദുഹായ് ഡിപ്പോയിലേക്കുള്ള യാത്രയ്ക്ക് സ്റ്റാന്‍ഡേര്‍ഡ് ക്ലാസില്‍ 20 മുതല്‍ 50 രൂപ വരെയാണ് ടിക്കറ്റ് നിരക്കെന്ന് എന്‍സിആര്‍ടിസി അറിയിച്ചു. പ്രീമിയം ക്ലാസ് യാത്രയ്ക്ക് 100 രൂപ നല്‍കണം. 90 സെന്റി മീറ്ററില്‍ താഴെ വരെ ഉയരമുള്ള കുട്ടികള്‍ക്ക് ട്രെയിനില്‍ സൗജന്യ യാത്രയാണ്. സഹീബബാദില്‍ നിന്നും ദുഹായ് ഡിപ്പോയിലേക്കുള്ള പ്രീമിയം ക്ലാസ് യാത്രയ്ക്ക് ദൂരത്തിന്റെ അടിസ്ഥാനത്തില്‍ 40 മുതല്‍ 100 രൂപ വരെയാണ് നിരക്ക്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.