കോവിഡ് വാക്‌സിനേഷന്‍: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും നാളെ ഡ്രൈ റണ്‍

കോവിഡ് വാക്‌സിനേഷന്‍: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും നാളെ ഡ്രൈ റണ്‍

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാംഘട്ട കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിനുള്ള നാളത്തെ ഡ്രൈ റണിന്റെ (മോക് ഡ്രില്‍) ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 46 കേന്ദ്രങ്ങളിലായാണ് ഡ്രൈ റണ്‍ നടക്കുന്നത്. ജില്ലയിലെ മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രി, നഗര ഗ്രാമീണ ആരോഗ്യ കേന്ദ്രം എന്നിങ്ങനെയാണ് ഡ്രൈ റണ്‍ നടത്തുന്നത്.

രാവിലെ ഒൻപത് മുതല്‍ 11 മണി വരെയാണ് ഡ്രൈ റണ്‍. ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതമാണ് ഡ്രൈ റണ്ണില്‍ പങ്കെടുക്കുക. നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന് ഉള്‍പ്പെടെയുള്ള കോവിഡ് വാക്‌സിനേഷന്‍ നല്‍കുന്ന നടപടിക്രമങ്ങള്‍ എല്ലാം അതുപോലെ പാലിച്ചാണ് ഡ്രൈ റണ്‍ നടത്തുന്നത്. ജനുവരി രണ്ടിന് നാല് ജില്ലകളില്‍ ആറ് ആരോഗ്യ കേന്ദ്രങ്ങളിലായി വിജയകരമായി നടത്തിയ ഡ്രൈ റണ്ണിന് ശേഷമാണ് കേരളം എല്ലാ ജില്ലകളിലുമായി കോവിഡ് ഡ്രൈ റണ്‍ നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

എപ്പോള്‍ വാക്‌സിന്‍ എത്തിയാലും കേരളം കോവിഡ് വാക്‌സിനേഷന് സജ്ജമാണ്. കോവിഡ് വാക്‌സിനേഷനായി ഇതുവരെ 3,51,457 പേരാണ് രജിസ്റ്റര്‍ ചെയ്തത്. ആരോഗ്യ വകുപ്പിന് ലഭിച്ച 100 ശതമാനം പേരുടേയും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയിലെ 1,67,084 പേരും സ്വകാര്യ മേഖലയിലെ 1,84,373 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതുകൂടാതെ സാമൂഹ്യസുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതിയിലെ 400 ഓളം ജീവനക്കാരുടേയും കനിവ് 108 ആംബുലന്‍സിലെ 1344 ജീവനക്കാരുടേയും രജിസ്‌ട്രേഷന്‍ പുരോഗമിക്കുകയാണ്.

ലാര്‍ജ് ഐ.എല്‍.ആര്‍. 20, വാസ്‌കിന്‍ കാരിയര്‍ 1800, കോള്‍ഡ് ബോക്‌സ് വലുത് 50, കോള്‍ഡ് ബോക്‌സ് ചെറുത് 50, ഐസ് പായ്ക്ക് 12,000, ഒരിക്കല്‍ മാത്രം ഉപയോഗിക്കാന്‍ പറ്റുന്ന 14 ലക്ഷം ഓട്ടോ ഡിസേബിള്‍ ഡിസ്‌പോസബിള്‍ സിറിഞ്ചുകള്‍ എന്നിവ സംസ്ഥാനത്തെത്തിയിട്ടുണ്ട്. ഇവ ജില്ലാടിസ്ഥാനത്തില്‍ വിതരണം ചെയ്തുവരുന്നു. ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുള്ള എല്ലാ വിഭാഗം ആരോഗ്യ പ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, ആശ വര്‍ക്കര്‍മാര്‍, ഐ.സി.ഡി.എസ്. അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.